2017 December 11 Monday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

ഷംന തസ്‌നീമിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഷംനാ തസ്‌നീമിന്റെ മരണം ഗുരുതരചികിത്സാപിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്. ഡോ.ജില്‍സ് ജോര്‍ജ്, ഡോ.കൃഷ്ണമോഹന്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

2016 ജൂലായ് 18നാണ് പനിക്ക് ചികിത്സതേടി ഷംന മെഡിക്കല്‍ കോളജിലെത്തിയത്. ഷംനയെ പരിശോധിച്ച ഡോക്ടര്‍ കുറിച്ചുനല്‍കിയ അലര്‍ജി സാധ്യത കൂടുതലുള്ള സെഫ്ട്രിയാക്‌സോണ്‍ എന്ന ആന്റിബയോട്ടിക്ക് കഴിച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ചികിത്സാപ്പിഴവുമൂലമാണ് ഷംന മരിച്ചതെന്ന ആരോപണം തുടക്കംമുതല്‍ ശക്തമായിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ജോയിന്റ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സമിതി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് അന്നത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് കൈമാറിയിരുന്നു.

ചികിത്സാപ്പിഴവ് ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ഷംനയുടെ കുടുംബം ആരോപിക്കുകയും ചെയ്തു.

സാധാരണ പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഷംന കുത്തിവയ്പ്പിനുശേഷം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പ്രവേശിപ്പിച്ച വാര്‍ഡില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും ചികിത്സ വൈകാന്‍ കാരണമായി.

20മിനിറ്റ് വൈകിയാണ് ഷംനയെ ഐ.സി.യുവിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായിരുന്നില്ല


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.