2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ശേഷിപ്പ്

സുഹ്‌റ പടിപ്പുര

കുന്നിന്‍ ചെരിവില്‍നിന്ന് 

വിളിച്ചിറക്കിക്കൊണ്ടുപോയ
പെരുന്നാളിനെ,
അന്നത്തെ പെരുമഴയാണ്
കൂടെ ഒഴുക്കിക്കൊണ്ടുവന്ന
പാറക്കല്ലുകള്‍ക്കടിയിലിട്ട്
ഞെരിച്ചുകൊന്നത്.

ചിതറിത്തെറിച്ച
പ്രതീക്ഷകള്‍പോലെ,
പൊട്ടിനുറുങ്ങിപ്പോയ
കുപ്പിവളകള്‍ക്കൊപ്പം
ചെളിയില്‍ പുതഞ്ഞ
കുഞ്ഞുടുപ്പും,
കൈയിലെടുത്തിട്ടും
കള്ളയുറക്കം നടിച്ച പാവയെയും
കണ്ടെത്തിയത്
ഏറെ വൈകിയായിരുന്നു.

കണ്ടെടുക്കപ്പെട്ട ശേഷിപ്പുകളിലൊന്നിലും
പെരുന്നാള്‍ ചോറിന്റെ രുചിയോ
മൈലാഞ്ചിച്ചോപ്പോ
പുത്തനുടുപ്പിന്റെ ഗന്ധമോ
ഉണ്ടായിരുന്നില്ലത്രെ.

‘വിധിയുടെ വിളയാട്ടമാണിതെല്ലാ’മെന്ന്
ആരൊക്കെയോ പരിതപിക്കുമ്പോള്‍,
മുറിച്ചുതള്ളിയ മരങ്ങളുടെ
ആത്മാക്കളപ്പോഴും
കുന്നിന്‍ചെരിവിലൂടെ
ഗതികിട്ടാതലഞ്ഞുനടന്നിരുന്നു.

തിരിച്ചെടുക്കാന്‍ ബാക്കിയായൊന്നുമില്ലെന്ന
തിരിച്ചറിവോടെ,
തിരച്ചില്‍ അവസാനിപ്പിച്ച്
കുന്നിറങ്ങിയവരാണു കണ്ടത്,
അനക്കമറ്റ രണ്ടു കുഞ്ഞിക്കൈകള്‍,
മണ്ണില്‍നിന്നു പുറത്തേക്ക്
നീണ്ടുകിടക്കുന്നത്;
പെരുന്നാളിന്
മൈലാഞ്ചി ഇടാനെന്നപോലെ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.