2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ശുദ്ധമലയാളം എന്ന വിശുദ്ധ സ്വപ്‌നം

പ്രൊഫ. ഓമാനൂര്‍ മുഹമ്മദ് 9745664997

ലക്കം 136 ഞായര്‍ പ്രഭാതത്തില്‍ ശ്രീ. പി.കെ പാറക്കടവിന്റെ ‘മലയാളമേ’ എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ഹ്രസ്വമായ ആ ലേഖനം വായിച്ചപ്പോള്‍ യശശ്ശരീരനായ ശ്രീ. അഴീക്കോട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഖ പത്രത്തിലെഴുതിയ ‘മലയാളിക്ക് ഒരു ഭാഷ വേണ്ടേ?’ എന്ന ലേഖനമാണ് സ്മരണയില്‍ വന്നത്. മലയാളിയുടെ മാതൃഭാഷയായ മലയാളം സംസാരിക്കുമ്പോള്‍ അന്യഭാഷാ പദങ്ങളെ, പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളെ അമിതമായി കൂട്ടിക്കലര്‍ത്തി മലയാളത്തെ വികൃതമാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. അതിന് ഉദാഹരണമായി തന്റെ ഒരു സുഹൃത്ത് തന്നോട് നടത്തിയ ഒരു സംഭാഷണം അദ്ദേഹം ഉദ്ധരിച്ചു. സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞു: ”മൈ ബ്രദര്‍ ഇന്‍ ലോ ഇന്നത്തെ ഈവനിങ് ഫ്‌ളൈറ്റിന് നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്യും”. സുഹൃത്തിന്റെ ഈ ഭാഷണം കേട്ടപ്പോള്‍ അയാളുടെ മുഖത്ത് ശക്തമായി ഒന്നു പ്രഹരിക്കാനാണ് അഴീക്കോടിന് തോന്നിയത്. പക്ഷേ, അത് ശിക്ഷ ക്ഷണിച്ചുവരുത്തുന്ന നടപടിയാണല്ലോ എന്നോര്‍ത്തുമാത്രം അദ്ദേഹം ആ ഉദ്യമത്തില്‍ നിന്ന് പിന്‍വലിഞ്ഞു. അല്‍പം അത്യുക്തി കലര്‍ത്തിയ ഈ ഉദാഹരണത്തിലൂടെ മലയാളിയെ ശ്രീ അഴീക്കോട് ഉപദേശിച്ചത് മലയാളം സംസാരിക്കുമ്പോള്‍ ഭാഷയില്‍ കൃത്യമായ പദങ്ങളുള്ളപ്പോള്‍ അന്യഭാഷാ പദങ്ങള്‍ ഉപയോഗിച്ചുകൂടാ എന്നായിരുന്നു. പക്ഷേ, പ്രസ്തുത ലേഖനത്തില്‍ തന്നെ അദ്ദേഹം ഗവണ്‍മെന്റ്, പാര്‍ലമെന്റ്, പ്രോഗ്രാം, ഹൈജാക്ക് തുടങ്ങിയ പല ഇംഗ്ലീഷ് പദങ്ങളും ഏതാനും സംസ്‌കൃതപദങ്ങളും ഉപയോഗിച്ചത് ഒരു കൗതുകത്തിനു വേണ്ടി ഞാന്‍ എണ്ണിനോക്കുകയുണ്ടായി. ആ പദങ്ങള്‍ക്കെല്ലാം കൃത്യമായ മലയാളപദങ്ങളുണ്ടായിട്ടും സാധാരണമായിക്കഴിഞ്ഞ ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാണ് അറിയാതെയാണെങ്കിലും അഴീക്കോട് ഉപയോഗിച്ചത്.
പാറക്കടവിന്റെ മലയാളമേ എന്ന ലേഖനത്തില്‍ ഭാഷാമൗലികത എന്ന ഭാഷാഭ്രാന്തിനെ അദ്ദേഹം എതിര്‍ക്കുന്നുണ്ടെങ്കിലും സംസാരത്തില്‍ അന്യഭാഷാ പദങ്ങള്‍ അമിതമായി കുത്തിക്കയറ്റുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നുണ്ട്. ചിലരൊക്കെ മംഗ്ലീഷ് എന്ന് കളിയാക്കി വിളിക്കുന്ന ഒരു സങ്കരഭാഷ സൃഷ്ടിക്കുന്നതില്‍ സാരമായ പങ്കുവഹിക്കുന്ന നമ്മുടെ ചാനലുകളെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിനും ഇംഗ്ലീഷ് സ്വാധീനത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ആദ്യത്തെ വാചകത്തില്‍ തന്നെ ഉപയോഗിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് എന്നത് ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയുള്ള പ്രയോഗമാണ്. ‘ഭരണകൂട തിട്ടൂരം’ എന്ന പരിഭാഷയേക്കാള്‍ ഭംഗിയും ഗാംഭീര്യവും ‘സര്‍ക്കാര്‍ ഓര്‍ഡിനന്‍സി’നായിരിക്കുമെന്ന് അദ്ദേഹം കരുതിക്കാണും.
സ്‌കൂള്‍ പഠനം എന്നുപറയാതെ കലാലയ വിദ്യാഭ്യാസം എന്നു പറയാമായിരുന്നു.
അടുത്ത ഖണ്ഡികയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രണ്ടുതവണ ആവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം എന്നതിന് പകരം ഇംഗ്ലീഷ് മാധ്യമം എന്നാക്കാമായിരുന്നു. ഓഫിസിനു പകരം ആപ്പീസ് എന്നു കൊടുത്താലും കുറച്ചു മലയാളിത്തം കാണിക്കാമായിരുന്നു. വിവാഹമാര്‍ക്കറ്റില്‍ എന്നതിനു പകരം വിവാഹ കമ്പോളത്തില്‍ എന്നുതന്നെ എഴുതാമായിരുന്നു. എസ്.എം.എസ് ഭാഷയ്ക്ക് മലയാളം കണ്ടെത്താന്‍ ലേഖകന്‍ ശ്രമമൊന്നും നടത്തിക്കണ്ടില്ല. ചാനലുകളെ ‘തോട്’ എന്നു പരിഭാഷപ്പെടുത്താനും മുതിര്‍ന്നില്ല.
തമിഴന്റെയും ബംഗാളിയുടെയുമൊക്കെ മാതൃഭാഷാ സ്‌നേഹത്തെ ഏറെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പാഠപുസ്തകങ്ങളെടുത്ത് ഒന്നു മറിച്ചുനോക്കിയാല്‍ കാണാം അവയിലൊക്കെ ഇംഗ്ലീഷ് വാക്കുകളെ ഹിന്ദുവല്‍ക്കരിച്ചും തമിഴ്‌വല്‍ക്കരിച്ചുമൊക്കെ നടത്തിയ പ്രയോഗങ്ങളുടെ ആധിക്യം.
നമ്മുടെ മുഹ്‌യുദ്ദീന്‍ മാല തുടങ്ങിയ മാലപ്പാട്ടുകളില്‍ മലയാളവും ഹിന്ദിയും അറബിയും ഉറുദുവും സംസ്‌കൃതവുമൊക്കെ സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ട് എത്ര സുന്ദരമായ സംഗീതശില്‍പമാണ് പണിതിട്ടുള്ളത് ! ഇന്ന് ലോകത്തിലെ എല്ലാ ഭാഷകളും പദങ്ങള്‍ പരസ്പരം കൈമാറിയാണ് വളര്‍ച്ച പ്രാപിച്ചത്. മറ്റു ഭാഷകളില്‍ നിന്ന് ഒട്ടേറെ പദങ്ങള്‍ സ്വീകരിച്ചാണ് ഇംഗ്ലീഷ് ഭാഷ വളര്‍ന്നുവികസിച്ചത്. ഫ്രഞ്ച്, സ്‌കാന്‍ഡിനേവിയന്‍ തുടങ്ങിയ ഒട്ടുമിക്ക ഭാഷകളില്‍ നിന്നും ഇംഗ്ലീഷ് പദങ്ങള്‍ കടമെടുത്തിട്ടുണ്ട്. നമ്മുടെ കഞ്ഞിയും കറിയും ചട്ടിണിയും ചക്കയും മാങ്ങയും മസാലയും ചുരുട്ടും വെറ്റിലയും കയറും കൊപ്രയും പന്തലുമൊക്കെ ഇംഗ്ലീഷുകാര്‍ ഒരുമടിയും കൂടാതെ സ്വന്തമാക്കിയിട്ടുണ്ട്. അറബിയിലെ ശൈഖ് മാതയാണ് ഇംഗ്ലീഷിലെ ചെക്ക്‌മെയിറ്റായി പരിണമിച്ചത്. തമര്‍ഹിന്ദാണ് ടാമറിന്‍ഡായി മാറിയത്. തമിഴന്റെ മൊളക് തണ്ണി ഇംഗ്ലീഷില്‍ മുള്ളിഗാ ടോണിയായി മാറി. ഇങ്ങനെ ഒരുപാട് പദങ്ങള്‍ എടുത്തുദ്ധരിക്കാനുണ്ട്. ബ്രിട്ടീഷുകാര്‍ ഏതാണ്ട് രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചത് കൊണ്ട് അവരുടെ ധാരാളം പദങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ കടന്നുകൂടിയിട്ടുണ്ട്. മലയാളത്തില്‍ നൂറുകണക്കിന് ഇംഗ്ലീഷ് വാക്കുകള്‍ നാം മലയാളം പോലെ ഉപയോഗിക്കുന്നു. ബുക്ക്, പെന്‍, പേപ്പര്‍, പെന്‍സില്‍, ബോര്‍ഡ്, സ്ലെയിറ്റ്, സ്‌കൂള്‍, കോളജ്, യൂനിവേഴ്‌സിറ്റി, ഫീസ്, ഡിഗ്രി, സര്‍ട്ടിഫിക്കറ്റ്, ക്ലാസ്, ബെഞ്ച്, ഡസ്‌ക്, റോഡ്, ബസ്, കാര്‍, ലോറി, ജീപ്പ് തുടങ്ങി വേഗത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്തത്ര പദങ്ങള്‍ ഇംഗ്ലീഷുകാര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇവയൊക്കെ ഒഴിവാക്കി ശുദ്ധമലയാളം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് സാധ്യമല്ല. പാറക്കടവ് പറഞ്ഞപോലെ സ്വിച്ച് പോലെയുള്ള പദങ്ങള്‍ അപ്പടി നിലനിര്‍ത്തുന്നത് തന്നെയാണ് അഭികാമ്യം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ അന്യഭാഷാപദങ്ങള്‍ നീക്കം ചെയ്ത് ഇംഗ്ലീഷിനെ ശുദ്ധീകരിക്കാന്‍ വില്യം മോറിസിനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ ശ്രമം നടത്തിനോക്കിയിരുന്നു. ‘ഡിക്ഷ്‌നറി’ക്കു പകരം ‘വേര്‍ഡ്ബുക്ക്’ എന്ന് ഉപയോഗിക്കണമെന്ന് അദ്ദേഹം വാദിച്ചു. ‘മാന്വലി’നു പകരം ‘ഹാന്‍ഡ് ബുക്ക്’ എന്ന് പ്രയോഗിച്ചു. ‘പ്രിഫേസിന്’ പകരം ‘ഫോര്‍വേഡ്’ ആക്കി. പക്ഷേ, ശ്രമം വിജയം കണ്ടില്ല. ക്രമേണ മാന്വലും ഹാന്‍ഡ്ബുക്കും പ്രിഫേസും ഫോര്‍വേര്‍ഡുമൊക്കെ പര്യായപദങ്ങളായി ഭാഷയില്‍ നിലനില്‍ക്കുകയാണുണ്ടായത്.
ഭാഷ ആദ്യാന്തം ആശയവിനിമയത്തിനുള്ള മാധ്യമമാണ്. ഏറ്റവും ഫലപ്രദമായി എങ്ങനെ ആശയവിനിമയം നടത്താമെന്നതാണ് പ്രഥമമായും ഭാഷകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് ചിലപ്പോള്‍ അന്യഭാഷാ പദങ്ങളും പ്രയോജനപ്പെട്ടെന്നുവരും. എങ്കിലും അഴീക്കോട് ചൂണ്ടിക്കാണിച്ച ഉദാഹരണത്തിലെന്നപോലെ വാചകത്തിന്റെ ഘടനമാത്രം മലയാള ശൈലിയിലും പദങ്ങളധികവും വൈദേശികവും ആക്കുന്നത് ഭൂഷണമല്ലെന്നത് സമ്മതിക്കുക തന്നെ വേണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.