2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വ്യോമയാന സുരക്ഷാ നിലവാരം നടപ്പിലാക്കുന്നതില്‍ ഖത്തര്‍ മുന്‍പന്തിയില്‍

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: വ്യോമയാന സുരക്ഷാ നിലവാരം നടപ്പാക്കുന്നതില്‍ ഖത്തര്‍ ലോകരാജ്യങ്ങളുടെ മുന്‍പന്തിയില്‍. ഐസിഎഒ (ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) കഴിഞ്ഞ ദിവസം പുറത്തുവിട്ട സേഫ്റ്റി ഓഡിറ്റ് റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഖത്തര്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബാഇ, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈസ അറാര്‍ അല്‍റുമൈഹി, എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്്‌റൂഇ, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ സംബന്ധിച്ചു.
സിവില്‍ ഏവിയേഷന്‍ സംവിധാനത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് കിട്ടിയ പിന്തുണ ലോക തലത്തില്‍ തന്നെ സുരക്ഷാ രംഗത്ത് നേട്ടമുണ്ടാക്കുന്നതിന് വലിയ തോതില്‍ സഹായിച്ചതായി അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍സുബാഇ പറഞ്ഞു.

വിമാനത്താവളങ്ങളില്‍ നിയമവിധേയമല്ലാത്ത ഇടപെടലുകള്‍ തടയുന്നതിനുള്ള അനക്‌സ് 17ലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഖത്തര്‍ 99.1 ശതമാനം സ്‌കോര്‍ നേടി. സേഫ്റ്റി മാനേജ്‌മെന്റ് നടപ്പാക്കുന്നതില്‍ 96.76 ശതമാനവും അനക്‌സ് 9 നടപ്പാക്കുന്നതില്‍ 100 ശതമാനവുമാണ് ഖത്തറിന്റെ സ്‌കോര്‍.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്്‌മെന്റ്, എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹമദ് വിമാനത്താവള മാനേജ്‌മെന്റ് എന്നിവയെല്ലാം ഈ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും സുരക്ഷിത വിമാനത്താവളങ്ങളിലൊന്നാണ് ഖത്തറിലെ ഹമദ് വിമാനത്താവളമെന്ന് ഐസിഎഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യോമഗതാഗത സുരക്ഷയില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഖത്തര്‍ കാട്ടുന്ന ശുഷ്‌കാന്തിയാണ് ഇതില്‍ തെളിയുന്നത്. 2012ല്‍ ലഭിച്ച 78.76 എന്ന സ്‌കോറാണ് ഖത്തര്‍ ഇപ്പോള്‍ 100 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
ഹമദ് എയര്‍പോര്‍ട്ടും നേരത്തേയുണ്ടായിരുന്ന ദോഹ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ മേഖലയിലും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

കെട്ടിടങ്ങളുടെ വലുപ്പം, യാത്രക്കാരുടെ എണ്ണം, സുരക്ഷാ സംവിധാനം, മാനുഷിക വിഭവങ്ങള്‍ തുടങ്ങിയവയിലെല്ലാം വലിയ വികസനമാണ് സാധ്യമായിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ ഈസ അറാര്‍ അല്‍റുമൈഹി പറഞ്ഞു. ഇത്തരം വികസനം ഉണ്ടാക്കുന്ന സുരക്ഷാ വെല്ലുവിളി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മറികടന്നത്. ഇതിന് പുതിയ നിരവധി സുരക്ഷാ ഉപകരണങ്ങളാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. ഇതില്‍ പലതും ഹമദ് എയര്‍പോര്‍ട്ടിലാണ് ലോകത്ത് ആദ്യമായി ഉപയോഗിക്കുന്നത്. വ്യക്തിഗത പരിശോധന, ലഗേജ് പരിശോധന തുടങ്ങിയവ ഇത്തരം യന്ത്രങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. ഇവ കാമറയുമായി ഘടിപ്പിച്ച് വ്യക്തമായ സുരക്ഷ ഉറപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.

മനുഷ്യ ഇടപടെല്‍ കൂടാതെ യാത്രക്കാരന് വിമാനത്തിനകത്ത് കയറുംവരെയുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തീകരിക്കുന്ന സ്മാര്‍ട്ട് ട്രാവലര്‍ സംവിധാനം അദ്ദേഹം എടുത്തു പറഞ്ഞു. മനുഷ്യവിഭവ ശേഷി കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് ബ്രിഗേഡിയര്‍ അല്‍റുമൈഹി പറഞ്ഞു. വിമാനത്താവളത്തിനകത്തെ സുരകഷാ നടപടികള്‍ കാര്യക്ഷമമാക്കുന്നതിന് ആയിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു. ഖത്തരി പൗരന്മാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇലക്ട്രോണിക് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 8.5 ലക്ഷം യാത്രക്കാരാണ് ഇഗേറ്റ് വഴി രജിസ്റ്റര്‍ ചെയതത്. യാത്രാ സംബന്ധമായ എല്ലാ നടപടികളും സുരക്ഷിതമാക്കുന്നതിനുള്ള ആധുനികവല്‍ക്കരണവും ത്വരിതഗതിയിലാണ് മുന്നേറുന്നത്.
എല്ലാ തരത്തിലുള്ള തട്ടിപ്പുകളും കണ്ടെത്താന്‍ കഴിയുന്ന രീതിയിലുള്ള യാത്രാ രേഖാ പരിശോധനാ സംവിധാനമാണ് പാസ്‌പോര്‍ട്ട് ഡിപാര്‍ട്ടമെന്റ് ഹമദില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് കേണല്‍ റാഷിദ് അല്‍മസ്‌റൂഇ പറഞ്ഞു. എല്ലാ തരത്തിലും രൂപത്തിലുമുള്ള പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയാവുന്ന വിധം ഡാറ്റാബേസ് നിരന്തരം നവീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐസിഎഒയില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമാണ്. ചിക്കാഗോ കണ്‍വെന്‍ഷന്‍ എന്നറിയപ്പെടുന്ന നിര്‍ദേശങ്ങളാണ് വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളങ്ങളും വ്യോമയാന കമ്പനികളും നടപ്പാക്കുന്നത്. ഈ ഫെബ്രുവരിയിലാണ് ഐസിഎഒ ഹമദ് വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News