2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

വേദിയില്‍ മാതാവ് രാജമാതയുടെ ഫോട്ടോയില്ല

ബി.ജെ.പി യോഗത്തില്‍ നിന്ന് മകള്‍ യശോധര ഇറങ്ങിപ്പോയി

ഭോപ്പാല്‍: ബി.ജെ.പിയുടെ മുന്‍കാല നേതാക്കളുടെ ഫോട്ടോയില്‍ മാതാവിന്റെ ഫോട്ടോ ഇല്ലെന്ന് കണ്ടതോടെ മധ്യപ്രദേശ് സ്‌പോര്‍ട്‌സ്-യുവജന കാര്യമന്ത്രി യശോധരാ രാജെ സിന്ധ്യ ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വേദിയിലിരിക്കേയാണ് അവര്‍ പ്രതിഷേധിച്ച് വേദി വിട്ടത്.
വേദിയില്‍ വച്ച മുതിര്‍ന്ന നേതാക്കളുടെ ചിത്രങ്ങളില്‍ മാതാവ് രാജമാത വിജയ രാജെ സിന്ധ്യയുടെ ഫോട്ടോ ഒഴിവാക്കിയതാണ് യശോധരയെ ചൊടിപ്പിച്ചത്. ദീന്‍ദയാല്‍ ഉപധ്യായ, ശ്യാമ പ്രസാദ് മുഖര്‍ജി, എ.ബി വാജ്‌പേയ്, കുശഭാവു താക്കറെ തുടങ്ങിയവരുടെ ഫോട്ടോകള്‍ വേദിയില്‍ വച്ചിരുന്നു. ഇവര്‍ക്കൊപ്പം വിജയരാജെ സിന്ധ്യയുടെ ചിത്രം വച്ചിരുന്നില്ല. പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ച നേതാവായിരുന്നു വിജയരാജെ. എന്നിട്ടും അവരെ മനഃപൂര്‍വം ഒഴിവാക്കുകയാണുണ്ടായതെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു വിജയരാജെ സിന്ധ്യ. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി ജീവിച്ചു. എന്നിട്ടും മുന്‍കാല നേതാക്കളുടെ ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കുകയാണെന്ന് യശോധര ആരോപിച്ചു.
അതേസമയം തെറ്റുപറ്റിയത് തിരിച്ചറിഞ്ഞ് വിജയരാജെയുടെ ചിത്രം സ്ഥാപിച്ചെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ യശോധര തയാറാകാത്ത സാഹചര്യമാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തിന്റെ ഭാഗമായി ഈ മാസം 25ന് ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും പങ്കെടുക്കുന്ന പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം വിളിച്ചത്.
യശോധര സിന്ധ്യക്ക് പുറമെ മധ്യപ്രദേശ് മുന്‍ ബി.ജെ.പി അധ്യക്ഷന്‍ നന്ദകുമാര്‍ ചൗഹാന് വേദിയില്‍ ഇരിപ്പിടം നല്‍കാന്‍ സംഘാടകര്‍ തയാറാകാത്തതും അദ്ദേഹത്തിന്റെ അനുകൂലികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.