2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ശുക്കൂര്‍ വധക്കേസ്: ജയരാജനെയും ടി.വി രാജേഷിനേയും പ്രതി ചേര്‍ത്ത് സി.ബി.ഐ റിപ്പോര്‍ട്ട്

തലശ്ശേരി: എം.എസ്.എഫ് പ്രവര്‍ത്തകന്‍ തളിപ്പറമ്പിലെ അരിയില്‍ ശുക്കൂര്‍ വധക്കേസ് ഔദ്യോഗികമായി ഏറ്റെടുത്തുകൊണ്ട് സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് എറണാകുളം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ 32ാം പ്രതിയായും ടി.വി രാജേഷിനെ 33ാം പ്രതിയായും ചേര്‍ത്താണ് സി.ബി.ഐ സംഘം ഇന്നലെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ ഉത്തരവിട്ടത്. കൊല്ലപ്പെട്ട ശുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹരജി പരിഗണിച്ചാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിച്ച സമയത്ത് സി.ബി.ഐ ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ സി.ബി.ഐ പ്രതി ചേര്‍ത്തതിന്റെ ക്ഷീണം മാറുന്നതിന് മുന്‍േപയാണ് വീണ്ടും മറ്റൊരു കുരുക്ക് കൂടി വന്നത്.

കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ടി.വി രാജേഷിനെയും ശുക്കൂര്‍ കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്തതോടെ സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഗൂഢാലോചന കേസിലാണ് ഇരുവരെയും പ്രതി ചേര്‍ത്തിട്ടുള്ളത്.
ഇരുവരെയും പ്രതികളാക്കി പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും അറസ്റ്റ് ചെയ്യാനുള്ള അധികാരം അന്വേഷണ സംഘത്തിന് ലഭിക്കും. കതിരൂര്‍ മനോജ് കേസ് പോലെ അറസ്റ്റു ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തി വെക്കാന്‍ നിയമ പോരാട്ടത്തിന് സി.പി.എം നേതൃത്വം ഇറങ്ങേണ്ടി വരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.