2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വൈദ്യശാസ്ത്രത്തിന്റെ അതുല്യ പ്രതിഭയ്ക്ക് ഗൂഗിളിന്റെ ആദരം

ഇബ്‌നു സീനയുടെ ഡൂഡിള്‍

 

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: വൈദ്യശാസ്ത്രത്തിലെ അതുല്യ പ്രതിഭ ഇബ്‌നു സീനക്ക് ഗൂഗിളിന്റെ ആദരം. വൈദ്യലോകത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ 1038 ആം ജന്മദിനം പ്രമാണിച്ചു ഗൂഗിളിന്റെ ഡൂഡിള്‍ തന്നെ മാറ്റിയാണ് അദ്ദേഹത്തിന് ആദരം നല്‍കിയത്.

തുകല്‍ കൊണ്ട് ഗ്രന്ഥം രചിക്കുന്ന ഇബ്‌നു സീനയുടെ ചിത്രമായിരുന്നു ചൊവ്വാഴ്ച്ച ഗൂഗിള്‍ ഡൂഡിലില്‍ ചേര്‍ത്തിരുന്നത്. പാശ്ചാത്യ ലോകത്ത് അവിസെന്ന എന്ന പേരില്‍ പ്രസിദ്ധനായ അബൂ അലി അല്‍ ഹുസൈന്‍ ബിന്‍ അബ്ദില്ല ബിന്‍ സീന ബുഖാറക്ക പിന്നീട് ലോകപ്രശസ്തനായ വൈദ്യശാസ്ത്രജ്ഞനായി മാറുകയായിരുന്നു.

എ ഡി 980 ആഗസ്റ്റ് ലാണ് ഉസ്‌ബെക്കിസ്ഥാനിലെ അഫ്‌ഷോണ്‍ എന്ന സ്ഥലത്ത് ഇബ്‌നു സീന ജന്മം കൊണ്ടത്. പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ സീന പത്താമത്തെ വയസ്സോടെ ഖുര്‍ആനില്‍നിന്നും വലിയൊരു ഭാഗം ഹൃദിസ്ഥമാക്കുകയും അനവധി ശാസ്ത്രങ്ങളില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു.

പിന്നീട് ഫിലോസഫി പഠനം ആരംഭിച്ചു. ഇതിനിടയില്‍ അക്കാലത്തെ വിലപ്പെട്ട നിരവധി പുസ്തകങ്ങള്‍ വായിച്ച അദ്ദേഹം അന്നത്തെ സുപ്രസിദ്ധ പണ്ഡിതനായിരുന്ന അബൂ അബ്ദില്ല നാദിലിയുടെ ശിഷ്യത്വം നേടി.

അദ്ദേഹത്തില്‍നിന്നും തര്‍ക്കശാസ്ത്രവും അതീന്ദ്രിയജ്ഞാനവും കരസ്ഥമാക്കി. പിന്നീട് പതിനെട്ടാമത്തെ വയസ്സോടെ ഇബ്‌നു സീന തന്റെ ശ്രദ്ധ വൈദ്യരംഗത്തേക്കു തിരിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രശസ്തി നാടെങ്ങും പ്രചരിക്കാന്‍ തുടങ്ങി.

ഇക്കാലത്താണ് സമാനീ ഭരണാധികാരിയും ബുഖാറാ ചക്രവര്‍ത്തിയുമായിരുന്ന നൂര്‍ ബിന്‍ മന്‍സൂറിനെ ചികിത്സിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടുന്നത്.

അനവധി ഭിഷഗ്വരന്മാര്‍ ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷെ, ഇബ്‌നു സീന അതില്‍ വിജയം കണ്ടു. സന്തുഷ്ടനായ രാജാവ് നന്ദിപൂര്‍വ്വം അദ്ദേഹം ആവശ്യപ്പെടുന്ന എന്തും സമ്മാനമായി നല്‍കാന്‍ തയ്യാറായി. പക്ഷെ, അമൂല്യഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ നിറഞ്ഞുകിടന്നിരുന്ന റോയല്‍ ലൈബ്രറിയില്‍ പ്രവേശിക്കാനുള്ള അനുമതി മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

21 വയസ്സായപ്പോഴേക്കും വിവിധ ജ്ഞാനശാഖകളില്‍ അനവധി ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതിനിടയിലും ഭരണ കേന്ദ്രത്തില്‍ ക്ലാര്‍ക്ക് ഉദ്യോഗവും തുടര്‍ന്നിരുന്നു.

പിന്നീട് നടന്ന അലഞ്ഞു തിരിയലിലാണ് തര്‍ക്കശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും പഠനം നടത്തി കാസ്പിയന്‍ കടല്‍ തീരത്ത് വെച്ച് പാശ്ചാത്യലോകത്ത് Canon എന്ന പേരില്‍ പ്രസിദ്ധമായ തന്റെ വിഖ്യാത രചന ഖാനൂന്‍ ഫിത്ത്വിബ്ബിന്റെ ആദ്യം ഭാഗം എഴുതാന്‍ ആരംഭിക്കുന്നത്.

ബുഖാറയില്‍ നിന്നും ഖുറാസാന്‍ പിധപ്രദേശങ്ങളിലൂടെ കാസ്പിയന്‍, റയ്യ്, ഖസ്‌വീന്‍, ഹമദാന്‍, തുടങ്ങിയ പ്രദേശങ്ങളിലൂടെ അലഞ്ഞു നടന്ന അദ്ദേഹം രാത്രിനേരങ്ങളില്‍ കൂടുതല്‍ മണിക്കൂറുകള്‍ വിദ്യാര്‍ഥികള്‍ക്കു പാഠം നല്‍കാനും തന്റെ പുസ്തകങ്ങള്‍ക്ക് പോയ്ന്റ് ശേഖരിക്കാനുമായി അദ്ദേഹത്തിന് നീക്കിവെക്കേണ്ടിവന്നു. അന്ന് അദ്ദേഹം തന്റെ മറ്റൊരു കൃതിയായ കിതാബുശ്ശിഫായുടെ രചനയിലായിരുന്നു.

വിടപറയുംമുമ്പ് 99 ഓളം വിശിഷ്ട രചനകള്‍ ഇബ്‌നു സീന നടത്തിയിട്ടുണ്ട്. അന്ന് മുസ്‌ലിംലോകത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന അറബി ഭാഷയിലായിരുന്നു ഇതില്‍ അധികവും. ഇതില്‍ രണ്ടെണ്ണം തന്റെ സ്വദേശ ഭാഷയായ ഫാരിസിയിലാണ് എഴുതിയിരിക്കുന്നത്.

ദാനിശ് നാമയെ അലായ് (എന്‍സൈക്ലോപീഡിയ ഓഫ് ഫിലോസഫിക്കല്‍ സയന്‍സസ്) ആണ് അതിലൊന്ന്.

നാഡീസ്പന്ദനത്തെക്കുറിച്ച ഒരു പ്രബന്ധമാണ് മറ്റേത്. ഇബ്‌നു സീനയുടെ രചനകളില്‍ 68 എണ്ണം ദൈവശാസ്ത്രത്തിലും അതീന്ദ്രിയ ജ്ഞാനങ്ങളിലുമാണ്.

16 എണ്ണം വൈദ്യത്തിലും 11 എണ്ണം ഗോളശാസ്ത്രത്തിലും നാലെണ്ണം കവിതാസംബന്ധിയുമാണ്. 1037 ല്‍ 58ാം വയസില്‍ ഹമദാനില്‍വെച്ച് അദ്ദേഹം മരണപ്പെട്ടു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.