2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വേനലിനു മുന്‍പ് വരള്‍ച്ചാ ഭീഷണി ഇല്ലാതാവുമെന്ന് ഐക്യരാഷ്ട്രസഭ

എല്‍നിനോ ഡിസംബറോടെ, അടുത്തയാഴ്ച മുതല്‍ മഴക്ക് സാധ്യത

 

കെ. ജംഷാദ്

കോഴിക്കോട്: വേനലിനു മുന്‍പ് കേരളം കൊടുംവരള്‍ച്ചയിലേക്ക് എത്തില്ലെന്ന ആശ്വാസവാര്‍ത്തയുമായി ഐക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള വേള്‍ഡ് മെറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ). ഇപ്പോള്‍ തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് അടുത്തയാഴ്ചയോടെ ശമനമാകുമെന്നും മധ്യ, തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്നും വിവിധ വിദേശ കാലാവസ്ഥാ ഏജന്‍സികളും പറയുന്നു.
എല്‍നിനോ പ്രതിഭാസം നേരത്തെ എത്തുന്നത് കേരളത്തില്‍ കൊടുംവരള്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഭീതിയുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും പുതിയ നിരീക്ഷണങ്ങളനുസരിച്ച് എല്‍നിനോ ഡിസംബറോടെ മാത്രമേ സജീവമാകൂ എന്ന് വേള്‍ഡ് മെറ്റിയോറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ഇന്നലെ അറിയിച്ചു. എന്നാല്‍, അടുത്ത വേനലില്‍ എല്‍നിനോ വരള്‍ച്ചക്ക് ആക്കംകൂട്ടുമെന്ന ഭീഷണി ഒഴിയുന്നില്ല.
ശാന്തസമുദ്രത്തില്‍ ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് വരള്‍ച്ച സൃഷ്ടിക്കുന്ന എല്‍നിനോ പ്രതിഭാസത്തിന് ഈ വര്‍ഷം 70 ശതമാനം സാധ്യതയുണ്ട്.
2018 തുടങ്ങിയത് എല്‍നിനോയുടെ എതിര്‍പ്രതിഭാസമായ ലാ നിനയോടെയായിരുന്നു. അതിവര്‍ഷത്തിന് ഇടയാക്കുന്നതാണ് ലാ നിന. പക്ഷേ, ആഗോളതാപനത്തെ തുടര്‍ന്നുള്ള ചൂടിനെ ലാ നിനക്ക് തണുപ്പിക്കാനാകാത്തതാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചതെന്നും ചില രാജ്യങ്ങളില്‍ ഈ വര്‍ഷം റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയെന്നും ഡബ്ല്യു.എം.ഒ സെക്രട്ടറി ജനറല്‍ പെട്ടേരി താലാസ് ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
ഏപ്രില്‍ മുതല്‍ ജൂലൈ വരെ ആഗോളതലത്തില്‍ എല്‍നിനോയുടെ അളവുകോലായ നിനോ ഇന്‍ഡക്‌സ് ന്യൂട്രലിലായിരുന്നു. ഇതാണ് കേരളത്തില്‍ കഴിഞ്ഞ വേനലിലും കാലവര്‍ഷത്തെ പോലെ ശക്തമായ മഴക്ക് സാഹചര്യം ഒരുക്കിയത്. വടക്കന്‍യൂറോപ്പില്‍ കൊടുംചൂടും, കേരളത്തിലും ജപ്പാനിലും പ്രളയവും ഉണ്ടായത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും താലാസ് പറഞ്ഞു.
എന്നാല്‍, ഇത്തവണത്തെ എല്‍നിനോ 2015- 2016ല്‍ അനുഭവപ്പെട്ടപോലെ ശക്തമാകില്ലെന്ന ഡബ്ല്യു.എം.ഒയുടെ നിരീക്ഷണമാണ് കേരളത്തിന് ആശ്വാസമാകുന്നത്. ലോകത്തെ പ്രധാന വെതര്‍മോഡലുകളെ(കാലാവസ്ഥാ പ്രവചന മാതൃക) അടിസ്ഥാനപ്പെടുത്തിയും ഉപഗ്രഹം ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാണ് ഡബ്ലു.എം.ഒയുടെ നിരീക്ഷണം. ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളില്‍ പ്രകൃതിദുരന്തത്തെ കുറിച്ച് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഡബ്ലു.എം.ഒ.
അതിനിടെ, അടുത്തയാഴ്ച മുതല്‍ കേരളത്തില്‍ തുലാവര്‍ഷത്തിന് സമാനമായ രീതിയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വിദേശ കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍, മധ്യ കേരളത്തിലാണ് ആദ്യം മഴലഭിക്കുക. പകല്‍ കടുത്ത ചൂടും വൈകിട്ട് ഇടിയോടുകൂടെയുള്ള മഴക്കുമാണ് സാധ്യത.
ഒക്ടോബര്‍ ആദ്യവാരം വടക്കന്‍ കേരളത്തിലും മഴ ലഭിച്ചുതുടങ്ങും. എല്‍നിനോ ഭീഷണി ഒഴിഞ്ഞാല്‍ വടക്കുകിഴക്കന്‍ കാലവര്‍ഷം എന്നറിയപ്പെടുന്ന തുലാവര്‍ഷം ഇത്തവണ സാധാരണ തോതില്‍ ലഭിക്കാനാണ് സാധ്യത. 50 സെ.മി വരെ മഴ ലഭിച്ചേക്കും.
തമിഴ്‌നാട്ടിലും തെക്കന്‍ കര്‍ണാടകയിലും ഇന്നലെ തുടങ്ങിയ മഴ 12 വരെ തുടരും. കൃഷ്ണഗിരി (8.6), ദിണ്ഡുഗല്‍ (4.7), നാമക്കല്‍ (3.4), ധര്‍മപുരി (3.3), മധുരൈ , നീലഗിരി (3), വെല്ലൂര്‍,കരൂര്‍ (2.6), സേലം (2.5) സെ.മി മഴ ലഭിച്ചു. എന്നാല്‍, കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി വരണ്ടകാലാവസ്ഥയും ശക്തിയേറിയ വെയിലും തുടരാനാണ് സാധ്യത.

എല്‍നിനോ എന്തുകൊണ്ട് എങ്ങനെ

ലോകത്തിലെ ഏറ്റവും ആഴവും വലുപ്പവും കൂടിയ സമുദ്രമായ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എല്‍നിനോക്ക് കാരണമാകുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുകയും മഴക്ക് കാരണമാകുന്ന വാണിജ്യ വാതങ്ങളെ തടയുന്നതും മൂലം വരള്‍ച്ചയാണ് ഫലം. എല്‍നിനോ ശക്തമായ 2009ല്‍ ഇന്ത്യ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചക്ക് ഇരയായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.