2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വൈപ്പിന്‍ കോളജിലെ സംഘര്‍ഷം: ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയൊടിഞ്ഞു

കൊച്ചി: വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ കൊച്ചി റേഞ്ച് ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പൊലിസ് മര്‍ദനം.
ലാത്തിച്ചാര്‍ജില്‍ എം.എല്‍.എയുടെ കൈയൊടിഞ്ഞു. പരുക്കേറ്റ എം.എല്‍.എ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചു.

നേതാക്കളെ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരേ നടപടി വേണമെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ ആവശ്യം.
ലാത്തിച്ചാര്‍ജിനെ കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിന് തലയ്ക്ക് പൊട്ടലുണ്ട്.

വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സി.പി.ഐ മാര്‍ച്ച്. വൈപ്പിന്‍ കോളജിലെ എസ്.എഫ്.ഐ- എ.എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ സി.ഐ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും അതിനാല്‍ സി.ഐക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ 11 മണിയോടെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. പൊലിസ് ഐ.ജി ഓഫിസില്‍ നിന്ന് മാറി ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. നേതാക്കളുടെ ശാന്തരാകാനുള്ള ആഹ്വാനം തള്ളി പ്രവര്‍ത്തര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസ് നിലാവത്ത് അഴിച്ചുവിട്ട് കോഴിയെപ്പോലെയാണ് പെരുമാറുന്നതെന്നും മാര്‍ച്ചിനിടെ പ്രകോപനമില്ലാതെയാണ് പ്രവര്‍ത്തകരെയും തന്നെയും തല്ലിച്ചതച്ചെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.