2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വോട്ടിങ് മെഷിന്‍ പലയിടത്തും പണിമുടക്കി

കണ്ണൂര്‍: ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും വി.വി പാറ്റ് വോട്ടിങ് മെഷീന്‍ പണിമുടക്കിയത് വോട്ടര്‍മാരെ കുഴക്കി. പലബൂത്തുകളിലും രാവിലെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പോളിങ് ആരംഭിച്ചത്. വി.വി പാറ്റിന്റെ തകരാറാണ് മിക്കയിടത്തും വില്ലനായത്. കക്കാട് കോര്‍ജാന്‍ എല്‍.പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 150ല്‍ വി.വി പാറ്റിന്റെ തകരാറ് കാരണം ഒന്നര മണിക്കൂര്‍ വൈകിയാണ് പോളിങ് തുടങ്ങിയത്. രണ്ടുതവണ മെഷീന്‍ മാറ്റിയിട്ടും ഒടുവിലാണ് വി.വി പാറ്റാണ് വില്ലനായതെന്ന് മനസിലായത്.
കാടാച്ചിറ എല്‍.പി സ്‌കൂളിലെ 101ല്‍ പോളിങ് തുടങ്ങി രണ്ടുവോട്ട് ചെയ്തയുടന്‍ വോട്ടിങ്‌മെഷീന്‍ തകരാറിലായി. ഒരുമണിക്കൂറിന് ശേഷമാണ് പോളിങ് പുനരാരംഭിക്കാനായത്. എളയാവൂര്‍ യു.പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 80ല്‍ 25 മിനിറ്റ് കഴിഞ്ഞാണ് പോളിങ് ആരംഭിച്ചത്. മട്ടന്നൂര്‍ പാലോട്ടുപള്ളി എന്‍.ഐ.എസ് എല്‍.പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 48ല്‍ 272 പേര്‍ പോള്‍ ചെയ്യുമ്പേഴേക്കും വി.വി പാറ്റ് തകരാറിലായി. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വെസ്റ്റ് എല്‍.പി സ്‌കൂളിലെ 39ാം നമ്പര്‍ ബൂത്തില്‍ അര മണിക്കൂറോളം വോട്ടെടുപ്പ് വൈകി. വോട്ടിങ് യന്ത്രത്തിലെ കൈപ്പത്തി ചിഹ്നം അമര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പാപ്പിനിശ്ശേരി എല്‍.പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 47ല്‍ ഒരു മണിക്കൂറോളം തടസപ്പെട്ടു. മോക്ക് പോള്‍ നടത്തിയപ്പോള്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുതിയ യന്ത്രം എത്തിച്ച ശേഷമാണ് പോളിങ് പുനരാരംഭിച്ചത്. ആറോണ്‍ യു.പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 45ല്‍ വി.വി പാറ്റ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് പോളിങ് ഒരു മണിക്കൂറോളം തടസപ്പെട്ടു. മൊറാഴ എ.യു.പി സ്‌കൂളിലെ 105, 106 ബൂത്തുകളില്‍ തിരിച്ചറിയില്‍ രേഖ നോക്കാതെ പാര്‍ട്ടിക്കാര്‍ നല്‍കിയ സ്ലിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്‌തെന്നും ഇതിനെതിരെ പ്രിസൈഡിങ് ഓഫിസറോട് പരാതിപ്പെട്ടെങ്കിലും നടപടിയും സ്വീകരിച്ചില്ലെന്നും യു.ഡി.എഫ് ആരോപിച്ചു.
പേരാവൂര്‍ പഞ്ചായത്തിലെ നമ്പിയോട് 126ാം നമ്പര്‍ ബൂത്തിലും കേളകം പഞ്ചായത്തിലെ 140ാം ബൂത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് പോളിങ് വൈകി. കണ്ണൂര്‍ ഗവ. ടൗണ്‍ എച്ച്.എസ്.എസിലെ ബൂത്തില്‍ മേല്‍ക്കൂരയുടെ സീലിങ് പൊട്ടിവീണു. ക്രമീകരണങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായതിനാല്‍ നാശനഷ്ടങ്ങളില്ല. ശ്രീകണ്ഠപുരം കോട്ടൂര്‍ 113ാം ബൂത്തില്‍ മൂന്നു മെഷീന്‍ തകരാറിലായി. മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയ പിണറായി ആര്‍.സി അമല ബേസിക് യു.പി സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് അല്‍പസമയം വോട്ടെടുപ്പ് തടസപ്പെട്ടു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ ഏറെനേരം കാത്തിരിക്കേണ്ടി വന്നു.
പാനൂര്‍ പുത്തൂര്‍ എല്‍.പി സ്‌കൂളിലെ ബൂത്തില്‍ മെഷീനും പയ്യന്നൂരിലെ 86ാം നമ്പര്‍ ബൂത്തില്‍ വി.വി പാറ്റും തകരാറിലായതോടെ വോട്ടെടുപ്പ് ഒരുമണിക്കൂര്‍ തടസപ്പെട്ടു.
വോട്ടിങ് മെഷീനിലെ തകരാറ് കാരണം കൂത്തുപറമ്പ് മേഖലയിലെ ഒട്ടേറെ ബൂത്തുകളില്‍ വോട്ടിങ് ആരംഭിക്കുന്നത് വൈകി. കുന്നിരിക്ക യു.പി സ്‌കൂള്‍, ഊര്‍പ്പള്ളി യു.പി സ്‌കൂള്‍, സെന്‍ട്രല്‍ നരവൂര്‍ എല്‍.പി സ്‌കൂള്‍, കൂത്തുപറമ്പ് യു.പി സ്‌കൂള്‍, മാങ്ങാട്ടിടം യു.പി സ്‌കൂള്‍, ആമ്പിലാട് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബൂത്തില്‍ വോട്ടിങ് ഒരു മണിക്കൂറോളം തടസപ്പെട്ടു. കെ.കെ രാഗേഷ് എം.പി ഉള്‍പ്പടെയുള്ള നിരവധി വോട്ടര്‍മാര്‍ ക്യൂവിലുണ്ടായിരുന്നു.
ഇരിക്കൂറില്‍ ബൂത്ത് നമ്പര്‍ 158ല്‍ മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് പോളിങ് വൈകി. കാഞ്ഞിരോട് പുറവൂര്‍ യു.പി സ്‌കൂളില്‍ മൂന്നാം ബൂത്തിലും ചുഴലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 88, 85, 91 ബൂത്തുകളിലും മാടായി ജി.എം യു.പി സ്‌കൂള്‍ 23ാം ബൂത്തിലും അഴീക്കോട് പൊയ്ത്തുംകടവിലെ ഹിദായത്തുല്‍ എല്‍.പി സ്‌കൂളിലും വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. പുത്തൂര്‍ എല്‍.പി സ്‌കൂള്‍, പാലത്തായി യു.പി സ്‌കൂള്‍, വടക്കേ പൊയ്‌ലൂര്‍ എല്‍.പി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനാല്‍ അല്‍പസമയം വോട്ടിങ് നടന്നില്ല.
ഇരിട്ടി മേഖലയില്‍ പതിനഞ്ചോളം ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കി. ആറളം, എടൂര്‍, അറബി, പേരട്ട, എടക്കാനം, കീഴൂര്‍, പാലത്തുംകടവ്, ചാവശ്ശേരി, പേരാവൂര്‍ ടൗണ്‍, നമ്പിയോട് തുടങ്ങിയ പോളിങ് സ്‌റ്റേഷനുകളിലാണ് മെഷീന്‍ പണിമുടക്കിയത്. എടക്കാനം സ്‌കൂളില്‍ 67ാം ബൂത്തില്‍ പോളിങ് തുടങ്ങി 45 പേര്‍ വോട്ട് ചെയ്ത ശേഷം വി.വി പാറ്റ് യന്ത്രം തകരാറിലായി.
തളിപ്പറമ്പില്‍ 21 വി.വി പാറ്റ് മെഷീനുകളാണ് പണിമുടക്കിയത്. ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളും ബാലറ്റ് പാനലുകളും തകരാറിലായിരുന്നു. കരിമ്പം ഗവ. എല്‍.പി സ്‌കൂളിലെ 86ാം ബൂത്തില്‍ രാവിലെ ആറരക്ക് തന്നെ ആളുകള്‍ വോട്ടുചെയ്യാന്‍ എത്തിയെങ്കിലും മെഷീന്‍ തകരാറിലായതിനാല്‍ മോക്‌പോളിങ് നടന്നില്ല. തുടര്‍ന്ന് എട്ടരയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മോറാഴ യു.പി സ്‌കൂളിലെ 103ാം നമ്പര്‍ ബൂത്തില്‍ രണ്ട്തവണ മെഷീന്‍ കേടായതിനാല്‍ മൂന്നാമത് മെഷീന്‍ എത്തിക്കേണ്ടിവന്നു. കാഞ്ഞിരങ്ങാട് എ.എല്‍.പി സ്‌കൂള്‍, പൂണങ്ങോട് എല്‍.പി സ്‌കൂള്‍, പുല്ലാഞ്ഞിയോട് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും മെഷീനുകള്‍ പണിമുടക്കി. ചപ്പാരപ്പടവ് ബൂത്ത് 32, മഴൂര്‍ ജി.എല്‍.പി.എസിലെ 53, 65, പുല്ലാഞ്ഞിയോട് എ.എല്‍.പി.യിലെ 75, മോറാഴ ഹൈസ്‌കൂളിലെ 110, അരിയില്‍ ജി.എല്‍.പി.എസിലെ 101, സീതീസാഹിബ് 80, പുല്ലാഞ്ഞിയോട് 29 ബൂത്തുകളിലും മെഷീനുകള്‍ തകരാറിലായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.