2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

വോട്ടെണ്ണല്‍: സംസ്ഥാനത്ത് അക്രമങ്ങള്‍ക്ക് സാധ്യത

ഫൈസല്‍ കോങ്ങാട്

പാലക്കാട്: ഈ മാസം 23ന് വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
11 മണ്ഡലങ്ങളിലാണ് സംഘര്‍ഷസാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷസാധ്യത ചൂണ്ടിക്കാണിക്കുന്നത്.
പത്തനംതിട്ടയില്‍ കൊലപാതകംവരെ നടക്കാവുന്ന തരത്തില്‍ പ്രധാന പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശത്രുതയും ആക്രമണ-പ്രത്യാക്രമണ ഒരുക്കങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രാഷ്ട്രീയവൈരം പാരമ്യത്തില്‍ നില്‍ക്കുകയാണ്. വാതുവെപ്പ് സംഘങ്ങളും പത്തനംതിട്ടയില്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി-സി.പി.എം, ലീഗ്-സി.പി.എം, കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷത്തിനാണ് സാധ്യതയെന്ന് ഇന്റലിജന്‍സ് വിലയിരുത്തുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരത്ത് നിന്നാരംഭിക്കുന്ന ഉരസലുകള്‍ പിന്നീട് മാര്‍ക്ക് ചെയ്ത് വച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് നീങ്ങുമെന്നും ഇത് വലിയതോതിലുള്ള സംഘട്ടനങ്ങളായി മാറുമെന്നുമാണ് മുന്നറിയിപ്പ്.
പത്തനംതിട്ടയില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പലമേഖലകളിലും ആയുധങ്ങള്‍ സംഭരിച്ചതായി വിവരമുണ്ട്. പാലക്കാട് മണ്ഡലത്തിനുകീഴില്‍ വരുന്ന കഞ്ചിക്കോട്, മലമ്പുഴ, അകത്തേത്തറ, ഷൊര്‍ണൂര്‍, ആലത്തൂര്‍ മണ്ഡലത്തില്‍പ്പെടുന്ന കൊല്ലങ്കോട് അംബേദ്ക്കര്‍ കോളനി, മുതലമട, പെരുമാട്ടി, പട്ടഞ്ചേരി ഉള്‍പ്പടെയുള്ള പഞ്ചായത്തുകള്‍, ആലത്തൂര്‍ ടൗണ്‍, പെരുവെമ്പിന്റെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ സംഘര്‍ഷത്തിന് സാധ്യതയുണ്ട്.

കാസര്‍കോട് നഗരം, കണ്ണൂര്‍ ജില്ല മുഴുവനായും വടകരയിലും അക്രമങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. പൊന്നാനിയിലും തിരുവനന്തപുരത്തും തീരമേഖലകളിലാണ് സംഘര്‍ഷസാധ്യതാ മുന്നറിയിപ്പുള്ളത്. വോട്ടെടുപ്പ് ദിവസം സംസ്ഥാന പൊലിസ് സേനക്ക് പുറമെ അയല്‍സംസ്ഥാനങ്ങളിലെ സായുധസേനാംഗങ്ങളും നിറഞ്ഞുനിന്നതുകൊണ്ട് കാര്യമായ സംഘര്‍ഷങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, രാജ്യമൊട്ടാകെ ഒരുദിവസം വോട്ടെണ്ണുന്നതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങള്‍ സംസ്ഥാനത്ത് സേവനത്തിനുണ്ടാകില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.