2017 March 24 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

ശരീഅത്ത് ഭേദഗതി അനുവദിക്കില്ല: ഹനീഫ് കാശിഫി

അടിമാലി: ഇസ്‌ലാമിക ശരീഅത്ത് ദൈവികവും സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്നും അതില്‍ ഭേദഗതി അനുവദിക്കില്ലെന്നും എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് കാശിഫി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അടിമാലിയില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെയും ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെയും പ്രചരണ പരിപാടിയുടെ രണ്ടാംഘട്ടം കൂമ്പന്‍പാറയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഫാസിസ്റ്റ് ശ്രമം പരാജയപ്പെടുത്തണം. അധികാരത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള തന്ത്രമാണിതന്നും അദ്ദേഹം പറഞ്ഞു.
അടിമാലി റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹാറൂന്‍ ഫൈസി, അബ്ദുല്‍ അസീസ് മൗലവി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാന്‍ സഅദി, കൂമ്പന്‍പാറ മഹല്ല് പ്രസിഡന്റ് പരീത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ കബീര്‍ മൗലവി തൊടുപുഴ, പി.ഇ ഹുസൈന്‍, ഷമീര്‍ മന്നാനി, നിയാസ് ഫൈസി, ഇബ്രാഹിം ദാറാനി, നൈസാം അടിമാലി, നൗഫല്‍ റഹ്മാനി, വിവിധ മഹല്ലുകളിലെ ഇമാമുമാര്‍, സമസ്ത പോഷക സംഘടന പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു.