2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ശിവസേന എം.പിയുടെ വിമാനയാത്രാ വിലക്ക്: ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍

വിലക്ക് നീക്കിയില്ലെങ്കില്‍ മുംബൈയില്‍നിന്ന് ഒരുവിമാനവും പറക്കില്ലെന്ന് ശിവസേനയുടെ ഭീഷണി

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ മലയാളി ജീവനക്കാരനെ ചെരിപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദിന് വിമാന കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെച്ചൊല്ലി ഇന്നലെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍.
വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ ശിവസേനാ അംഗങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളാണ് നാടകീയ സംഭവങ്ങളില്‍ കലാശിച്ചത്.സേനാ നേതാവ് കൂടിയായ കേന്ദ്രമന്ത്രി ആനന്ദ് ഗീതെ അടക്കമുള്ള പാര്‍ട്ടിയംഗങ്ങള്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ ഘെരാവോ ചെയ്തു.
കേന്ദ്രമന്ത്രിയുടെ ഇരിപ്പിടം വളഞ്ഞ ശിവസേന അംഗങ്ങള്‍ അദ്ദേഹത്തിന്റെ ഡസ്‌കിലടിച്ച് ബഹളംവച്ചു. രംഗം പന്തിയല്ലെന്നു കണ്ടതോടെ ബി.ജെ.പിയംഗങ്ങള്‍ ഗജപതി രാജുവിനു പിന്തുണയുമായി വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവര്‍ അനുനയിപ്പിക്കാനും ഗജപതി രാജുവിനെ സംരക്ഷിക്കാനും ശ്രമിച്ചെങ്കിലും സേനാ അംഗങ്ങള്‍ കുലുങ്ങിയില്ല. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, എസ്.എസ് ആലുവാലിയ എന്നിവരും ഗജപതി രാജുവിനെ സംരക്ഷിക്കാനെത്തി.
ആലുവാലിയ ശിവസേനാ അംഗങ്ങളെ തള്ളിമാറ്റി രാജുവിന് സുരക്ഷയൊരുക്കി സഭയുടെ പുറത്തേക്ക് കൊണ്ടുപോയി.ഇതിനു പിന്നാലെ ഭരണപക്ഷത്തെ ഒന്നാമത്തെയും രണ്ടാമത്തെയും കക്ഷികള്‍ തമ്മില്‍ വാക്കുപോരും മുറുകി. ബഹളം ശക്തമായതോടെ വിഷയം സ്പീക്കറുടെ ശ്രദ്ധയിലുമെത്തി.
എം.പിയുടെ യാത്രാവിലക്ക് നീക്കിയില്ലെങ്കില്‍ നാളെ മുതല്‍ ഒരൊറ്റ വിമാനവും മുംബൈയില്‍നിന്ന് സര്‍വിസ് നടത്തില്ലെന്നും കേന്ദ്രമന്ത്രി ഗീതെ അടക്കമുള്ള ശിവസേനാ അംഗങ്ങള്‍ ഭീഷണി മുഴക്കി. വിഷയത്തില്‍ കേന്ദ്രമന്ത്രി ഗജപതി രാജു ഇരുവിഭാഗവുമായി സംസാരിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് രാജ്‌നാഥ് സിങ് പിന്നീട് സഭയെ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ സഭാ അംഗങ്ങളോട് മാപ്പുപറയുന്നതായി രവീന്ദ്ര ഗെയ്ക്‌വാദ് ഇന്നലെ അറിയിച്ചു. എന്നാല്‍, എയര്‍ ഇന്ത്യാ ജീവനക്കാരോട് മാപ്പുപറയില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യാ ജീവനക്കാര്‍ തന്നെ അധിക്ഷേപിച്ചുവെന്നും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഈ മാസം പത്തിനു മുന്‍പ് വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പാര്‍ലമെന്റിനുപുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.