2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വേനല്‍പോലെ മഴക്കാലം; ആകുലതകള്‍ നിറഞ്ഞ് കര്‍ഷക മനം

കല്‍പ്പറ്റ: മഴയില്ലാതെ മഴക്കാലം കടന്നുപോകുമ്പോള്‍ നെഞ്ചില്‍ നെരിപ്പോടെ വയനാട്ടിലെ കര്‍ഷക സമൂഹം. ജലനിരപ്പ് കുറയുന്ന കിണറുകളും തോടുകളം പുഴകളും ആവശ്യത്തിനു വെള്ളം ലഭിക്കാതെ പാടങ്ങളിലും പറമ്പുകളിലും വളര്‍ച്ച മുരടിക്കുന്ന വിളകളും ഭീതി ജനിപ്പിക്കുകയാണ് കൃഷിക്കാരില്‍. വരാനിരിക്കുന്നത് വറുതികളുടെ മാസങ്ങളാണെന്നുള്ള വ്യാകുലതയിലാണ് കര്‍ഷകജനത.

മഴ കുറഞ്ഞതു കാരണം നെല്ല്, ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് കടുത്ത പ്രഹരമായിരിക്കയാണ്. പാടങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇറക്കിയ നഞ്ചകൃഷി ജില്ലയില്‍ പലയിടത്തും നാശത്തിന്റെ വക്കിലാണ്. വാടി നില്‍ക്കുകയാണ് മിക്ക പാടങ്ങളിലും നെല്‍ച്ചെടികള്‍. ചുവട്ടില്‍ നനവ് നാമമാത്രമായതിനാല്‍ ചെടികള്‍ക്കിയിലെ കളകള്‍ നീക്കാനും വളപ്രയോഗം നടത്താനും കഴിയുന്നില്ല. ഇപ്പോഴത്തെ കാലാവസ്ഥ ഏതാനും ആഴ്ചകള്‍ തുടര്‍ന്നാല്‍ വിളപ്പെടുപ്പിനെക്കുറിച്ച് ആലോചിക്കുകപോലും വേണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാപ്പി, കുരുമുളക് ചെടികളില്‍ കായകളുടെ വളര്‍ച്ചെയെ തളര്‍ത്തുകയാണ് മഴയുടെ കുറവ്. കുരുമുളകു ചെടികളെ വാട്ടം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം കാപ്പി, കുരുമുളക് ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.

ജില്ലയിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി ഇഞ്ചികൃഷിയില്‍ പണം ഇറക്കിയവര്‍ കണ്ണീരിലാണ്. മഴയുടെയും ജലസേചന സൗകര്യത്തിന്റെയും അഭാവം ഇഞ്ചിയുടെ വളര്‍ച്ച മുരടിപ്പിക്കുകയാണ്. ഇഞ്ചിപ്പാടങ്ങളിലെ കുഴല്‍ക്കിണറുകളില്‍ വെള്ളം പേരിനുമാത്രമാണ് ഉള്ളതെന്ന് കര്‍ണാടകയിലെ ഹാസന്‍, ഷിമോഗ, മൈസൂരു ജില്ലകളില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ പറയുന്നു. ഇഞ്ചിപ്പാടങ്ങളിലെ പണികള്‍ക്കായി കൂടുതല്‍ പണം ഇറക്കുന്നത് നഷ്ടം കനത്തതാക്കുമെന്നതിനാല്‍ കൃഷി ഉപേക്ഷിച്ച് മടങ്ങാനുള്ള ആലോചനയിലാണ് കര്‍ഷകരില്‍ ചിലര്‍.

ഇടവപ്പാതി തീര്‍ത്തും ദുര്‍ബലമായിരുന്ന വയനാട്ടില്‍ വേനലിലേതുപോലെ ഒറ്റപ്പെട്ട മഴയാണ് തുടര്‍ന്നും പെയ്തത്. ജൂണ്‍ 27, 28, 29 തീയതികളില്‍ മാത്രമാണ് ജില്ലയില്‍ കാലവര്‍ഷം കലിതുള്ളിയത്. പ്രതിവര്‍ഷം ശരാശരി 3000 മില്ലീ മീറ്റര്‍ മഴ പെയ്തിരുന്ന ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായ കുറവാണ് ഉണ്ടായത്.
2012ല്‍ 1094.2- ഉം 2013ല്‍ 2070- ഉം 2014ല്‍ 1808- ഉം 2015ല്‍ 1942.8- ഉം മില്ലീ മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ലയാണ് വയനാട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ പെയ്ത മഴയില്‍ 59 ശതമാനം കുറവ് ഉണ്ടായതാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്ക്. തൃശൂര്‍ ജില്ലയില്‍ 42- ഉം മലപ്പുറത്ത് 38- ഉം പാലക്കാട് 34- ഉം ശതമാനം മഴക്കുറവാണ് കണക്കാക്കിയത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് വയനാട്ടില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെ 1011 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായ പശ്ചാത്തലത്തില്‍ വയനാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണ്. ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് അതോറിറ്റി ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിക്കുമെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.