2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കില്ല

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനകാര്യത്തില്‍ ദേവസ്വം ബോര്‍ഡും അയഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യമൊരുക്കില്ലെന്നു ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തും പതിനെട്ടാംപടിയിലും വനിതാപൊലിസിനെയോ വനിതാ ജീവനക്കാരെയോ നിയോഗിക്കില്ല. പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീപ്രവേശനം നിരോധിച്ചു പമ്പയില്‍വച്ച ബോര്‍ഡു മാറ്റില്ല.
ഇന്നലെ മന്ത്രിസഭാ യോഗം കഴിഞ്ഞിറങ്ങിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രസിഡന്റ് നിലപാടു മാറ്റം അറിയിച്ചത്. വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനു പ്രത്യേക താല്‍പ്പര്യമോ താല്‍പര്യക്കുറവോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല. ശബരിമലക്കാര്യത്തില്‍ തന്ത്രിമാര്‍ പിതൃസ്ഥാനീയരാണ്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ അവരും ബാധ്യസ്ഥരാണ്. പത്മകുമാര്‍ പറഞ്ഞു.
പുനഃപരിശോധനാ ഹരജി നല്‍കില്ലെന്നും കോടതി വിധി നടപ്പാക്കുമെന്നമായിരുന്നു ഇതുവരെ ബോര്‍ഡിന്റെയും നിലപാട്. പ്രതിഷേധം ശക്തമാകുകയും എന്‍.എസ്.എസ് ഇടപെടുകയും ചെയ്തതോടെയാണു മലക്കം മറിഞ്ഞതെന്നാണു സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്‍.എസ്.എസ് പോലൊരു പ്രബലസമുദായത്തെ പിണക്കുന്നത് ശരിയല്ലെന്ന് ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ കടകംപള്ളി പറഞ്ഞതായാണ് അറിയുന്നത്.
അതിനിടെ ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഏത് മതങ്ങളിലെ ദേവാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.