2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശബരിമല: പുനഃപരിശോധനാ ഹരജി പരിഗണിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച്

കെ.എ സലിം

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ, റിട്ട് ഹരജികള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാബെഞ്ച്. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴു ഭരണഘടനാപ്രശ്‌നങ്ങള്‍ മാത്രമാണ് പരിഗണിക്കുക. ശബരിമല പുനഃപരിശോധനാ ഹരജിയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രോഹിങ്ടന്‍ നരിമാന്‍ എഴുതിയ ന്യൂനപക്ഷ വിധി പരിഗണനയിലില്ലെന്നും കോടതി വ്യക്തമാക്കി.
വാദങ്ങള്‍ ഏകോപിപ്പിക്കാനും ആരൊക്കെ വാദിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനും ജനുവരി 17ന് കേസിലെ കക്ഷികളുടെ അഭിഭാഷകരുടെ യോഗം ചേരാനും കോടതി നിര്‍ദേശിച്ചു. വാദങ്ങളിലെ ആവര്‍ത്തനം ഒഴിവാക്കുക കൂടിയാണ് ലക്ഷ്യം. അഭിഷേക് മനു സിങ്‌വി, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ്, സി.എസ് വൈദ്യനാഥന്‍ എന്നീ മുതിര്‍ന്ന അഭിഭാഷകര്‍ യോഗം ഏകോപിപ്പിക്കണം. സുപ്രിംകോടതി സെക്രട്ടറി ജനറലും യോഗത്തില്‍ പങ്കെടുക്കണം.
വിവിധ മതാചാരങ്ങളുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹരജികള്‍ കോടതി ലിസ്റ്റ് ചെയ്യും. കോടതി പരിഗണിക്കാനിരിക്കുന്ന ഏഴു കാര്യങ്ങളില്‍ എന്തെങ്കിലും നവീകരണം ആവശ്യമുണ്ടോ, ഓരോ വിഷയത്തിനും എത്ര സമയത്തെ വാദം വേണം, അഭിഭാഷകര്‍ക്ക് എത്ര സമയം നല്‍കണം എന്നീ കാര്യങ്ങള്‍ യോഗം തീരുമാനിക്കണം. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
ശിരൂര്‍ മഠക്കേസ്, മുസ്‌ലിം സ്ത്രീകളുടെ ദര്‍ഗ- പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട കേസ്, അന്യമതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട കേസ്, ദാവൂദി ബോറകള്‍ക്കിടയിലുള്ള സ്ത്രീ കളെ ബാധിക്കുന്ന ആചാരങ്ങളുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയവയാണ് കോടതി പരിഗണിക്കുന്ന കേസുകള്‍. ഇതിലെ ഏഴു കാര്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക: 1, മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളും ലിംഗസമത്വം ഉറപ്പാക്കുന്ന 14ാം അനുച്ഛേദവും തമ്മില്‍ എങ്ങനെ പരസ്പരം പൊരുത്തപ്പെടുന്നു? 2, ഭരണഘടനയുടെ 25(1) അനുച്ഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കണം? 3, ധാര്‍മികത, ഭരണഘടനാ ധാര്‍മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ മുഖവുരയില്‍ പറഞ്ഞ വിശാല ധാര്‍മികതയാണോ അതോ മതവിശ്വാസത്തില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അത്? 4, ഒരു പ്രത്യേക ആചാരം മതത്തിലെ ഒഴിവാക്കാനാവാത്ത ഭാഗമാണോ, അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പുരോഹിതര്‍ക്കാണോ അധികാരമുള്ളത് ? 5, ഹിന്ദുക്കളില്‍ ഒരു വിഭാഗം എന്ന ഭരണഘടനയിലെ 25(2)(ബി)യിലെ പരാമര്‍ശത്തിന്റെ വ്യാഖ്യാനം. 6, ഭരണഘടനയുടെ 26ാം വകുപ്പ് പ്രകാരം മതാചാരങ്ങളിലെ ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ? 7, മതാചാരങ്ങളെ ചോദ്യം ചെയ്തുള്ള അതത് മതവിഭാഗങ്ങളില്‍ പെട്ടവരല്ലാത്തവരുടെ പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കേണ്ടതുണ്ടോ?
ഈ ചോദ്യങ്ങളില്‍ കോടതിയുടെ തീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ശബരിമല പുനഃപരിശോധനാ ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുക. അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് ശബരിമല പുനഃപരിശോധനാ ഹരജി സംബന്ധിച്ച് ബെഞ്ചില്‍ ചോദ്യങ്ങളുന്നയിച്ചത്. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളില്‍ ഭേദഗതി വേണമെന്ന ആവശ്യം അഭിഷേക് സിങ്‌വി ഉന്നയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എല്‍. നാഗേശ്വരറാവു, എം.എം ശാന്തനഗൗഡര്‍, എസ്.എ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങുന്നതാണ് ഭരണഘടനാ ബെഞ്ച്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.