2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വോട്ടര്‍മാര്‍ പറയുന്നു; ‘ഞങ്ങളുടെ ഐ.ഡി കാര്‍ഡ് ബി.എല്‍.ഒ കൈവശം വച്ചു’

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണങ്ങള്‍ ഉയരുകയും സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തിനിടയില്‍ ഇടതുപക്ഷ ബി.എല്‍.ഒ മാര്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ വാങ്ങിക്കൊണ്ടിപോയതായും ആരോപണം.
പാര്‍ട്ടി കേന്ദ്രങ്ങളിലെ സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ ബി.എല്‍.ഒമാര്‍ വാങ്ങി കൊണ്ട് പോയതായും ഇത് നിയമ വിരുദ്ധമാണെന്നും ഉയര്‍ത്തിക്കാട്ടിയു.ഡി.എഫാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ദിവസം പല പോളിങ് ബൂത്തിനും പുറത്തായി ഇവര്‍ ഇരിക്കുകയും കള്ളവോട്ടുകള്‍ ചെയ്യാനായി ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്തതായും വിവിധ മേഖലകളിലെ വോട്ടര്‍മാര്‍ പറയുന്നു. അതേസമയം , ഏപ്രില്‍ എട്ടു വരെ ഓണ്‍ലൈന്‍ വഴി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ത്ത പുതിയ വോട്ടര്‍മാരുടെ അംഗീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും ബി.എല്‍.ഒമാര്‍ കടുത്ത വിവേചനം കാണിച്ചതായും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കുന്നു.
പല ബൂത്ത് പരിധികളിലും നൂറും അതിനു മുകളിലും വോട്ടര്‍മാര്‍ ഏപ്രിലിലെ ആദ്യ ദിനങ്ങളില്‍ തന്നെ ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പ്രസ്തുത അപേക്ഷകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള യാതൊരു വിധ നടപടികളും സി.പി.എം അനുകൂല ബി.എല്‍.ഒമാര്‍ സ്വീകരിച്ചില്ലെന്നാണ് പരാതി. ഇതിനു പുറമെ ഓരോ ബൂത്ത് പരിധിയിലും നൂറിലധികം സ്ലിപ്പുകള്‍ വോട്ടര്‍മാര്‍ക്ക് കൈമാറാതെ ബി.എല്‍.ഒമാര്‍ മുക്കിയതായും ആരോപണങ്ങള്‍ ഉണ്ട്. അതേസമയം ഏപ്രില്‍ ആദ്യ ദിനത്തില്‍ നല്‍കിയ സി.പി.എം വോട്ടറുടെ അപേക്ഷ 24 മണിക്കൂറിനകം അംഗീകരിച്ചു ജില്ലയിലെ ഒരു ബി.എല്‍.ഒ നടപടികള്‍ സ്വീകരിച്ച സംഭവവും വോട്ടര്‍മാര്‍ ഉയര്‍ത്തി കാട്ടുന്നു. ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടവകാശത്തില്‍ ഉള്‍പ്പെടെ ഇടത് അനുകൂല ബി.എല്‍.ഒമാര്‍ കാണിച്ച അനാസ്ഥക്കെതിരേ അന്വേഷണം നടത്തണമെന്ന ആവശ്യവും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. ഒരു ഭാഗത്തു പോളിങ് ബൂത്തിലെത്തി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വഹിക്കാന്‍ തയ്യാറാകണമെന്ന് സര്‍ക്കാര്‍ തന്നെ പരസ്യങ്ങള്‍വഴിയും മറ്റും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും മറുഭാഗത്ത് വോട്ടര്‍മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ തയാറാവുകയും ചെയ്ത കാഴ്ചയാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉണ്ടായതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. കൂടാതെ, വോട്ടര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്തതിലും വന്‍ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരായ ബി.എല്‍.ഒമാരാണ് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ വില്ലേജ് പരിധികളില്‍ വോട്ടര്‍ സ്ലിപ് വിതരണം ചെയ്തത്. പല വില്ലേജ് പരിധികളിലും ഏപ്രില്‍ 19നാണു ബി.എല്‍.ഒമാര്‍ വോട്ടര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്തത്. ഇവ വീടുകളില്‍ കൊണ്ട് പോയി കൊടുക്കുന്നതിനു പകരം കടത്തിണ്ണകളിലും മറ്റും വച്ചു വിതരണം ചെയ്യുകയും യു.ഡി.എഫ് അനുകൂല വോട്ടര്‍മാരില്‍ പലര്‍ക്കും സ്ലിപ്പുകള്‍ കിട്ടാതെ വന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സി.പി.എം അനുകൂല ബി.എല്‍.ഒമാരാണ് ഇത്തരം രീതിയില്‍ സ്ലിപ്പുകള്‍ വിതരണം നടത്തിയതെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.