2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

വൈരം മറന്നു, കൈകൊടുത്തു; ചരിത്രം കുറിച്ച് ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ച

ഉ. കൊറിയ മിസൈല്‍- ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ക്കും

 

സിംഗപ്പൂര്‍ സിറ്റി: പോര്‍വിളികള്‍ കൊണ്ടും യുദ്ധഭീഷണികള്‍ കൊണ്ടും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ടു ലോകനേതാക്കള്‍ ഒടുവില്‍ കൈകൊടുത്തു പുഞ്ചിരിച്ചു. യുദ്ധക്കളി അവസാനിപ്പിച്ച് ലോകത്തിന്റെ സമാധാനത്തിനായി ഒന്നിച്ചുനില്‍ക്കാനും അവര്‍ തീരുമാനിച്ചു. പരസ്പരവൈരത്തിന്റെ ഭൂതകാലം മറന്ന് സഹകരണത്തോടെ മുന്നോട്ടുപോകാമെന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച അങ്ങനെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. 18 മാസത്തോളം നീണ്ട വിദ്വേഷത്തിന്റെ നാളുകള്‍ അവസാനിപ്പിച്ച് ഒരു നാടകീയ കഥയെപ്പോലെ അവര്‍ കൈക്കൊടുത്ത് ഒന്നിച്ചിരുന്നു മണിക്കൂറുകളോളം ചര്‍ച്ച നടത്തി.
മുന്‍ നിശ്ചയിച്ചപ്രകാരം സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതിനാണ് (ഇന്ത്യന്‍ സമയം രാവിലെ 6.30) കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പായി പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇരുരാജ്യങ്ങളുടെയും പതാകകളുടെ പശ്ചാത്തലത്തില്‍ ട്രംപും കിമ്മും രണ്ടുതവണ ഹസ്തദാനം നടത്തി. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു മാധ്യമങ്ങളെ കാണുകയും ചെയ്തു. ഒരു മഹത്തായ ബന്ധത്തിന്റെ തുടക്കമാണിതെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍വിധികളില്ലാത്ത ചര്‍ച്ചയാണ് നടക്കുകയെന്ന് കിം ജോങ് ഉന്നും പ്രതികരിച്ചു. കാര്യങ്ങള്‍ ഇവിടെവരെ എത്തിയത് അത്ര എളുപ്പമായിരുന്നില്ലെന്നും കിം മാധ്യമങ്ങളോട് പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ പരസ്പരം വീണ്ടും കൈകൊടുത്തും പുഞ്ചിരിച്ചുമാണ് ഇരുവരും പിരിഞ്ഞത്. പുതിയ ചരിത്രത്തിനു തുടക്കമിടാന്‍ അമേരിക്ക സജ്ജമായതായി കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പ്രതികരിച്ചു. ഉ. കൊറിയയിലെ ആണവനിരായുധീകരണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് കിമ്മും ഉറപ്പുനല്‍കി. മിസൈല്‍- ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കിമ്മുമായി തുടര്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
യുദ്ധക്കളികള്‍ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാഗ്ദാനമാണ് ഏറ്റവും ശ്രദ്ധേയം. ദക്ഷിണ കൊറിയയുമായി ചേര്‍ന്നു നടത്തുന്ന സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കും. നടപടി പ്രകോപനപരവും രാജ്യത്തിനു ചെലവേറിയതുമാണെന്നു തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ട്രംപ് കുറ്റസമ്മതം നടത്തി.
നാലംഗ ഉന്നതതല ഉദ്യോഗസ്ഥരോടൊപ്പമാണ് ഇരു നേതാക്കളും കൂടിക്കാഴ്ചയ്‌ക്കെത്തിയത്. വിദേശകാര്യ സെക്രട്ടറി മൈക്ക് േപാംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, ഉപമേധാവി ജോ ഹാഗിന്‍ എന്നിവരാണ് ട്രംപിനൊപ്പം അമേരിക്കയുടെ ഭാഗത്തുനിന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉ.കൊറിയന്‍ സംഘത്തില്‍ കിമ്മിനൊപ്പം വിദേശകാര്യ മന്ത്രി റി യോങ് ഹോ, കിമ്മിന്റെ വിശ്വസ്തനും യു.എസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം ജോങ് ചോല്‍, കിമ്മിന്റെ സഹോദരി കിം യോ ജോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരും ചരിത്രപരമായ കൂടിക്കാഴ്ചയുടെ ഭാഗമായി.
ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ നേരിട്ടു കാണുന്നതും കൂടിക്കാഴ്ച നടത്തുന്നതും. 1950-53ലെ കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് തുടക്കംകുറിച്ച രാഷ്ട്രീയ വൈരത്തിനിടെ പരസ്പരം ഫോണില്‍ പോലും ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ സംസാരിച്ചിട്ടില്ല. ഇതെല്ലാം തിരുത്തിക്കുറിച്ചു പുതിയ അധ്യായം തുറന്നിരിക്കുകയാണ് ട്രംപും കിമ്മും.
കൂടിക്കാഴ്ച കഴിഞ്ഞയുടന്‍ തന്നെ ട്രംപ് അമേരിക്കയിലേക്കു തിരിച്ചു.

സംയുക്ത പ്രസ്താവന ഇങ്ങനെ

സമാധാനവും സമൃദ്ധിയും കൊതിക്കുന്ന ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ ആഗ്രഹം പോലെ പുതിയ ബന്ധം സ്ഥാപിക്കാന്‍ അമേരിക്കയും ഉത്തര കൊറിയയും പ്രതിജ്ഞാബദ്ധരാണ്
കൊറിയന്‍ ഉപദ്വീപില്‍ സുസ്ഥിരവും ദീര്‍ഘകാലത്തേക്കുമുള്ള സമാധാന ഭരണകൂടം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ഒന്നിച്ചു പരിശ്രമിക്കും
2018 ഏപ്രില്‍ 27ലെ പാന്‍മുന്‍ജോം പ്രഖ്യാപനം അരക്കിട്ടുറപ്പാക്കി ഉ.കൊറിയ കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവനിരായുധീകരണത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തടവില്‍ കഴിയുന്നവരോ കാണാതായവരോ ആയ അമേരിക്കക്കാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. ഇതിനകം തിരിച്ചറിഞ്ഞവരെ ഉടന്‍ നാട്ടിലേക്കു തിരിച്ചയക്കും

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.