2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

  • അനുരാഗ് ഠാക്കൂര്‍, രാജീവ് ശുക്ല, ശരത് പവാര്‍ എന്നിവര്‍ക്ക് സാധ്യത

ന്യൂഡല്‍ഹി: ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ജഗ്മോഹന്‍ ഡാല്‍മിയയുടെ പകരക്കാരനായെത്തിയ മനോഹര്‍ സ്ഥാനമേറ്റെടുത്ത് ആറുമാസത്തിനകമാണ് രാജി വയ്ക്കുന്നത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് മനോഹറിന്റെ രാജിയെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ ഐ.സി.സിയിലെ ചെയര്‍മാന്‍ പദവി വഹിക്കുന്നതിനാല്‍ ഭിന്നതാല്‍പര്യം എന്ന ആരോപണം ഒഴിവാക്കാന്‍ മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനമൊഴിയുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായ രീതിയില്‍ മനോഹര്‍ സ്ഥാനമൊഴിഞ്ഞത് ബി.സി.സി.ഐയിലെ അംഗങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം മനോഹറിന് പകരക്കാരെ തേടുകയാണ് ബി.സി.സി.ഐ. നിലവിലെ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍, ഐ.പി.എല്‍ അധ്യക്ഷന്‍ രാജീവ് ശുക്ല, ശരത് പവാര്‍ എന്നീ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. അനുരാഗ് ഠാക്കൂറിനാണ് ഈ മൂന്നു പേരില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ആള്‍. മനോഹറുമായി ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ കൂടിയാണ് ഠാക്കൂര്‍. ഡാല്‍മിയ അധികാരത്തിലിരിക്കെ ബി.സി.സി.ഐയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തിയിരുന്നത് ഠാക്കൂറായിരുന്നു. ഡാല്‍മിയയുടെ മരണശേഷം മനോഹര്‍ വന്നപ്പോള്‍ ഭരണകാര്യത്തിലെ രണ്ടാമനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതും ഠാക്കൂറിന് ഗുണകരമായ കാര്യമാണ്. ലളിത് മോദിക്ക് ശേഷം ഐ.പി.എല്‍ അധ്യക്ഷ സ്ഥാനത്തെത്തിയ രാജീവ് ശുക്ല ഐ.പി.എല്ലിനെ മികവുറ്റതാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ അംഗങ്ങള്‍ക്കിടയില്‍ ഏറ്റവും ബഹുമാനമേറ്റുവാങ്ങുന്ന വ്യക്തി കൂടിയാണ് ശുക്ല. ശരത് പവാര്‍ ദീര്‍ഘകാലമായി ബി.സി.സി.ഐയിലെ നിര്‍ണായക ശക്തിയാണ്. മനോഹറിന്റെയും ഡാല്‍മിയയുടെയും തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പവാറിന് സാധിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.