2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

വേമ്പനാട് കായല്‍ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്ന് ശില്‍പശാല

കൊച്ചി: നഗരവല്‍കരണവും വികസനപ്രവര്‍ത്തനങ്ങളും കായലിന്റെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേമ്പനാട് കായല്‍ സംരക്ഷണ അതോറിറ്റി രൂപവല്‍ക്കരിക്കണമെന്ന് ശില്‍പശാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കായലിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് അടിയന്തിരമായി വിദഗ്ധ സമിതി രൂപീകരിക്കണം. കായലില്‍ മത്സ്യബന്ധനത്തിന് തടസം സൃഷ്ടിക്കുന്ന എക്കലും ചെളിയും നീക്കംചെയ്യാന്‍ നടപടികളുണ്ടാകണം. കായലില്‍ നിന്ന് നീക്കംചെയ്യുന്ന എക്കലുകള്‍ ജൈവവളം അടക്കമുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിന് ശ്രമങ്ങള്‍ വേണം. ഇതിന് എഫ്.എ.സി.ടി പോലുള്ള സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തണം. ആഫ്രിക്കന്‍ പായല്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കണം. മാലിന്യ നിര്‍മാര്‍ജന രീതികള്‍ ശാസത്രീയമായി പരിഷ്‌കരിക്കണമെന്നും ശില്‍പശാല സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. കൃഷി, മത്സ്യബന്ധനം, മത്സ്യകൃഷി, ടൂറിസം, പരിസ്ഥിതി എന്നിവ സമന്വയിപ്പിച്ച് സുസ്ഥിരമായ രീതിയില്‍ വേമ്പനാട് കായലിനെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ജീവനാഡിയായ വേമ്പനാട് കായല്‍ പല രീതിയിലുള്ള പാരിസ്ഥിതിക ആഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ്. നദികളിലൂടെ മാലിന്യങ്ങള്‍ വന്നുചേരുന്നതും അശാസത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും കായലിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കായല്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആര്‍.ഐയുടെ എല്ലാവിധ സാങ്കേതിക സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ പുഷ്‌കരന്‍ അധ്യക്ഷനായി. 

പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കായലില്‍ അപകടകരമാംവിധം അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ശില്‍പശാലയുടെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. സി.എം.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. സുനില്‍ മുഹമ്മദ് ചര്‍ച്ച നിയന്ത്രിച്ചു. ചാള്‍സ് ജോര്‍ജ്് ആമുഖ പ്രഭാഷണം നടത്തി. ഡോ. കെ.ജി പത്മകുമാര്‍, ഡോ. കെ.ആര്‍ മുരളി, ഡോ.ജി. നാഗേന്ദ്ര പ്രഭു, ഡോ.ഡി. പ്രേമ എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എറണാകുളം ജില്ലാ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സി.എം.എഫ്.ആര്‍.ഐയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.