2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ശക്തമായ സഊദി വല്‍ക്കരണവും ബിനാമി അന്വേഷണവും; ആറു മാസത്തിനിടെ അടച്ചു പൂട്ടിയത് മുപ്പത് ശതമാനം കടകള്‍

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ശക്തമായ സഊദി വല്‍ക്കരണവും വിദേശി ബിനാമി ബിസിനസ് അന്വേഷണവും മൂലം അടച്ചു പൂട്ടിയ കടകളുടെ കണക്കുകള്‍ പുറത്തു വന്നു. ചെറുകിട മേഖലകളില്‍ വിദേശികള്‍ കയ്യടക്കിയിരുന്ന മുപ്പത് ശതമാനം കടകളാണ് ആറു മാസത്തിനുളില്‍ അടച്ചു പൂട്ടിയത്. ഇതോടെ ബിസിനസ്സ് മേഖലയിലെ ബിനാമി രംഗവും ഒഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിനാമി ബിസിനസ്സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തസ്തുര്‍ പദ്ധതി പ്രകാരമാണ് പ്രത്യേക പരിശോധനയിലൂടെ നിയമലംഘകരെ കണ്ടെത്തുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പ്രത്യേക കാമ്പയിന്റെ ഭാഗമായാണ് നടപടി.

സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. വിദേശികള്‍ നടത്തിയിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ സ്ഥാപനം നടത്തിപ്പിനായി സ്വന്തമായി നിക്ഷേപമിറക്കാന്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുന്നുണ്ട്. അതേ സമയം, ചെറുകിട മേഖലകളില്‍ മുപ്പത് ശാതമാനം കടകള്‍ അടച്ചത് ബിസിനസ് മേഖലയെ യാതൊരു രീതിയിലും ബാധിക്കില്ലെന്നും ഇത് വഴി സഊദികള്‍ക്ക് അവരുടെ സ്വന്തം ഷോപ്പുകള്‍ നടത്തുന്നതിനുള്ള അവസരം ഒരുങ്ങുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

സഊദിവത്ക്കരണ പരിശോധനകള്‍ വിപണിയിലെ 70 ശതമാനം ബിനാമികളെയും ഇല്ലാതാക്കുമെന്നാണു മാര്‍ക്കറ്റ് അവലോകകരുടെ കണക്ക് കൂട്ടല്‍. ബിനാമി സ്ഥാപനങ്ങളെ കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. സ്വദേശികള്‍ക്ക് അതേ ബിസിനസ്സ് നടത്താന്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്കുമുണ്ടാകും. സ്വന്തം ചിലവില്‍ കോടതിവിധി പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം വിദേശിയെ പിന്നീട് സഊദിയിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് നാട് കടത്തുകയും ചെയ്യും. അതേ സമയം നിരവധി കടകള്‍ അടച്ചത് മൂലം പ്രസ്തുത മേഖലകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരായ സൗദി യുവാക്കള്‍ ലഭ്യമാകാത്തത് ഒരു പ്രശ്‌നമാണെന്നും യുവാക്കളെ പരിശീലിപ്പിച്ച് എടുക്കേണ്ടതുണ്ടെന്നും സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ് കൊമേഴ്‌സ്യല്‍ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ വാസിഫ് കബലി അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News