2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ശൈത്യകാല ഒളിംപിക്‌സില്‍ പ്രാര്‍ഥനയ്ക്കും ഹലാല്‍ ഭക്ഷണത്തിനും വിലക്ക്

റിയാദ്: കൊറിയയില്‍ അരങ്ങേറുന്ന ശൈത്യകാല ഒളിംപിക്‌സില്‍ മുസ്‌ലിം ആരാധനയ്ക്കും ഹലാല്‍ ഭക്ഷണത്തിനും വിലക്ക്. പ്രാര്‍ഥനയ്ക്കായി തയാറാക്കിയിരുന്ന പ്രാര്‍ഥനാഹാളിനു വിലക്കേര്‍പ്പെടുത്തിതായി വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഇസ്‌ലാം വിരുദ്ധരില്‍നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണു പ്രാര്‍ഥനാഹാളിനു വിലക്കേര്‍പ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊറിയന്‍ നഗരമായ പ്യോങ്ചാങ് പട്ടണത്തില്‍ ഒരുക്കിയിരുന്ന പ്രാര്‍ഥനാഹാളിനാണ് കൊറിയന്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ(കെ.ടി.ഒ) വിലക്ക്. ഇന്‍ഡോര്‍ ഗെയിംസ് നടക്കുന്ന വേളയില്‍ അധികൃതര്‍ക്കു കാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന കാരണം ഉയര്‍ത്തിക്കാട്ടിയാണു വിലക്ക്. ഒളിംപിക്‌സ് നടക്കുന്ന പ്യോങ്ചാങ്ങിലെ ഗാന്‍വോണിലുള്ള ഒരു മുസ്‌ലിം വിരുദ്ധ സംഘടന പ്രാര്‍ഥനാഹാള്‍ സജ്ജമാക്കിയതിനെതിരേ ഒപ്പുശേഖരണം നടത്തി അധികൃതര്‍ക്കു സമര്‍പ്പിച്ചിരുന്നു. 56,000ത്തിലധികം പേരാണ് ഇതില്‍ ഒപ്പുവച്ചത്. ഒളിംപിക്‌സില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥനകളില്‍നിന്നു മാറിനില്‍ക്കണമെന്ന് മറ്റൊരു ഇസ്‌ലാമിക വിരുദ്ധ സംഘടനയുടെ ഡയറക്ടര്‍ ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം, ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേ വേറെയും ഇസ്‌ലാമിക വിരുദ്ധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഒളിംപിക്‌സിനു വിവിധ മതങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുമെന്നു ചിന്തിക്കാനുള്ള ശേഷി കൊറിയന്‍ അധികൃതര്‍ക്കു നഷ്ടപ്പെട്ടുവെന്ന് കൊറിയന്‍ മുസ്‌ലിം ഫെഡറേഷന്‍ പ്രതിനിധി പ്രതികരിച്ചു. ഇവിടെ ഒരുക്കിയിരുന്ന പ്രാര്‍ഥനാമുറി മുസ്‌ലിംകള്‍ക്കു മാത്രമായിരുന്നില്ലെന്നും അതു വിവിധ മതവിഭാഗങ്ങള്‍ക്കു കൂടി ഉപയോഗിക്കാനായി തയാറാക്കിയിരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് 2016ല്‍ കൂടുതല്‍ ഹലാല്‍ ഭക്ഷണശാലകള്‍ തുറക്കാന്‍ കെ.ടി.ഒ ആവശ്യപ്പെട്ടിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.