2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ശശികലക്കെതിരേ ആഞ്ഞടിച്ച് പനീര്‍ ശെല്‍വം; കലങ്ങിമറിഞ്ഞ് തമിഴകം

ചെന്നൈ: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ശശികല കടുത്ത സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലുമായി ഒ.പനീര്‍ശെല്‍വം. ഇന്നലെ രാത്രി 9.15 ഓടെ മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷമാണ് തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയത്.

തലൈവിയുടെ ആത്മാവ് തന്നോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എല്ലാം തുറന്നുപറയുന്നത്. തലൈവിയായിരുന്നു തന്നോടു മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത്. അമ്മ ആവശ്യപ്പെട്ടത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കാനാണ്.

എന്നാല്‍ താന്‍ മുഖ്യമന്ത്രിയാകുന്നതില്‍ ശശികല എന്നും അതൃപ്തയായിരുന്നു. മന്ത്രിസഭയില്‍ ശശികലയ്ക്കു സ്വാധീനമുള്ള ഒരംഗം വഴിയാണ് തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചത്. പാര്‍ട്ടി എം.എല്‍മാരുടെ യോഗം വിളിച്ചത് എന്റെ അറിവോടെയായിരുന്നില്ല.

ശശികലയ്ക്ക് അനുകൂലമായി തീരുമാനങ്ങള്‍ അട്ടിമറിച്ചത് തമ്പിദുരൈ ആണ്. പാര്‍ട്ടി പിളര്‍ത്താന്‍ തനിക്ക് ആഗ്രഹമില്ല. വേണ്ടിവന്നാല്‍ തനിച്ച് പോരാടും. അണ്ണാ ഡി.എം.കെയില്‍ ഗ്രൂപ്പ് വടംവലി ശക്തമാണെന്നും പനീര്‍ശെല്‍വം തുറന്നടിച്ചു.

പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലോടെ പിളര്‍പ്പിന്റെ വക്കിലാണ് എ.ഐ.എ.ഡി.എം.കെ. പനീര്‍ ശെല്‍വത്തിന് 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അറിയുന്നു. രാജി പിന്‍വലിക്കുമെന്നും ഇടക്കാല മുഖ്യമന്ത്രിയായി തുടരുമെന്നും പനീര്‍ശെല്‍വം അറിയിച്ചു. നൂറുകണക്കിന് അണികളോടൊപ്പമാണ് അദ്ദേഹം മറീനാ ബീച്ചിലെത്തിയത്. 45 മിനുട്ടോളം ജയലളിതയുടെ ശവകുടീരത്തില്‍ ധ്യാനനിരതനായി. അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു.

ചില സത്യങ്ങള്‍ പറയാനുണ്ട്. അമ്മ ആശുപത്രിയിലായതു മുതല്‍ നേതൃമാറ്റം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ധൃതി കാട്ടേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു. മധുസൂദനനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നായിരുന്നു നിര്‍ദേശം.ശശികലയുടെ സമ്മര്‍ദത്തെ തുടര്‍ന്നു റവന്യൂമന്ത്രി ആര്‍.ബി.ഉദയകുമാറാണ് തന്റെ രാജി ആവശ്യപ്പെട്ടത്. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നും ഉദയകുമാര്‍ പറഞ്ഞു.
ജയലളിത അന്തരിച്ചതിനു പിന്നാലെയാണ് ഒ.പനീര്‍ശെല്‍വം പകരക്കാരനായി തമിഴ്‌നാട് മുഖ്യമന്ത്രിയായത്. പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ജയലളിതയുടെ തോഴി ശശികലയുടെ വരവോടെ പനീര്‍ശെല്‍വം സ്ഥാനമൊഴിഞ്ഞു.

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്കും തീരുമാനിക്കപ്പെട്ടു.
ഇതിന് പിന്നാലെ ശശികലയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ അടുത്തയാഴ്ച വിധി പറയുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

അഴിമതിക്കേസില്‍ വിധി പറയാനിരിക്കെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. യഥാസമയം സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണറും വിസമ്മതിച്ചു. ഇതോടെ തമിഴ് രാഷ്ട്രീയത്തില്‍ അനിശ്ചിതാവസ്ഥ തുടങ്ങുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.