2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

സംഘ്പരിവാറിന് തിരിച്ചടി; കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍

ന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈപ്പിടിയിലാക്കിയ ശേഷം കേന്ദ്ര സാഹിത്യ അക്കാദമിയിലും സ്വാധീനം ഉറപ്പിക്കാനുള്ള സംഘ്പരിവര്‍്ര നീക്കം വിജയിച്ചില്ല. അക്കാദമിയുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ പിന്തുണയോടെ മത്സരിച്ചവര്‍ പരാജയപ്പെട്ടു.
അധ്യക്ഷനായി എഴുത്തുകാരനും ജ്ഞാനപീഠജേതാവുമായ പ്രൊഫ. ചന്ദ്രശേഖര കമ്പാറും ഉപാധ്യക്ഷനായി ഹിന്ദി കവി മാധവ് കൗശികും തെരഞ്ഞെടുക്കപ്പെട്ടു. ഒഡിഷ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാരജേത്രിയുമായ പ്രതിഭാറായിയെ മുന്നില്‍നിര്‍ത്തി അക്കാദമിയില്‍ ചുവടുറപ്പിക്കാനായിരുന്നു സംഘ്പരിവാര്‍ നീക്കം. 29നെതിരേ 56 വോട്ടിനാണ് കന്നഡ എഴുത്തുകാരനുമായ കര്‍ണാടക സ്വദേശി കമ്പാര്‍ വിജയിച്ചത്. കമ്പാറും മറാത്തി എഴുത്തുകാരന്‍ ബാല്‍ചന്ദ്ര നെമാഡെയുമാണ് പ്രതിഭക്കെതിരേ മത്സരിച്ചത്. ബാല്‍ചന്ദ്രയ്ക്ക് നാലുവോട്ട് ലഭിച്ചു. 10 വര്‍ഷത്തിലേറെയായി അക്കാദമി നിര്‍വാഹകസമിതിയിലുള്ള കമ്പാര്‍, 2013 മുതല്‍ അക്കാദമി ഉപാധ്യക്ഷനുമാണ്.
നിര്‍വാഹകസമിതിയിലെ മലയാള ഭാഷാ പ്രതിനിധിയായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവര്‍മ, കോണ്‍ഗ്രസിന്റെ സാംസ്‌കാരികമുഖമായ ബാലചന്ദ്രന്‍ വടക്കേടത്ത്, കാസര്‍കോട് കേന്ദ്ര സര്‍വകലാശാല എച്ച്.ഒ.ഡി എന്‍. അജിത്കുമാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഭരണത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കവി കെ.സച്ചിദാനന്ദന്‍ കഴിഞ്ഞവര്‍ഷം അക്കാദമി അംഗത്വം രാജിവച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.