2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വ്യാപനം രൂക്ഷമായിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലുമാണ് നിയന്ത്രണം കര്‍ശനമാക്കിയത്.
കണ്ടെയ്ന്‍മെന്റ് സോണുകളുടെ ഇടറോഡുകള്‍ ബാരിക്കേഡുകള്‍ വച്ച് പൊലിസ് അടയ്ക്കും. 24 മണിക്കൂറും പൊലിസ് പട്രോളിങ് കര്‍ശനമാക്കി. കണ്ടെയ്‌മെന്റ് സോണുകള്‍ ദേശീയ പാതയിലാണെങ്കില്‍ അര മണിക്കൂറിനുള്ളില്‍ വാഹനം സോണ്‍ കടന്നിരിക്കണം. ഇടയ്ക്കു വാഹനം നിര്‍ത്താനോ പുറത്തിറങ്ങാനോ പാടില്ല.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പൊലിസ് നിര്‍ദേശം പാലിക്കണം. കടകള്‍ തുറക്കാനുള്ള സമയം പൊലിസ് തീരുമാനിക്കും. മറ്റു കടകള്‍ തുറക്കാന്‍ പാടില്ല. ആള്‍ക്കൂട്ടം കര്‍ശനമായി നിരോധിക്കും. ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ല. തുറക്കുന്ന കടകളില്‍ സാമൂഹിക അകലം പാലിക്കണം. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുണ്ടാകുന്ന പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടോ എന്നു പരിശോധിക്കും. അതു സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. രോഗബാധിതരും അവരുടെ സമ്പര്‍ക്കങ്ങളും ഒരു പ്രദേശത്ത് എങ്ങനെയെന്നു മനസിലാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കടക്കാനും അവിടെ നിന്ന് ഇറങ്ങാനും ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍ അവിടേക്കുള്ള വരവും പുറത്തേക്കുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.
വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്നു കണ്ടെത്തി അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പൊസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്‌സിങ് നടത്തും. കണ്ടെയ്‌മെന്റ് സോണുകളില്‍ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സര്‍ജ് പ്ലാനും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നതു തൊട്ട് ആശുപത്രികളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ സര്‍ജ് പ്ലാനാണിത്.
തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകള്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. ഈ ജില്ലകള്‍ ഉള്‍പ്പെടെ എല്ലാ കണ്ടെയ്‌മെന്റ് സോണുകളിലും രാത്രികാല കര്‍ഫ്യൂ ശക്തമാക്കി. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനു വേഗം കൂടുന്നതിനാല്‍ സാമൂഹിക അകലം പാലിക്കലും റിവേഴ്‌സ് ക്വാറന്റൈനും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടസാധ്യത കൂടുതലുള്ളവരിലേക്കു രോഗം പടരുന്നതു തടയാനാണിത്. ആദ്യഘട്ടത്തില്‍ സമൂഹമൊന്നാകെ സ്വീകരിച്ചിരുന്ന മുന്‍കരുതലില്‍ അയവുവന്നതായി വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. രോഗബാധയുടെ എണ്ണം കൂടുകയും അതിനുസൃതമായി കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.