2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ശബരിമല: ഭരണഘടനയും മതവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ച 1995 ലെ കേരള ഹൈക്കോടതി വിധി ഇപ്പോഴത്തെ കേസിനെ ബാധിക്കില്ലെന്ന് സുപ്രിം കോടതി. ഈ കേസ് ഭരണഘടനയും മതവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലല്ല. ഇത് ഒരു വിഭാഗവും വ്യക്തി അവകാശവും തമ്മിലുള്ള തര്‍ക്കമാണ്. മൗലികാവകാശങ്ങള്‍ ഉറപ്പാക്കലാണ് ഭരണഘടനയുടെ 32ാം അനുച്ഛേദനത്തിന്റെ ലക്ഷ്യം. ഇത് പ്രകാരം നല്‍കിയ ഹരജിയെ ആ അര്‍ഥത്തില്‍ തന്നെ കാണുമെന്നും സുപ്രീം കോടതി പറഞ്ഞു.

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനം തടയുന്നത് ശരിയല്ലെന്നും ഇത് സ്ത്രീകളുടെ അന്തസിനുമേലുള്ള കടന്നുകയറ്റമാണെന്നും അമിക്കസ് ക്യൂറി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നതിനെതിരെയുള്ള ഹരജിയല്‍ സുപ്രീംകോടതി വാദം കേള്‍ക്കവെയാണ് കോടതി അഭിപ്രായം പ്രകടിപ്പിച്ചത്.

ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായപരിധിയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ സ്ത്രീകളെ തടയാനാവില്ലെന്ന് സുപ്രീംകോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി അഡ്വ. രാജു രാമചന്ദ്രന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച പരാതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന് വിടാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.