2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ശ്രമദാനത്തിനിറങ്ങിയ യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു

 

കല്‍പ്പറ്റ: ഹര്‍ത്താല്‍ ദിനത്തില്‍ പൊതുനിരത്തിലെ കുഴിയടക്കാനിറങ്ങിയ യുവാക്കള്‍ക്ക് ലഭിച്ചത് കയ്‌പ്പേറിയ അനുഭവം.
കമ്പളക്കാട്-കല്‍പ്പറ്റ റോഡില്‍ ഭീമാകാരങ്ങളായ നിരവധി കുഴികളാണ് കഴിഞ്ഞ വര്‍ഷകാലത്ത് രൂപപ്പെട്ടത്. ഈ കുഴകളില്‍ വാഹനങ്ങള്‍ വീഴുന്നതും അവക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും നിത്യ സംഭവമായി തുടരുകയായിരുന്നു. ഇതേതുടര്‍ന്നാണ് കമ്പളക്കാട് പ്രദേശത്തെ ഒരുപറ്റം യുവാക്കള്‍ കുഴിയടക്കാനായി ഹര്‍ത്താല്‍ ദിനത്തില്‍ എത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ലാഭേച്ഛയില്ലാതെ ചെയ്തവരായിരുന്നു ഇവര്‍. എന്നാല്‍ കുഴികളടച്ച് കഴിയാറപ്പോഴേക്കും ഇിവര്‍ക്ക് പൊലിസിന്റെ പിടിവീണു. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് ഗതാഗത തടസം സൃഷ്ടിച്ചെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ കേസെടുത്തതും അഞ്ചുപേരെ അറസ്റ്റ് ചെയ്തതും. എന്നാല്‍ കുഴികളടക്കുന്നതിനെ ഇതുവഴി വന്ന ജില്ലാ പൊലിസ് മേധാവിക്ക് സേവനം ഇഷ്ടപ്പെടാത്തതാണ് കേസെടുക്കാന്‍ കാരണമെന്നാണ് കുഴിയടക്കാനിറങ്ങിയവര്‍ പറയുന്നത്.
കുഴിയടക്കുമ്പോള്‍ ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. അതിനിടെ ഒരു കല്ല്യാണ പാര്‍ട്ടിയുടെ വണ്ടികള്‍ ഇവിടെയെത്തിയിരുന്നു. ഇതിന് പിന്നിലായി എസ്.പിയുടെ വാഹനവുമെത്തി. എന്നാല്‍ എതിര്‍വശത്ത് നിന്ന് വാഹനങ്ങള്‍ കടന്നുപോകുകയായിരുന്നതിനാല്‍ കല്ല്യാണ പാര്‍ട്ടിയുടെ വാഹനങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്ന എസ്.പിയുടെ വാഹനം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് യുവാക്കള്‍ പറയുന്നത്. എന്നാല്‍ ഇത് അദ്ധേഹത്തെ പറഞ്ഞ് മനസിലാക്കാന്‍ തങ്ങള്‍ക്കായില്ലെന്നും അതിന് ഭാഷ തടസമായെന്നും ഇവര്‍ പറഞ്ഞു.
എസ്.പി സ്ഥലത്തിറങ്ങി കല്‍പ്പറ്റ പൊലിസിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ചാണ് കമ്പളക്കാട് സ്വദേശികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. എടക്കോടന്‍ മുഹമ്മദ് ജാസില്‍(27), അത്തിലന്‍ മുജീബ് റഹ്മാന്‍(34), മുക്കില്‍ വളപ്പില്‍ സിറാജുദ്ദീന്‍(23), ചെറുവനശേരി നഈം(31), പഞ്ചാര മുത്തലിബ്(29) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവര്‍ക്കും പിന്നീട് ജാമ്യം നല്‍കി. മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സാധിക്കാത്ത തരത്തില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് ഗതാഗത തടസം സൃഷ്ടിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നാണ് പൊലിസ് പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.