2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

‘വേര്‍ ഈസ് മൈ ട്രെയിന്‍’; അറിയില്ല ആപ്പിനും റെയില്‍വേയ്ക്കും

അഷറഫ് ചേരാപുരം

കോഴിക്കോട്: ട്രെയിന്‍ യാത്ര സുഖകരവും സൗകര്യപ്രദവുമാക്കാനാണ് യാത്രക്കാര്‍ ആപ്പുകളെ ആശ്രയിക്കുന്നത്. എന്നാല്‍ ആപ്പുകള്‍ യാത്രക്കാരെ പലപ്പോഴും ആപ്പിലാക്കുന്നതായി പരാതി.
ട്രെയിനുകള്‍ എത്തിയ സ്ഥലം ,സമയം ,പ്ലാറ്റ്‌ഫോം , കോച്ച് പൊസിഷന്‍ എന്നിവയെല്ലാം അറിയാന്‍ യാത്രക്കാര്‍ക്ക് സഹായകമായ ആപ്പുകള്‍ തന്നെയാണ് പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കി യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ ട്രാക്കിലെ തകരാറുകളോ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് കൃത്യമായ വിവരങ്ങള്‍ക്ക് പകരം തെറ്റായ കാര്യങ്ങള്‍ ആപ്പിലൂടെ വരുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ ഇതിന്റെ ദുരിതം ഏറിയിരിക്കയാണ്.
കഴിഞ്ഞ ദിവസം തൃശൂര്‍ പൂങ്കുന്നം സ്റ്റേഷനു അടുത്തായി ട്രാക്കില്‍ മരം വീണു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വൈകി. എന്നാല്‍ ആപ്പില്‍ ഇക്കാര്യമേയില്ല. എല്ലാ ട്രെയിനുകളും കൃത്യമായി ഒടുന്നുവെന്നായിരുന്നു വിവരം.
ഹാപ്പ, കുര്‍ള, എക്‌സിക്യൂട്ടീവ് ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് അന്ന് ഓടിയത്. റെയില്‍വേ യാത്രക്കാരുടെ ഏറ്റവും ജനകീയമായ ആപ്പ് വേര്‍ ഈസ് മൈ ട്രെയിനാണ്. ഈ ആപ്പില്‍ തന്നെയാണ് അബദ്ധങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത്. ഗൂഗിള്‍ ഏറ്റെടുത്ത ഈ ആപ്പ് ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. യാത്രക്കിടെ ട്രെയിന്‍ എവിടെയെത്തി എന്ന് കൃത്യമായി മനസിലാക്കുനതിനും പി.എന്‍.ആര്‍ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്‌മെന്റ് എന്നിവ അറിയുന്നതിനും സഹായിക്കുന്ന ആപ്പാണ് വേര്‍ ഈസ് മൈ ട്രെയിന്‍.
മലയാളം ഉള്‍പ്പടെ എട്ട് ഭാഷകളില്‍ വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പില്‍ സേവനം ലഭ്യമാണ്. ഈയിടെയായി ഇത് പലപ്പോഴും അബദ്ധ പഞ്ചാംഗമാണ്. കോച്ച് പൊസിഷന്‍ ആപ്പില്‍ പറയുന്നതുമായി പുലബന്ധം പോലുമുണ്ടാകാറില്ല. ട്രെയിന്‍ വന്നു നില്‍ക്കുന്ന പ്ലാറ്റ് ഫോമിന്റെ വിവരവും പലപ്പോഴും തെറ്റായിരിക്കും.
കേന്ദ്രീകൃത റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സംവിധാനമായ സി.ആര്‍.ഐ.എസ് വികസിപ്പിച്ച എന്‍.ടി.ഇ.എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഔദ്യോഗിക സംവിധാനമുണ്ട്. മുന്‍പ് റെയില്‍വേ ഇറക്കിയിരുന്ന ആപ്ലിക്കേഷനുകളില്‍നിന്നും വ്യത്യസ്തമായി കാര്യക്ഷമതയില്‍ ഇത് മികച്ചുനില്‍ക്കുന്നതാണെന്നും പറയപ്പെട്ടിരുന്നു. നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം(എന്‍.ടി.ഇ.എസ) ല്‍ സ്‌പോട്ട് മൈ ട്രെയിന്‍ സംവിധാനം ഇന്റര്‍ നെറ്റില്‍ പരിശോധിച്ചാലും പലപ്പോഴും കൃത്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കാറില്ല.പലപ്പോഴും ഇതിന്റെ ലൈവ് സ്റ്റാറ്റസില്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വീട്ടാലും അവിടെ എത്തിയില്ലെന്ന വിവരമായിരിക്കും ലഭിക്കുക.
സാങ്കേതിക രംഗത്ത് വളരെ പുരോഗതിയിലെത്തിയിട്ടും ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാ സംവിധാനമായ റെയില്‍വേയ്ക്ക് ട്രെയിനുകളുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി യാത്രക്കാരിലേക്ക് എത്തിക്കാനുള്ള സംവിധാനം ഇപ്പോഴും കുറ്റമറ്റതായിട്ടില്ല. അതിനിടെ നാഷനല്‍ സെന്‍ട്രല്‍ റെയില്‍വേ ട്രെയിനിനെ ട്രാക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ലൈവ് ലൊക്കേഷന്‍ അറിയിക്കുന്ന പുതിയ ആപ്പ് സംവിധാനം പുറത്തിറക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്.
എന്‍.സി.ആര്‍ അസറ്റ് മൈല്‍സ്റ്റോണ്‍ ആപ്ലിക്കേഷന്‍ ഫോര്‍ നാവിഗേഷന്‍ (നമന്‍) എന്നാണ് ഈ ആപ്പിന്റെ പേര് നല്‍കിയിരിക്കുന്നത്. ലൈവ് ട്രാക്കിംഗ് മാത്രമല്ല ട്രെയിന്‍ യാത്രക്കിടയിലെ ലെവല്‍ ക്രോസിംഗുകള്‍, സിഗ്‌നലുകള്‍, പാലങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നമാണ് റിപ്പോര്‍ട്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.