2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശിവസേനക്കാരെ വാടകയ്‌ക്കെടുത്തതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: കൊച്ചി മറൈന്‍ഡ്രൈവിലെ ശിവസേനക്കാരുടെ സദാചാരഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ പോര്‍വിളി.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. സഭാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയുടെ വക്കോളമെത്തിയതിനെ തുടര്‍ന്ന് സഭ ഒരുമണിക്കൂര്‍ നിര്‍ത്തിവച്ചു.
വിവാദപരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിനു ശേഷം അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാന്‍ തയാറാവാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണു മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരേ വിവാദപ്രസ്താവന നടത്തിയത്. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ഇതോടെ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി എഴുന്നേറ്റു. വി.ടി.ബല്‍റാം മുഖ്യമന്ത്രിക്കുനേരെ വിരല്‍ചൂണ്ടി ആക്രോശിക്കുന്നുണ്ടായിരുന്നു. ഉടന്‍ എ. പ്രദീപ്കുമാര്‍, കെ.രാജന്‍, ഐ.ബി. സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഭരണപക്ഷ അംഗങ്ങളും കുതിച്ചെത്തി. മുഖ്യമന്ത്രി ഭരണപക്ഷ അംഗങ്ങളെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തിനു നേരെ തിരിഞ്ഞു.
രൂക്ഷമായ വാക്കേറ്റവും പോര്‍വിളിയുമായി മുഖാമുഖം നിലയുറപ്പിച്ച അംഗങ്ങളെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ഇരുകൂട്ടരുമായി പ്രത്യേകം ചര്‍ച്ച നടത്തിയശേഷം സഭാനടപടികള്‍ പുനരാരംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു. എന്നാല്‍, ഇത് മുഖ്യമന്ത്രി തള്ളി.
നടുത്തളത്തിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണ്ടാല്‍ ശിവസേനക്കാരെ വാടകയ്‌ക്കെടുത്തതാണോയെന്ന് തോന്നുമെന്നാണ് താന്‍ പറഞ്ഞത്. ഒരംഗം തനിക്കുനേരെ വലിയതോതില്‍ ആക്രോശിച്ചു. ഇതിന് മുന്‍പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നയാള്‍ക്കു നേരെ ഇത്തരത്തിലുള്ള പ്രതിഷേധമുണ്ടായിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.