2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ശബരിമല യുവതീപ്രവേശനം മുഖ്യപ്രചാരണ വിഷയമാകും

#അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: മൂര്‍ച്ച കൂട്ടിവച്ചിരുന്ന ശബരിമല ആയുധം തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും കച്ചകെട്ടി ഇരുന്നപ്പോഴാണ് കഴിഞ്ഞ ദിവസം ഇടിത്തീ പോലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ പ്രസ്താവന വന്നത്.
ശബരിമല വനിതാ പ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമാകും. ശബരിമല ഉയര്‍ത്തി വോട്ട് തേടേണ്ട.

ശബരിമല പ്രധാന പ്രചാരണ വിഷയമാക്കാമെന്നു പ്രതീക്ഷിച്ച ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ടിക്കാറാം മീണയുടെ നിലപാട് പ്രതിരോധത്തിലാക്കി. ശബരിമല മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സി.പി.എമ്മിന്റെ നിര്‍ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബി.ജെ.പി ഉന്നയിച്ചത്.

കേട്ടുകേള്‍വിയില്ലാത്ത നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടേതെന്ന് കോണ്‍ഗ്രസും പറഞ്ഞു. ബി.ജെ.പിയാകട്ടെ മീണയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അതില്‍ ഒന്നും പതറാതെ വീണ്ടും മീണ തന്റെ നിലപാട് വ്യക്തമാക്കി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കാന്‍ പാടില്ല.
എന്നാല്‍ പിന്നെ അതുതന്നെ അറിയണം. ഇന്നലെ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള തന്നെ നേരിട്ടെത്തി.

കോണ്‍ഗ്രസില്‍ നിന്നാകട്ടെ തമ്പാനൂര്‍ രവിയും. യോഗം തുടങ്ങിയപ്പോള്‍ തന്നെ ശബരിമല വിഷയത്തില്‍ ഏതു രീതിയില്‍ പ്രചാരണം നടത്താമെന്ന് നിലപാട് വ്യക്തമാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. എന്നാല്‍ പെരുമാറ്റച്ചട്ടം അടങ്ങിയ മാനുവല്‍ വായിച്ചാണ് മീണ അതിനു മറുപടി നല്‍കിയത്. അപ്പോള്‍ ക്രിമിനല്‍ വക്കീല്‍ കൂടിയായ ശ്രീധരന്‍ പിള്ളയുടെ ചോദ്യം.
മതസ്പര്‍ദ്ധ വളര്‍ത്തുന്നരീതിയിലോ ദൈവങ്ങളെ വച്ചോ വോട്ട് പിടിച്ചാലല്ലേ ചട്ടലംഘനമാകൂ എന്നും ശബരിമലയില്‍ നടന്ന മനുഷ്യവകാശ ലംഘനങ്ങള്‍ എങ്ങനെ മത സ്പര്‍ദ്ധ വളര്‍ത്തുമെന്നും. അവസാനം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ തന്നെ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാമെന്ന നിലപാടിലെത്തി.

ഇതോടെ ശബരിമല യുവതീപ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി.
ശബരിമലയിലെ ആചാരം, വിശ്വാസം എന്നിവ സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ കഴിയില്ലെന്നും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിനു തടസമില്ലെന്നും മീണ യോഗത്തില്‍ വ്യക്തമാക്കിയതോടെയാണ് ബി.ജെ.പി നേതാക്കള്‍ക്ക് ആശ്വാസമായത്. ശ്രീധരന്‍ പിള്ള കുറച്ചു നാളുകള്‍ക്കു മുന്‍പ് കോഴിക്കോട് ഒരു യോഗത്തില്‍ പറഞ്ഞതുപോലെ ബി.ജെ.പിക്കു കിട്ടിയ ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയാണല്ലോ ശബരിമല.
ശബരിമല വിഷയം മാത്രമാണ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ബി.ജെ.പി തയാറാക്കിയിരുന്ന മുഖ്യ അജന്‍ഡ. വിശ്വാസികളുടെ വോട്ട് പെട്ടിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി നോട്ടിസും തയാറാക്കിയിരുന്നു.

കൂടാതെ ബോര്‍ഡുകളും പോസ്റ്ററുകളും ശബരിമലയെ മുന്‍ നിര്‍ത്തിയാണ് ചെയ്യാന്‍ തീരുമാനിച്ചത്. കെ. സുരേന്ദ്രനെ ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്യുന്നതും നിലയ്ക്കലിലും മറ്റും നടന്ന സംഘര്‍ഷങ്ങളും യുവതികളെ പൊലിസ് സന്നിധാനത്ത് എത്തിക്കുന്ന ചിത്രങ്ങളും അടങ്ങിയ പോസ്റ്ററുകളാണ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതാണ് ഒരു രാത്രി കൊണ്ട് തകിടം മറിഞ്ഞത്.

മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്താല്‍ ഉള്ള വോട്ടും പെട്ടിയിലാകില്ലെന്ന് നല്ല ഉറപ്പുണ്ട് കേരളത്തിലെ ബി.ജെ.പിക്ക്. പത്തനംതിട്ട, തിരുവനനന്തപുരം, തൃശൂര്‍, കോട്ടയം എന്നീ സീറ്റുകള്‍ ഉറപ്പാക്കിയെന്നു പറയുന്നത് ശബരിമലയെ മുന്‍നിര്‍ത്തി തന്നെയാണ്.
ശബരിമല ചര്‍ച്ച ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് യോഗത്തിനു ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞത്.

പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നു ചര്‍ച്ച ചെയ്യുമത്രെ. അതായത് ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വിശ്വാസികളെ മുറിവേല്‍പ്പിച്ചുവെന്നായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.
പക്ഷെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറും വെറുതെയിരിക്കുമെന്നു തോന്നുന്നില്ല. നിരീക്ഷകര്‍ ബി.ജെ.പി നേതാക്കളുടെ പിന്നാലെയുണ്ടാകും. കൂടാതെ ഇടതുമുന്നണി അണികളും കൂടെയുണ്ടാ
കും. ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.