2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വേനലായി; കണിവെള്ളരിക്കാലവും

സ്വര്‍ണനിറത്തില്‍ വിളഞ്ഞുപാകമായി നില്‍ക്കുന്ന കണിവെള്ളരികളുടെ കാഴ്ച മലയാളിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ്. മറ്റുസമയങ്ങളില്‍ വിളവിറക്കാറുണ്ടെങ്കിലും വിഷുക്കാലം ലക്ഷ്യമിട്ടാണ് നമ്മുടെ നാട്ടില്‍ വ്യാപകമായി വെള്ളരി കൃഷി ചെയ്യുന്നത്. കണിവെള്ളരിയാണ് വേനല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന ഇനം. ഇളം കായക്ക് പച്ചനിറവും പഴുക്കുമ്പോള്‍ ഓറഞ്ചു കലര്‍ന്ന മഞ്ഞനിറവുമാകും ഇതിന്. ധാരാളം കായ്കള്‍ ഉണ്ടാകും. കേടാകാതെ ഏറെനാള്‍ സൂക്ഷിക്കാം എന്നതും പ്രത്യേകതയാണ്. പോഷകത്തിന്റെ കാര്യത്തിലും ഏറെ മുന്‍പിലാണ് ഈ സ്വര്‍ണനിറക്കാരന്‍. കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍, മണല്‍ കലര്‍ന്ന മണ്ണുള്ള പുഴയോരങ്ങള്‍ എന്നിവിടങ്ങളിലാണ് കണിവെള്ളരി വ്യാപകമായി കൃഷി ചെയ്യുന്നത്.

 

നിലമൊരുക്കല്‍

നിലം നന്നായി ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തുക. സെന്റിന് രണ്ടു കി.ഗ്രാം കുമ്മായം മണ്ണൊരുക്കിയ ഉടന്‍ ചേര്‍ക്കണം. 2 ഃ 1.5 മീറ്റര്‍ അകലം വരത്തക്കവിധം 60 സെ.മീ. വ്യാസവും 45 സെ.മീ ആഴവുമുള്ള കുഴിയെടുക്കുക. (ഒരു സെന്റില്‍ 13 കുഴിയെടുക്കാം). ഇതില്‍ ഉണക്കിപ്പൊടിച്ച കാലിവളം ചേര്‍ത്ത് മണ്ണുമായി ഇളക്കുക. ചാണകം ചേര്‍ക്കുമ്പോള്‍ ‘ട്രൈക്കോഡര്‍മ’ എന്ന കുമിള്‍നാശിനി കൂടി ചേര്‍ക്കാം. ഒരു തടത്തില്‍ 4,5 വിത്തുകള്‍ നടാം. 3, 4 ഇല പ്രായത്തില്‍ മൂന്നെണ്ണം നിര്‍ത്തിയാല്‍ മതി. വിത്ത് നടുംമുന്‍പെ ‘സ്യൂഡോ മോണസ്’ (10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍) ലായനിയില്‍ 15 മിനിറ്റ് കുതിര്‍ത്തുവച്ചശേഷം നടുക.
ചാണകം കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത് പുളിപ്പിച്ച ലായനി തുടര്‍ന്നുള്ള വിവിധ വളര്‍ച്ചാഘട്ടത്തില്‍ ഉപയോഗിക്കാം. രാസവളം ആവശ്യമെങ്കില്‍ മാത്രം. സെന്റിന് 500 ഗ്രാം മഷൂറിഫോസ്, 300 ഗ്രാം യൂറിയ, 160 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ ചേര്‍ക്കുക. മീനും വെല്ലവും (സമം തൂക്കത്തില്‍) ചേര്‍ത്ത് 15 ദിവസം സൂക്ഷിച്ച് പിന്നീട് അരിച്ചെടുത്ത ലായനി നല്ല വളര്‍ച്ചാ സഹായിയാണ്. വളങ്ങള്‍ അടിവളത്തിനുശേഷം വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചേര്‍ക്കുക.

 

ജലസേചനം:

വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ മൂന്ന് -നാല് ദിവസത്തിലൊരിക്കല്‍ നനച്ച് കൊടുക്കണം. പൂവിടുകയും കായിടുകയും ചെയ്യുന്ന സമയത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നനക്കുക.വിളവെടുപ്പും സംസ്‌കരണവുംകായ്കള്‍ മഞ്ഞനിറമാകുമ്പോഴാണ് വിളവെടുപ്പ് നടത്തേണ്ടത്.

 

കീടങ്ങളെ അകറ്റാം

രോഗം തടയാന്‍ വളത്തിലും വിത്തിലുമുള്ള പ്രതിരോധം ഒരുപരിധിവരെ സഹായിക്കും. തുടര്‍ന്ന് ഇലപ്പൊട്ട്, തണ്ടുചീയല്‍ എന്നിവ കാണുന്നുവെങ്കില്‍ സ്യൂഡോമോണസ് 10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക.കീടങ്ങളായ ഇലതീനി വണ്ട്, പുഴുക്കള്‍, കായതുരപ്പന്‍ തുടങ്ങിയവയെ തടയാന്‍ ജൈവകീടനാശിനികളായ പുകയില കഷായം, സോപ്പ് മണ്ണെണ്ണ ലായനി, വേപ്പെണ്ണസോപ്പ് ലായനി നിംബിസിഡിന്‍ എന്നിവ തളിക്കാം. ഇല പ്രാണിക്ക് ‘ബിഗ്‌ബോസ്’ ഫലപ്രദമാണ്. ഉമിച്ചാരം വൈകുന്നേരങ്ങളില്‍ വിതറുന്നത് വെള്ളരി കൃഷിയില്‍ തിരിച്ചുകൊണ്ടുവരേണ്ട, വിസ്മൃതമായിപ്പോയ കൃഷിരീതിയാണ്. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉല്‍പാദന വര്‍ധനയ്ക്ക് സഹായിക്കും.

പ്രധാന വെള്ളരിയിനങ്ങള്‍

സൗഭാഗ്യ
പച്ചനിറത്തില്‍ വരിയായിമഞ്ഞ വരകളുള്ള ഇളം കായ്കള്‍ പഴുക്കുമ്പോള്‍ ഇവയ്ക്ക് ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമാകുന്നു.

മൂടിക്കോട് ലോക്കല്‍
കായ്കള്‍ക്ക് മൂപ്പെത്തുന്നതിനു മുന്‍പ് പച്ചനിറവും പഴുക്കുമ്പോള്‍ ഓറഞ്ച് കലര്‍ന്ന മഞ്ഞനിറവും ആയിരിക്കും. കായ്കള്‍ക്ക് മധ്യകേരളത്തില്‍ ഏറെ പ്രിയമുണ്ട്.

അരുണിമ
മൂപ്പെത്തുന്നതിന് മുന്‍പ് പച്ചയില്‍ വെളുത്തപൊട്ടുകളുള്ള കായ്കള്‍ മൂപ്പെത്തുമ്പോള്‍ ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമാകുന്നു.

ശീതള്‍
നീളം കൂടിയ കായ്കള്‍, അത്യുല്‍പാദനശേഷി. പീലിക്കോട് നിന്ന് പുറത്തിറക്കിയ ഈ ഇനം വളരെ കുറഞ്ഞ കാലയളവില്‍ ( 65 ദിവസം) വിളവ് തരുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 500-750 ഗ്രാം വിത്ത് വേണ്ടിവരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.