2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ശബരിമല – നിയമസഭാ സമ്മേളനം – സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഓടിത്തളര്‍ന്ന് പൊലിസ്

സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തില്‍

#സുനി അല്‍ഹാദി

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശന വിവാദവും നിയമസഭാ സമ്മേളനവും ഇതിനിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവവുമെല്ലാം ഒന്നിച്ച് വന്നതോടെ ഓടിത്തളര്‍ന്ന് കേരളാ പൊലിസ്. ഉള്ള ആള്‍ശേഷിവച്ച് എല്ലായിടത്തും ഓടിയെത്താനാകാതെ വലയുകയാണ് പൊലിസ് സേന. ശബരിമലയില്‍ സുരക്ഷാ ഡ്യൂട്ടിക്ക് 5000 പേര്‍, നിയഭസഭ നടക്കുന്ന തിരുവനന്തപുരത്ത് സുരക്ഷക്കും മറ്റുമായി 800 പേര്‍, ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 700 പേര്‍. ദൈനംദിന ജോലികള്‍ക്ക് പുറമെ പൊലിസ് സേന ഈ ദിവസങ്ങളില്‍ ഏറ്റെടുക്കേണ്ടിവരുന്ന അധിക ചുമതലകളാണിത്. ഇതോടെ വിശ്രമംപോലുമില്ലാതെ ഓടിയലയുകയാണ് പൊലിസ് സേനയില്‍ താഴേത്തട്ട് മുതല്‍ മുകളിലുള്ളവര്‍വരെ. ഇതോടെ സിവില്‍ പൊലിസ് വിഭാഗത്തില്‍ പലരും ഊണും ഉറക്കവുമില്ലാതെ കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയും ചെയ്തു.
ശബരിമലയില്‍ സ്ത്രീപ്രവേശന വിവാദവും ക്രമസമാധാന പ്രശ്‌നങ്ങളും ഉടലെടുത്തത് മുതല്‍ ഒറ്റയടിക്ക് അയ്യായിരത്തോളം പേരെയാണ് നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പുല്ലുമേട്ടിലുമൊക്കെയായി വിന്യസിക്കേണ്ടിവന്നത്. മുന്‍വര്‍ഷങ്ങളില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് ഘട്ടം ഘട്ടമായാണ് പൊലിസിനെ വിന്യസിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തുടക്കത്തില്‍ തന്നെ വന്‍പൊലിസ് സന്നാഹത്തെ അവിടേക്ക് നിയോഗിക്കേണ്ടിവന്നു. ഇന്റലിജന്‍സും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെ ആകെ സേനയിലെ അംഗബലം 53,000പേരാണ്. ഇതില്‍ അയ്യായിരത്തോളം പേരെയാണ് ശബരിമലയില്‍ നിയോഗിച്ചിരിക്കുന്നത്.
ഡിസംബര്‍ 13വരെ തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനം നടക്കുകയാണ്. ശബരിമല പ്രശ്‌നവും ബന്ധുനിയമന വിവാദവും മറ്റുമായി സഭ സംഘര്‍ഷഭരിതമാണ്. ഒപ്പം, ബി.ജെ.പി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ നിരാഹാരവും പ്രക്ഷോഭവുമൊക്കെയായി സഭക്ക് മുന്‍പിലുണ്ട്. ഇതോടെ, തലസ്ഥാനത്ത് നിയമസഭാ സമ്മേളനകാലത്ത് സുരക്ഷയൊരുക്കാന്‍ മാത്രം 800 പൊലിസ് സേനാ അംഗങ്ങളെ നിയോഗിക്കേണ്ടിവന്നു. ഇതോടൊപ്പം ഡിസംബര്‍ 7, 8, 9 തിയതികളില്‍ ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുകയാണ്. ഇവിടേക്ക് സുരക്ഷക്കായി 700 പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം ഡ്യൂട്ടിക്ക് എ.ആര്‍ കാംപില്‍ നിന്നുള്ളവരെയാണ് നിയോഗിക്കാറ്. എന്നാല്‍, അവര്‍ മതിയാകാതെ വന്നതോടെ ഇക്കുറി വിവിധ പൊലിസ് സ്റ്റേഷനുകളിലുള്ളവരെയും നിയോഗിച്ചിട്ടുണ്ട്.
ഇതോടെ സ്റ്റേഷനുകളിലെ ദൈനംദിന ചുമതലകളും കേസന്വേഷണവുമെല്ലാം അവതാളത്തിലായി. പാറാവ്, ജി.ഡി തയാറാക്കല്‍, കോടതി ഡ്യൂട്ടി തുടങ്ങിയവയൊക്കെ അതാത് സ്‌റ്റേഷനുകളിലെ പൊലിസുകാരുടെ ദൈനംദിന ചുമതലയാണ്. എന്നാല്‍ ശബരിമലയിലേക്കും മറ്റും കൂടുതല്‍പേര്‍ പോയതോടെ ഇത്തരം ജോലികള്‍ ചെയ്യാന്‍ ആളില്ലാതായി. ഇടുക്കി ജില്ലയിലെ ശാന്തംപാറ സ്റ്റേഷനില്‍ ആകെ 31 പേരാണ് ഉള്ളത്. എന്നാല്‍ ഇതില്‍ 11 പേരെ ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റുസ്‌റ്റേഷനുകളിലെയും അവസ്ഥ മറിച്ചല്ല. ശബരിമലയില്‍ 15 ദിവസത്തേക്കാണ് ഓരോരുത്തരേയും നിയോഗിക്കുന്നത്. ഷിഫ്റ്റ് മാറുമ്പോള്‍ മൂന്ന് ദിവസം വിശ്രമം നല്‍കണമെന്ന് ഡി.ജി.പി തന്നെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഒരുദിവസംപോലും തങ്ങള്‍ക്ക് വിശ്രമം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് പൊലിസുകാര്‍ പറയുന്നു.
തിരിച്ചെത്തുമ്പോള്‍ സ്‌റ്റേഷനുകളില്‍ ജോലി കുന്നുകൂടികിടക്കുന്നുണ്ടാകും. മാത്രമല്ല കടുത്ത മാനസിക സമ്മര്‍ദമാണ് തങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതെന്നും ഇവര്‍ പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.