2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

വൈക്കോല്‍ കയറ്റുകൂലി വര്‍ധിച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിലെ പാടശേഖരങ്ങളില്‍ വൈക്കോല്‍ കയറ്റുകൂലി വര്‍ധിപ്പിച്ചതായി പരാതി. കുന്നത്തേരി – നെല്ലുവായ് പാടശേഖരത്തില്‍ നൂറു പറയിലധികം വരുന്ന വൈക്കോല്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞവര്‍ഷം വരെ എട്ട് രൂപയായിരുന്ന കയറ്റുകൂലി ഒരു മുന്നറിയിപ്പുമില്ലാതെ 16 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. വൈക്കോല്‍ കയറ്റു കൂലി ഇരട്ടിയായി വര്‍ധിപ്പിച്ചത് കൃഷി നഷ്ടത്തിലായ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാട്ടത്തിനെടുത്ത നെല്‍വയലുകള്‍ ഉള്‍പ്പെടെ കടംവാങ്ങിയും വായ്പയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.  രൂക്ഷമായ വരള്‍ച്ച വിളവ് നേര്‍പകുതിയായി കുറച്ചു. ജലക്ഷാമത്തെ തുടര്‍ന്ന് അടുത്തുള്ള കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും പമ്പ് സെറ്റ് വച്ച് ജലസേചനം നടത്തിയാണ് ഉണങ്ങി നശിച്ചു കൊണ്ടിരുന്ന നെല്‍ചെടികളെ കര്‍ഷകര്‍ സംരക്ഷിച്ചത്.
അതുകൊണ്ട് തന്നെ സാമ്പത്തികമായി വലിയ നഷ്ടമാണ് ഓരോ കര്‍ഷനും നേരിടേണ്ടി വന്നത്. ഇതിനിടയിലാണ് ചുമട്ടു തൊഴിലാളികള്‍ കയറ്റുകൂലി ഒരു ചര്‍ച്ചയും നടത്താതെ ഇരട്ടിയാക്കി ഉയര്‍ത്തിയത്. കര്‍ഷകര്‍സ്വന്തമായി വൈക്കോല്‍ കയറ്റുന്നത് ചുമട്ടു തൊഴിലാളികള്‍ തടയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 250 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ വൈക്കോല്‍ കെട്ടി കിടക്കുകയാണ്.  വൈക്കോല്‍ സ്വന്തമായി കയറ്റുന്നതിനും കച്ചവടക്കാരെ സമീപിക്കുന്നതിനും കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് കുന്നത്തേരി പാടശേഖര സമിതിയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.