2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി.ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ക്ഷേത്രത്തില്‍ നിലവിലെ ആചാരം തുടരാമെന്നും കോടതി ഹൈക്കോടതി അറിയിച്ചു. 

ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ആ തീരുമാനത്തെ മരവിപ്പിച്ചാണ് ഹൈക്കോടതിയുടെ വിധി. ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും ഹൈക്കോടതി പറഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചുരിദാര്‍ ആചാര വിരുദ്ധമാണെന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാടിനേയാണ് ഹൈക്കോടതി ശരിവെച്ചത്.

അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പരാതിക്കാരിയും പറഞ്ഞു.

ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം എന്ന് കഴിഞ്ഞ ആഴ്ച എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവ് ഇറക്കിയിരുന്നു. തുടര്‍ന്ന് ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകളും സ്ത്രീകളടങ്ങിയ പ്രതിഷേധക്കാരുടെയും നേതൃത്വത്തില്‍ തടഞ്ഞിരുന്നു. പിന്നീട് ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്നായിരുന്നു നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്.

ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ റിയ രാജി നല്‍കിയ ഹര്‍ജിയിലാണ് ചുരിദാര്‍ മാത്രം ധരിച്ച് എത്താമെന്ന നിലപാട് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ അറിയിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍ സതീഷ് ഹിയറിങ്ങും നടത്തിയിരുന്നു. തുടര്‍ന്നാണ് ചുരിദാര്‍ ധരിക്കാമെന്ന ഉത്തരവും പിന്നാലെ വിവാദങ്ങളും അരങ്ങേറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.