2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വ്യവസായ കുതിപ്പിന് മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്ക്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തോടൊപ്പം ഉയരാന്‍ ഒരുങ്ങി മട്ടന്നൂരിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്. മട്ടന്നൂരില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി വെള്ളിയാംപറമ്പില്‍ 140 ഏക്കര്‍ ഭൂമിയിലാണു കിന്‍ഫ്ര പാര്‍ക്ക് വരുന്നത്. ചെറുതും വലുതുമായ നിരവധി സംരംഭകരെ എത്തിക്കാന്‍ വിമാനത്താവളത്തിനു തൊട്ടടുത്ത വെള്ളിയാംപറമ്പിലെ വ്യവസായ പാര്‍ക്കിലൂടെ സാധിക്കും. പ്രവേശന കവാടവും ചുറ്റുമതിലും സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിമാനത്താവള പ്രവൃത്തിക്കൊപ്പം നീങ്ങിയെത്താന്‍ കിന്‍ഫയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ദ്രുതഗതിയില്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. 

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണു വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു തറക്കല്ലിട്ടത്. പദ്ധതിക്കായി 140 ഏക്കര്‍ സ്ഥലം കിന്‍ഫ്ര ഏറ്റെടുത്തു. എന്നാല്‍ തറക്കല്ല് മാത്രമായി വര്‍ഷങ്ങളോളം കിടക്കാനായിരുന്നു പദ്ധതിയുടെ വിധി. പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് മരംകൊള്ളയും മറ്റും വ്യാപകമായതോടെ നാലുവര്‍ഷം മുമ്പാണു സ്ഥലത്തിനു ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നാണു പ്രതീക്ഷ.

 

വ്യവസായത്തിന് 190 പ്ലോട്ടുകള്‍

കിന്‍ഫ്ര പാര്‍ക്കിനോട് ചേര്‍ന്നു വ്യവസായ വികസന മേഖലയ്ക്കായി 140 എക്കറുള്ള പദ്ധതി പ്രദേശം 190 പ്ലോട്ടുകളാക്കും. 25 സെന്റ് മുതല്‍ ഒരേക്കര്‍ വരെയുള്ള ഭൂമിയാണു വ്യത്യസ്ത പ്ലോട്ടുകളാക്കി തിരിക്കുക. റോഡ് ടാറിങ് പ്രവൃത്തി പൂര്‍ത്തിയാകുമ്പോഴേക്കും വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം.

 

13 കോടി ചെലവില്‍ റോഡ്

കിന്‍ഫ്ര പാര്‍ക്കിനകത്ത് 13 കോടി രൂപ ചെലവില്‍ റോഡ് പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ മെയില്‍ തുടക്കംകുറിച്ച റോഡ് നിര്‍മാണത്തില്‍ അഞ്ചുകിലോമീറ്ററാണ് പ്രവൃത്തി നടത്തുന്നത്. ആദ്യത്തെ 500 മീറ്റര്‍ 15 മീറ്റര്‍ വീതി വരുന്ന നാലുവരി പാതയും ബാക്കി 4.5 കിലോമീറ്റര്‍ ഏഴുമീറ്റര്‍ വീതിയില്‍ രണ്ടുവരി പതയുമാണു വരുന്നത്. നവംബര്‍ ആദ്യവാരത്തോടെ മെക്കാഡം ടാറിങ് പൂര്‍ത്തിയാക്കി നല്‍കാനാണു തീരുമാനം. ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല. അഞ്ചുകിലോമീറ്റര്‍ ദൂരംവരുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും.

 

വ്യവസായ പരിശീലനത്തിനു 300 കോടി

പാര്‍ക്കിലൂടെ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്റര്‍ പാര്‍ക്കിന് അനുബന്ധമായി തുടങ്ങാനും 300 കോടി രൂപാ ചെലവില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്കു വ്യവസായ പരിശീലനം നല്‍കും. കിന്‍ഫ്ര പദ്ധതിക്കൊപ്പം 107 കോടി രൂപ ചെലവില്‍ പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ്, റീസൈക്ലിങ്ങ് ഫാക്ടറി, ജലസംഭരണി, മറ്റു ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണു പദ്ധതി. കണ്ണൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്ക് പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയാല്‍ ജില്ലയിലെ വ്യവസായ വികസനത്തിന് അതു മുതല്‍ക്കൂട്ടാകും. നിരവധിപേര്‍ക്കു തൊഴില്‍ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.