2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ‘തീവ്രതയില്ലായ്മ’ മറികടക്കാനുള്ള ശ്രമം

ഫൈസല്‍ കോങ്ങാട്

പാലക്കാട്: ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബി.ജെ.പി കേന്ദ്രനേതൃത്വം ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ അവഗണിച്ചതിനു പ്രധാനകാരണം ശ്രീധരന്‍പിള്ളയുടെ തീവ്രതയില്ലാത്ത ഹിന്ദുത്വ നിലപാടാണെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗത്തിന്റെ വെളിപ്പെടുത്തല്‍.
പാര്‍ട്ടി തന്നില്‍ കാണുന്ന ‘തീവ്രതയില്ലായ്മ’ എന്ന പോരായ്മ മറികടക്കാനാണ് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രനുവേണ്ടി നടത്തിയ പ്രചാരണ സമ്മേളനത്തില്‍ വര്‍ഗീയ ചുവയോടെ സംസാരിച്ചതെന്നും പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട സംസ്ഥാന നേതാവ് പറഞ്ഞു. ശബരിമലവിഷയം ബി.ജെ.പി വലിയൊരു വൈകാരിക പ്രശ്‌നമായി ഉയര്‍ത്തികൊണ്ടുവന്നപ്പോഴെല്ലാം ശ്രീധരന്‍പിള്ളയൊഴികെ മറ്റ് നേതാക്കളെല്ലാം തീവ്രഹിന്ദുത്വനിലപാടുകളില്‍ ഉറച്ചുനിന്നായിരുന്നു പ്രതിഷേധങ്ങളെ നയിച്ചത്. സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍, കുമ്മനം എന്നിവരുടെ നിലപാടുകള്‍ക്കൊപ്പം എത്തുന്നതായിരുന്നില്ല ശ്രീധരന്‍പിള്ളയുടെ നീക്കങ്ങളും പ്രതികരണങ്ങളും.
മാത്രമല്ല ശ്രീധരന്‍പിള്ളയുടെ രഹസ്യ സ്വഭാവമുള്ള യോഗത്തിലെ പ്രസംഗ വിഡിയോ പുറത്തായതിലും ആര്‍.എസ്.എസ് പ്രതിഷേധം ഉയര്‍ന്നിരുന്നു. ആര്‍.എസ്.എസ് നേതൃത്വം പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ശ്രീധരന്‍പിള്ള അവരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ആര്‍.എസ്.എസ് നേതൃത്വം തന്നെയാണ് ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തിന് പാര പണിതതെന്നും അറിയുന്നു. ഇത് തിരിച്ചറിഞ്ഞാണ് പിള്ളയുടെ പുതിയ നീക്കങ്ങള്‍. സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെന്നുമാത്രമല്ല സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടപ്പെട്ടേക്കുമെന്ന സൂചനയുള്ളതുകൊണ്ടാണ് പിള്ള തീവ്രഹിന്ദുത്വത്തിലേക്ക് മാറുന്നത്.
അതേസമയം, പിള്ളയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നേരിടേണ്ടി വരുമെന്ന സാഹചര്യവും ശ്രീധരന്‍ പിള്ളയുടെ മുന്നിലുണ്ട്. പിള്ളയുടെ പ്രസംഗ വിഷയത്തില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടെന്നും വോട്ടുകിട്ടാന്‍ സാധ്യമായതെന്തും ജനങ്ങള്‍ക്കുമുന്നില്‍ പറയാമെന്നും ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വങ്ങളെ ഏതാനും ദിവസം മുന്‍പാണ് അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍പിള്ള നിലപാട് കടുപ്പിച്ച് സംസാരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തീവ്രഹിന്ദുത്വനിലപാടുകളിലൂന്നിയുള്ള പ്രതികരണങ്ങള്‍ തന്നെയാവും ശ്രീധരന്‍പിള്ളയില്‍ നിന്നുണ്ടാകുകയെന്നാണ് സൂചന.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.