2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

വോട്ടിന് പണം: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡ്

കോയമ്പത്തൂര്‍: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ പണം നല്‍കുന്നതായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്‌ക്വാഡിനോടൊപ്പം ആദായനികുതി ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഇറങ്ങി. ഇതുവരെ 42 കോടി രൂപ പിടികൂടിയതായി തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലക്കാനി അറിയിച്ചു. ഡി.എം.കെ, ബി.ജെ.പി, കോണ്‍ ഐ, സി.പി.എം, സി.പി.ഐ സംഘടനകളാണ് ആരോപണം ഉന്നയിച്ചത്.

കരൂരില്‍ മന്ത്രി നത്തം വിശ്വനാഥന്റെ ബന്ധുവായ അന്‍പുനാഥന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ അഞ്ചു കോടി രൂപ പിടിച്ചെടുത്തു. ഇവിടെ നിന്നു കഴിഞ്ഞ 15 ദിവസത്തില്‍ 500 കോടി രൂപ വിതരണം ചെയ്തതിന്റെ രേഖകളും നോട്ടെണ്ണുന്ന 22 യന്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. ഒരു ആംബുലന്‍സ് വഴിയാണ് പണം തമിഴ്‌നാടിന്റെ മിക്ക ജില്ലകളിലേക്കും എത്തിച്ചതെന്നു അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ആംബുലന്‍സും കസ്റ്റഡിയിലെടുത്തു. ആദായനികുതി ഡെപ്യൂട്ടി ഡയറക്ടര്‍ മണികണ്ഠന്‍, കരൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് വന്ദിത പാണ്ഡെ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥന്‍ ജഗദീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അന്‍പുനാഥന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഇവിടെ രണ്ട് തമിഴ്‌നാട് മന്ത്രിമാര്‍ ഇടയ്ക്കിടെ വന്നുപോയതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

കരൂരിലെ അന്‍പുനാഥന്റെ വീട്ടില്‍ നടന്ന പരിശോധ ജില്ലാ കലക്ടര്‍ രാജേഷ് സ്ഥിരീകരിച്ചു. ജില്ലാ കലക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് റെയ്ഡ് വിവരം ശരിയാണെന്നു കലക്ടര്‍ പറഞ്ഞത്. അന്‍പുനാഥന്റെ ബംഗ്ലാവില്‍ നിന്നു 4.85 കോടി രൂപ പിടിച്ചെടുത്തതായി കലക്ടര്‍ പറഞ്ഞു. ഇതിനു പുറമെ പണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച ആംബുലന്‍സ്, നാല് ലക്ഷ്വറി കാറുകള്‍, 22 നോട്ടെണ്ണല്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തതായി കലക്ടര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ മറ്റു കാര്യങ്ങള്‍ പറയാന്‍ കലക്ടര്‍ വിസമ്മതിച്ചു. അന്‍പുനാഥന്റെ വീട്ടിലും ഗോഡൗണിലും വ്യാപകമായ പരിശോധന നടത്തിയ അധികൃതര്‍ ഞെട്ടിക്കുന്ന രേഖകള്‍ കണ്ടെടുത്തതായിട്ടാണ് വിവരം. അണ്ണാ ഡി.എം.കെയിലെ ചില പ്രമുഖരായ നേതാക്കളുടെ വീടുകളും നിരീക്ഷണത്തിലാണ്.

തമിഴ്‌നാട്ടില്‍ ഭരണകക്ഷിക്കു അനുകൂലമായി പ്രവര്‍ത്തിച്ച നാല് ജില്ലാ കലക്ടര്‍മര്‍, അഞ്ച് ജില്ലാ പൊലിസ് സൂപ്രണ്ടുമാര്‍, അഞ്ച് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെ 18 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റി. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇവരെ മാറ്റിനിര്‍ത്താന്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ രാജേഷ് ലക്കാനി ഉത്തരവിട്ടു.

സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് തമിഴിശയ് സൗന്ദരരാജന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോടു ആവശ്യപ്പെട്ടു. ടി.പി.സി.സി(ഐ) പ്രസിഡന്റ് ഇളങ്കോവനും, ഡി.എം.കെ നേതാവ് എം കരുണാനിധിയും ഇതേ ആവശ്യം ഉന്നയിച്ചു. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കരൂര്‍ സംഭവം ഏറ്റുപിടിച്ചതോടെ അണ്ണാ ഡി.എം.കെ. ഒറ്റപ്പെട്ട നിലയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.