2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശബരിമലയിലെ സ്ത്രീപ്രവേശം ഭരണഘടനാബെഞ്ചിന്

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാനായി ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അഞ്ചംഗ ഭരണഘടനാബെഞ്ചാവും കേസില്‍ വിശദവാദം കേള്‍ക്കുക.

ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതിന്റെ ഭരണഘടനാസാധുതയാവും പ്രധാനമായും ബെഞ്ച് പരിശോധിക്കുക. സ്ത്രീകള്‍ക്കുള്ള വിലക്ക് ഭരണഘടനയുടെ തുല്യാവകാശം, ലിംഗസമത്വം എന്നിവയുടെ ലംഘനമാകുമോ എന്നും പരിശോധിക്കും. ഇതിനൊപ്പം ക്ഷേത്രപ്രവേശന നിയമത്തിലെ വകുപ്പുകളും കോടതി വിലയിരുത്തും.

കേസിലെ ഇരുകക്ഷികളുടെയും അമിക്കസ്‌ക്യൂറിയുടെയും വാദങ്ങള്‍ കേട്ടശേഷമാണ് സുപ്രിംകോടതിയുടെ നടപടി. മേയിലും ജൂണിലും കേസ് പരിഗണിക്കുന്നതിനിടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട ചോദ്യങ്ങള്‍ കക്ഷികളോട് എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
കേസില്‍ എന്ന് വാദംകേള്‍ക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടില്ല. ബെഞ്ചിനെയും കോടതി പ്രഖ്യാപിച്ചിട്ടില്ല.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്.
വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2007ല്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി അധിക സത്യവാങ്മൂലവും കേരളം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മേയില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു പുതിയ സത്യവാങ്മൂലം നല്‍കി.
സര്‍ക്കാരിന് ഇത്തരത്തില്‍ സത്യവാങ്മൂലം മാറ്റാന്‍ സാധിക്കുമോ എന്നതും ഭരണഘടനാബെഞ്ച് പരിശോധിക്കും. ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ 11 വര്‍ഷമായി നീളുന്ന ഈ കേസിലെ വിധിവരാന്‍ ഇനിയും വൈകുമെന്ന് ഉറപ്പായി.ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതിയുടെ മുന്‍പാകെയുള്ളത്. കേസില്‍ കക്ഷിചേര്‍ന്ന ദേവസ്വം ബോര്‍ഡിന് പുറമെ, എന്‍.എസ്.എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സമാജം, ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് മേധാവിയുമായ രാജീവ് ചന്ദ്രശേഖര്‍, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം, റെഡി ടു വെയ്റ്റ്, അമിക്കസ് ക്യൂറിമാരില്‍ ഒരാളായ രാമമൂര്‍ത്തി തുടങ്ങിയവരും നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.
അമിക്കസ്‌കൂറിമാരില്‍ ഒരാളും ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന സംഘടനയും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുകയാണുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.