
തലശ്ശേരി: എം.എസ്.എഫ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയിലെ അബ്ദുല്ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്, സംസ്ഥാനകമ്മിറ്റി അംഗം ടി.വി രാജേഷ് എം.എല്‍.എ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ടി. ഇന്ദിരക്ക് മുന്‍പാകെയാണ് 1472 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റകരമായ ഗൂഢാലോചനക്കുള്ള 120 (ബി) വകുപ്പാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. കൊല നടത്തുന്നത് അറിഞ്ഞിട്ടും പൊലിസിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കുമെതിരേ പുതുതായി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ക്കെതിരേയാണ് പുതുതായി സി.ബി.ഐ കുറ്റം ചുമത്തിയത്. നേരത്തേ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം സി.ജെ.എം കോടതി മടക്കി തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കാന് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ വാദംകേള്‍ക്കാന്‍ 14ന് വീണ്ടും കോടതി ചേരും. സി.ബി.ഐ ഓഫിസര്‍ വൈ. ഹരികുമാറാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.എം പ്രവര്‍ത്തകരായ പി.പി സുരേഷ്, കെ. ബാബു, സി.ബി വേണു, എ.വി ബാബു എന്നിവരാണ് ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട കേസിലെ മറ്റു പ്രതികള്‍.
ഇതോടെ കേസില്‍ ആറുപേര്‍ കൂടി ഷുക്കൂറിനെ കൊലചെയ്യാനുള്ള ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ടു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍വച്ചാണ് ഷുക്കൂറിനെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയാണ് പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരേ കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം കൊലക്കുറ്റം ചുമത്തിയത്. പുതുതായി 24 സാക്ഷികളെയും സി.ബി.ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ 33 പ്രതികളാണുള്ളത്. പി. ജയരാജന് 32ാം പ്രതിയും ടി.വി രാജേഷ് 33ാം പ്രതിയുമാണ്. 2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സി.പി.എം- മുസ്ലിംലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് അരിയിലെത്തിയ സി.പി.എം നേതാക്കളെ തടഞ്ഞുവെന്ന് ആരോപിച്ചാണ് കണ്ണപുരം കീഴറയില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ഷുക്കൂറിനെ കൊലപ്പെടുത്തുകയും ചെയ്തത്. ഷുക്കൂറിന്റെ മാതാവ് ആത്തിക നല്കിയ ഹരജിയെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം, കൊലക്കുറ്റം ചുമത്തിയതിനെതിരേ 14ന് ഹരജി നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന് കെ. വിശ്വന് അറിയിച്ചു.