2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ശബരിമല: സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും കളികള്‍ അപകടകരമെന്ന് കെ.എം.ഷാജി

#അഹമ്മദ് പാതിരിപ്പറ്റ 
 
ദോഹ: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടുള്ള അപകടകരമായ കളിയാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എല്‍.എ. കുറ്റിയാടി മണ്ഡലം കെ.എം.സി.സി ‘മുഖദ്ദിമ’ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കോടതിവിധിക്കെതിരെ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമായിരുന്നുവെങ്കിലും കേരളത്തില്‍ ബിജെപിയുടെ സാധ്യതയ്ക്കുവേണ്ടി വിധിയെ വിവാദമാക്കുകയായിരുന്നു. വിശ്വാസത്തിനു മുകളില്‍ യുക്തിയെ പ്രതിഷ്ഠിക്കാന്‍ നോക്കിയാല്‍ വിജയിക്കില്ല.  അത്തരം ശ്രമങ്ങള്‍ അപകടരമാണ്. 
ഇന്ത്യയുടെ അവസാനവാക്കല്ല സുപ്രീംകോടതി. നിയമനിര്‍മാണസഭ തയാറാക്കുന്ന നിയമത്തെ വിശദീകരിക്കുകയെന്നതാണ് കോടതിയുടെ കര്‍ത്തവ്യം. ശബരിമല വിഷയത്തില്‍ ഇന്ദുമല്‍ഹോത്രയുടെ വിധിയാണ് കൂടുതല്‍ പ്രായോഗികം. ത്രിപുരയിലും ബംഗാളിലും ഇല്ലാതായ പാര്‍ട്ടിയെ കേരളത്തില്‍ പിടിച്ചുനിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയെ കോണ്‍ഗ്രസിനൊപ്പം വളര്‍ത്തുകയാണ് സിപിഎം ശ്രമം. അങ്ങനെ അധികാരത്തില്‍ തുടരാമെന്നാണ് അവര്‍ കരുതുന്നത്. 
 
ബിജെപിയെ ചൂണ്ടി ന്യൂനപക്ഷവോട്ട് സിപിഎമ്മിന് ലഭിക്കുന്നതിനുവേണ്ടിയുള്ള അപകടകരമായ കളിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും നടത്തുന്നത്. ബിജപിയെ വളര്‍ത്താന്‍ എല്ലാ സഹായവും ചെയ്യുന്നത് പിണറായിയാണ്. നവോത്ഥാന നായകരെപ്പറ്റി ഒരുചുക്കും പിണറായിക്ക്അറിയില്ല. രാത്രിയുടെ മറവില്‍ പോലീസിനെ ഉപയോഗിച്ച് യുക്തിവാദികളായ സ്ത്രീകളെ കയറ്റിയ പിണറായി കപട നവോത്ഥാന നായകനാണെന്നും കുറ്റപ്പെടുത്തി.
 
വനിതാമതിലില്‍  മുസ്ലീം സ്ത്രീകളെ പങ്കെടുപ്പിച്ച് ഇതരസമുദായക്കാരെ പ്രകോപിപ്പിക്കാനാണ് ശ്രമങ്ങളുണ്ടായത്. ഹിന്ദുമനസുകളില്‍ അപകടകരമായ ധ്രുവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.  
 
സംസ്ഥാന പ്രസിഡന്റ് എസ്.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് സുഹൈല്‍ റഹ്മാനി ഖിറാഅത്ത് നടത്തി. ‘മുഖദ്ദിമ’  സെന്റര്‍ ഫോര്‍ സോഷ്യല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് സ്വിച്ച് ഓണ്‍ കര്‍മ്മം കെ.എം.ഷാജി എംഎല്‍എ നിര്‍വ്വഹിച്ചു. പ്രഥമ അഡ്മിഷന്‍ കുറ്റിയാടി മണ്ഡലം മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.ടി.അബ്ദുറഹ്മാനില്‍ നിന്നും കെ.എം.സി.സി ഉപദേശകസമിതിയംഗം അഹമ്മദ് പാതിരിപ്പറ്റ സ്വീകരിച്ചു.സെന്ററിന്റെ ലോഗോ തയാറാക്കിയ അലി കെ.വാളോടിന് ഉപഹാരം നല്‍കി.  കെ.ടി.അബ്ദുറഹ്്മാന്‍,  കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. എം.പി.ശാഫി ഹാജി, കെ.കെ.മൊയ്തു മൗലവി, ഫൈസല്‍ അരോമ, അഷ്‌റഫ് കനവത്ത്, എം.പി.ഇല്യാസ് മാസ്റ്റര്‍ പങ്കെടുത്തു. കുറ്റിയാടി മണ്ഡലം പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷനായിരുന്നു. ശബീര്‍ മേമുണ്ട സ്വാഗതവും സല്‍മാന്‍ എളയടം നന്ദിയും പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.