2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

ശ്രമദാനമായി കിണര്‍ ശുചീകരിച്ചു

മാനന്തവാടി: വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കിണര്‍ വിദ്യാര്‍ഥികള്‍ ശ്രമദാനമായി ശുചീകരിച്ചു. വയനാട് എഞ്ചിനീയറിങ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റിലെ 10 ഓളം വിദ്യാര്‍ഥികളാണ് കിണര്‍ ശുചീകരിച്ചത്.
കണിയാരം പാലാകുളി വെള്ളിശ്ശേരി ജാനകിയുടെ വീട്ടിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ കണക്ഷനാണ് ഉണ്ടായിരുന്നത്. മൂന്ന് മാസം മുമ്പ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചെളിയും മണ്ണും നിറഞ്ഞ് കിടക്കുന്ന കിണറിന്റെ കാര്യം ഓര്‍മ്മയില്‍പ്പെട്ടത്. ജാനകിയും മകളും കിണര്‍ ശുചീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ശ്രമദാനമായി കിണര്‍ ശുചീകരിക്കാന്‍ രംഗത്തെത്തിയത്.
അബ്ദുല്‍ വാസിഹ്, ജിന്‍ഷാദ് പി.എം അബ്ദുല്‍ റഹ്മാന്‍, എന്‍.ബി അബിഷേക്, ബിന്‍ ഷിദ് ഉമ്മര്‍, ശ്രീകല, അന്ജന, കീര്‍ത്തന, ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.