2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വേണം..കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍ മെമു സര്‍വിസ്

ശ്രുതി സുബ്രഹ്മണ്യന്‍

കോഴിക്കോട്: ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി ട്രെയിന്‍ ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ ഈ പാതയില്‍ മെമു സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈദ്യുതീകരണം പൂര്‍ത്തിയായാലുടന്‍ ഈ പാതയിലൂടെ മെമു സര്‍വീസ് ആരംഭിക്കാമെന്ന് റെയില്‍വേ ഉറപ്പ് നല്‍കിയിരുന്നു.
കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെ ഗുഡ്‌സ് ട്രെയിന്‍ ചെറുവത്തൂര്‍ വരെ ഓടാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കണ്ണൂര്‍ ജനശദാബ്ദിയും വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ച് യാത്ര ആരംഭിച്ചിരുന്നു. ഷൊര്‍ണൂര്‍ സബ്‌സ്‌റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഗുഡ്‌സ് ട്രെയിനും ജനശദാബ്ദിയും സര്‍വിസ് നടത്തുന്നത്. ഇതേ വൈദ്യുതി ഉപയോഗിച്ച് മെമു സര്‍വിസ് ആരംഭിക്കാമെന്നാണ് വിധഗ്ധര്‍ പറയുന്നത്.
കണ്ണൂരിലെ മെമു മെയ്ന്റനന്‍സ് ഷെഡ് ആരംഭിക്കുന്നത് വരെ പാലക്കാട് ഷെഡ് ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്. ഷൊര്‍ണൂരില്‍ നിന്നും കണ്ണൂര്‍ വരെ മെമു സര്‍വിസ് ആരംഭിക്കുന്നത് യാതൊരു സാങ്കേതിക പ്രശ്‌നങ്ങളുമില്ലെന്നും തൃശൂരിലെ ട്രാന്‍്‌ഫോമറിന്റെ പണി മാത്രമാണ് പൂര്‍ത്തിയാകാനുള്ളതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മെമു സര്‍വിസ് ഹ്രസ്വദൂര യാത്രക്കാര്‍ക്കാണ് കൂടുതല്‍ ഗുണകരമാകുക. നിലവില്‍ മലബാറിലെ യാത്രക്കാര്‍ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടെങ്കിലും ആനുപാതികമായ ട്രെയിന്‍ സര്‍വിസ് മലബാറിലില്ല. ആവശ്യത്തിന് ദീര്‍ഘദൂര ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ പ്രയാസത്തിലാകുന്നതും ഹ്രസ്വദൂര യാത്രക്കാരാണ്. മെമു സര്‍വീസ് ആരംഭിക്കുക എന്ന ആവശ്യവുമായി ഓള്‍ കേരള റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര റെയില്‍വകുപ്പ്് മന്ത്രിക്കും മറ്റ് അധികൃതര്‍ക്കും നിവേദനം സമര്‍പ്പിച്ചതായും ഇതിനായി ഇനിയും സമ്മര്‍ദം ചെലുത്തുമെന്നും ഓള്‍ കേരള റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി സുപ്രഭാതത്തോടു പറഞ്ഞു. ആവശ്യത്തിന് കോച്ചുകളില്ലാത്തതിനാലാണ് മെമു സര്‍വിസ് ആരംഭിക്കാതിരിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.