2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശ്രീകൃഷ്ണനും ഇഖ്ബാലും

മുഷ്താഖ് കൊടിഞ്ഞി

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ലോകത്തിനു മാതൃകയാണ് മലപ്പുറം. സഹായത്തിന് പണംആവശ്യമുണ്ടോ; ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചായാലും അതിനു വഴികണ്ടെത്തും. മലപ്പുറത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഫുട്‌ബോള്‍ലഹരിയില്‍ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയുമെല്ലാം ഒരേവികാരത്തോടെ പന്തിനുപിന്നാലെ കുതിക്കുമ്പോള്‍ അനേകം ജീവിതങ്ങള്‍ക്ക് ആശ്വാസംതേടിയുള്ള കൂട്ടയോട്ടമാണത്.
കഷ്ടപ്പെടുന്നവന്റെ മുഖംനോക്കാതെ അവരുടെ കണ്ണീരൊപ്പുന്നവരാണ് മലപ്പുറത്തുകാര്‍. അതിന്റെ ഒരു ഉദാഹരണമാണ് വളാഞ്ചേരിക്കടുത്ത് മൂന്നാക്കല്‍ പള്ളിയില്‍നിന്നും വിതരണംചെയ്യുന്ന മതസൗഹാര്‍ദ്ദത്തിന്റെ അരിമണികള്‍.പള്ളിയിലേക്ക് നേര്‍ച്ചയായിലഭിക്കുന്ന അരിയാണ് ജാതി മത വേര്‍തിരിവില്ലാതെ മലപ്പുറം പാലക്കാട് ജില്ലകളിലെ 17,000ത്തോളം ആളുകള്‍ക്ക് നല്‍കിവരുന്നത്. പള്ളിക്കമ്മറ്റി നല്‍കുന്ന കാര്‍ഡ് മുഖേനയാണ് അരിവിതരണം. അരി ലഭിക്കാന്‍ മഹല്ലില്‍ താമസക്കാരനാകണമെന്നത് ആദ്യം മാനദണ്ഡമാക്കിയിരുന്നെങ്കിലും പിന്നീട് ലഭിക്കുന്ന അരിയുടെ തോത് വര്‍ധിച്ചപ്പോള്‍ വിതരണം പരിസരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 1972 മുതല്‍ രണ്ട് ചാക്ക് അരി നിര്‍ധനര്‍ക്ക് വിതരണംചെയ്തുതുടങ്ങിയ പദ്ധതിയാണ് ഇന്ന് ഒരേസമയം നാലായിരംചാക്ക് അരിയില്‍ എത്തിനില്‍ക്കുന്നത്.
മലപ്പുറം മണ്ണിലെ കുറ്റിപ്പുറം മിനിപമ്പയില്‍ സി.എം അക്ബര്‍കുഞ്ഞു, റാഫികുഞ്ഞു സഹോദരങ്ങളുടെ കരങ്ങളിലൂടെ ജീവിതത്തിലേക്ക് കരപറ്റിയ അയ്യപ്പഭക്തര്‍ നിരവധിയുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നടക്കം ഇതുവഴി ശബരിമലക്ക് പോകുന്ന തീര്‍ഥാടകരുടെ പ്രാര്‍ഥനയും, കുളിയും, ഭക്ഷണവും, വിശ്രമവും നിര്‍വഹിക്കാനുള്ള ഇടത്താവളമാണ് കുറ്റിപ്പുറം പാലത്തിനുസമീപം മല്ലൂര്‍ ശിവപാര്‍വ്വതി ക്ഷേത്രത്തോട് ചേര്‍ന്നുകിടക്കുന്ന ഭാരതപ്പുഴ. മുപ്പതടിയോളം താഴ്ചയും ശക്തമായ അടിയൊഴുക്കുമുള്ള ഇവിടെ അപകടങ്ങളും ആള്‍നാശവും പതിവായിരുന്നു. എന്നാല്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷാ കവചമൊരുക്കി അക്ബറും, റാഫിയും എല്ലായ്‌പ്പോഴും ഇവിടെത്തന്നെയുണ്ട്.
ഈ രക്ഷാപ്രവര്‍ത്തനത്തിനുപിന്നിലും മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രമുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഒഴുക്കില്‍പ്പെട്ട ഹൈന്ദവവിശ്വാസികളായ അമ്മയെയും മകളെയും രക്ഷപ്പെടുത്തിയത് ചാക്കാട്ടുമുക്കില്‍ മുഹമ്മദ് ആയിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തിയ മുഹമ്മദിന് പക്ഷേ പുഴ കരുതിവച്ചത് മരണമായിരുന്നു. ഇതോടെ നന്നംമുക്കിലെ ബാപ്പുഹാജി സംഭാവനചെയ്ത ഫൈബര്‍ വള്ളവുമായി മുഹമ്മദിന്റെ സഹോദരന്‍ കുഞ്ഞു ഇവിടെ രക്ഷകനായിമാറി. കുഞ്ഞുവിന്റെ മക്കളാണ് അക്ബറും, റാഫിയും.
സാംസ്‌കാരിക പൈതൃകത്തിനപ്പുറം മതസൗഹാര്‍ദ്ദത്തിന്റെ വിളനിലംകൂടിയാണ് തുഞ്ചന്‍ മണ്ണ്. കുഞ്ഞുനാവില്‍ ആദ്യാക്ഷരം കുറിക്കാനായി തുഞ്ചത്താചാര്യന്റെ ഭൂമിയിലെത്തുന്നവര്‍ക്കും ഇവിടെ മതമൈത്രിയുടെ മധുരം നുകരാനാകും. വിജയദശമിനാളില്‍ ഹരിശ്രീ കുറിക്കാനെത്തുന്ന കേരളത്തിലെ ഏറ്റവുംവലിയ സാംസ്‌കാരിക കേന്ദ്രമാണ് തുഞ്ചന്‍മഠം. വര്‍ഷാവര്‍ഷം ഇവിടെ ആദ്യാക്ഷരംകുറിക്കുന്ന ആറായിരത്തോളം കുരുന്നുകളെ സഹായിക്കാനെത്തുന്നതും പാല്‍വിതരണമടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും മുസ്‌ലിംയുവാക്കളാണ്.
കോട്ടക്കല്‍ പാലപ്പുറം മസ്ജിദിലെ മിമ്പറിനുമുണ്ട് മതമൈത്രിയുടെ കഥപറയാന്‍. ആര്യവൈദ്യശാല സ്ഥാപകന്‍ പി.എസ്. വാര്യരുടെ സംഭാവനയാണ് ഈ മിമ്പര്‍. പള്ളിയിലേക്ക് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ഒരിക്കല്‍ പി.എസ് വാര്യര്‍ പള്ളിഭാരവാഹികളോട് ചോദിച്ചത്രെ. പള്ളിയില്‍ ഭംഗിയുള്ള ഒരുമിമ്പറിന്റെ കുറവ് വാര്യരുടെ ശ്രദ്ധയില്‍പെടുത്തി. വാര്യരും പള്ളിക്കമ്മിറ്റിക്കാരും പൊന്നാനി പള്ളിയില്‍ പോയി അവിടത്തെ മിമ്പര്‍പോലെ ഒന്ന് ഈപള്ളിക്ക് നിര്‍മിച്ചുനല്‍കുകയാണുണ്ടായത്.
ശ്രീകൃഷ്ണജയന്തിക്കുവേണ്ടി പ്ലോട്ടുകള്‍തയാറാക്കുന്ന താനൂര്‍ കാട്ടിലങ്ങാടിസ്വദേശി ഹരിശ്രീ ഇഖ്ബാലും മലപ്പുറം മനസ്സിന്റെ നന്മയുടെ പ്രതീകമാണ്. മൂന്നുപതിറ്റാണ്ടായി ഇഖ്ബാലിന്റെ കരവിരുതിലൂടെയാണ് താനൂര്‍ ശോഭാപറമ്പ് അടക്കം ജില്ലയിലെ മിക്കശോഭയാത്രകളിലെയും പല പ്രധാനപ്ലോട്ടുകളും ഉടലെടുക്കുന്നത്.
താനൂര്‍ ബസ്‌സ്റ്റാന്റിനുസമീപം സെന്‍ട്രല്‍ ജുമാമസ്ജിദിലാണ് മതമൈത്രിയുടെ മറ്റൊരുകാഴ്ച. താനൂര്‍ സ്വദേശി വാക്കനപറമ്പില്‍ കുമാരന്റെ കൈ എത്താതെ ഒന്നിലും ഒരുതൃപ്തിവരില്ല ഈപള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക്. മുപ്പത് വര്‍ഷമായി പള്ളിയിലെ കാര്യസ്ഥപ്പണി മുഴുവന്‍ചെയ്യുന്നത് കുമാരനാണ്. പള്ളിവൃത്തിയാക്കല്‍, പായവിരിക്കല്‍, അംഗശുദ്ധിക്കുള്ള, ഹൗള് കഴുകി വെള്ളംസംഭരിക്കല്‍, ഖുര്‍ആന്‍ തുടച്ച് ഒതുക്കിവയ്ക്കല്‍ തുടങ്ങിയവയെല്ലാം കുമാരന്റെ ജോലിതന്നെ.പള്ളിയിലെ ജോലികള്‍ തീര്‍ത്തശേഷമേ കുമാരന്‍ മറ്റുജോലിയിലേക്ക് തിരിയൂ. ഈജോലികള്‍ ചെയ്തിരുന്ന ബാപ്പുട്ടി അസുഖബാധിതനായതോടെ മുപ്പത് വര്‍ഷംമുമ്പാണ് കുമാരന്‍ ഇത് ഏറ്റെടുത്തത്. ഇതിന് പ്രതിഫലം വാങ്ങാറില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കുമാരന്‍ ഇത് ചെയ്യുന്നതെന്നും പള്ളിമുതവല്ലി കുഞ്ഞിബാവുക്ക പറയുന്നു.
പരസ്പരമുള്ള തിരിച്ചറിവായിരിക്കാം ഇവിടെ വൃദ്ധസദനങ്ങളുടെയും, ആത്മഹത്യകളുടെയും എണ്ണം കുറയ്ക്കുന്നത്. അതാണ് തലമുറകള്‍ കൈമാറിവരുന്ന മതമൈത്രിയുടെ മലപ്പുറംമനസ്സ്.
(അവസാനിച്ചു)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.