2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വോട്ടര്‍ പട്ടിക 2019 മതി

 

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക തന്നെ അടിസ്ഥാനമാക്കണമെന്ന് ഹൈക്കോടതി. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 2015ലെ പട്ടിക പരിഗണിക്കുമ്പോള്‍ 2019ലെ പട്ടികയില്‍ മാത്രം ഉള്‍പ്പെട്ടവര്‍ വീണ്ടും പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഹിയറിങ്ങിനും മറ്റും ഹാജരാവേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

പാവപ്പെട്ടവര്‍ ജോലി നഷ്ടപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നില്‍ക്കേണ്ടിവരുന്നത് സങ്കടകരമാണ്. ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പുകള്‍ ഉത്സവമാണ്. അതിലെ ജനപങ്കാളിത്തമാണ് ഇത്തരം ഉത്സവങ്ങളെ മഹോത്സവങ്ങളാക്കി മാറ്റുന്നത്. കേരള തെരഞ്ഞെടുപ്പു കമ്മിഷന്റെ ഇപ്പോഴത്തെ നിലപാടുകള്‍ പുതിയ വോട്ടര്‍മാരെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ഹരജി ഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
നേരത്തെ ഈ വിഷയം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസും മുസ്‌ലിം ലീഗും കോടതിയെ സമീപിക്കുകയായിരുന്നു.
2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നത് വലിയ പണച്ചെലവുണ്ടാക്കുമെന്നും പ്രായോഗികമെല്ലന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 2015ലാണ് വാര്‍ഡ് തലത്തിലുള്ള പട്ടിക തയാറാക്കിയതെന്നും 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി തയാറാക്കിയത് ബൂത്ത് തലത്തിലുള്ള പട്ടികയാണെന്നും ഇതില്‍ മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണെന്നുമായിരുന്നു കമ്മിഷന്റെ വിശദീകരണം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്.

തുടര്‍ന്ന് കോണ്‍ഗ്രസും ലീഗും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചപ്പോള്‍ 2015ലെ പട്ടിക ഉപയോഗിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താനാവുമോ എന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആരാഞ്ഞിരുന്നു.
കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാമെന്നായിരുന്നു കമ്മിഷന്റെ മറുപടി.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി തയാറാക്കിയ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ണായക വിധി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. മുസ്‌ലിം ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, ഹാഷിഫ്, കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. ഹരജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ പി. ആസഫലി, പി.കെ സജീവന്‍, മുഹമ്മദ് ഷാ എന്നിവര്‍ ഹാജരായി.

വോട്ടര്‍ പട്ടിക പുതുക്കല്‍ നിര്‍ത്തിവച്ചു ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുമെന്ന് കമ്മിഷന്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ത്തിവച്ചു. വോട്ടര്‍പട്ടിക സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ 2015ലെ വോട്ടര്‍ പട്ടികയുടെ പുതുക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ വ്യക്തമാക്കി.
ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം എന്തു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കും. ആവശ്യമെങ്കില്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും. 2019ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താന്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഇത് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കോടതി വിധി തിരിച്ചടിയല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വൈകില്ലെന്നും ഇതില്‍ വാശിയുടെ കാര്യമില്ലെന്നുംകമ്മിഷണര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.