2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ യുദ്ധപ്രഖ്യാപനമെന്ന് ഹമാസ്

 

ഗസ സിറ്റി: വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനത്തിനെതിരേ ഫലസ്തീന്‍ ചെറുത്തുനില്‍പു സംഘടനയായ ഹമാസ്. വെസ്റ്റ് ബാങ്ക് ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം യുദ്ധപ്രഖ്യാപനമായി കാണുമെന്നും പുതിയ സംഘര്‍ഷത്തിന് ഇത് ഇടവരുത്തുമെന്നും ഹമാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കും ജോര്‍ദാന്‍ വാലിയും കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം ഞങ്ങളുടെ ജനതയോടുള്ള യുദ്ധപ്രഖ്യാപനമായി കാണുമെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാനപദ്ധതിക്കെതിരേ ഹമാസിന്റെ കീഴിലുള്ള ഗസ മുനമ്പില്‍ ദിനേനയെന്നോണം പ്രതിഷേധം നടന്നുവരുകയാണ്. പശ്ചിമേഷ്യന്‍ സമാധാനപദ്ധതി പ്രകാരമാണ് വെസ്റ്റ്ബാങ്ക് ജൂലൈ ഒന്നുമുതല്‍ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിക്കെതിരേ ഇസ്‌റാഈലിനകത്തു നിന്നുതന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ചരിത്രപരമായ തെറ്റാണെന്ന് മുന്‍ ഇസ്‌റാഈല്‍ വിദേശകാര്യമന്ത്രി സിപി ലിവ്‌നി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
കൂട്ടിച്ചേര്‍ക്കല്‍ ഗസ മുനമ്പിന് ആഘാതമേല്‍പിക്കുമെന്നതിനാല്‍ ഹമാസ് ഇതിനെതിരേ പ്രതികരിക്കുമെന്ന് ഉറപ്പാണെന്ന് ഫലസ്തീന്‍ വിശകലന വിദഗ്ധന്‍ അദ്‌നാന്‍ അബൂ അമീര്‍ പറഞ്ഞു. 2007 മുതല്‍ ഇസ്‌റാഈലിനെതിരേ ഹമാസ് മൂന്ന് യുദ്ധം നടത്തിയിട്ടുണ്ട്.
ഹമാസ് മറ്റു ചെറുത്തുനില്‍പു സംഘങ്ങളുമായി യോജിച്ച് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ശത്രുവിന്റെ പദ്ധതി നേരിടാന്‍ ജൂലൈ ഒന്ന് രോഷദിനമായി പ്രഖ്യാപിച്ച് പൂര്‍ണമായ ചെറുത്തുനില്‍പും സായുധപോരാട്ടവും നടത്തേണ്ടത് അനിവാര്യമാണെന്ന് ഹമാസ് രാഷ്ട്രീയ വിഭാഗം ഉപമേധാവി ഖലീലുല്‍ ഹയ്യ പറഞ്ഞു. 1948ല്‍ ഇസ്‌റാഈല്‍ സ്ഥാപിതമായതോടെ പുറത്താക്കപ്പെട്ട ഫലസ്തീനികളെ തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗസ അതിര്‍ത്തിയില്‍ 2018 മാര്‍ച്ച് മുതല്‍ ഫലസ്തീനികള്‍ ആഴ്ചകള്‍തോറും പ്രതിഷേധം നടത്താറുണ്ട്. ഗസയ്ക്കുമേല്‍ 10 വര്‍ഷംമുമ്പ് ഏര്‍പ്പെടുത്തിയ ഉപരോധം എടുത്തുമാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതേസമയം ഹമാസ് ഗസയിലെ പോലെ വെസ്റ്റ് ബാങ്കിലും ചെറുത്തുനില്‍പ് സംഘടിപ്പിക്കുമോ എന്നു ഭയന്ന് ദിനേനയെന്നോണം ഹമാസ് പ്രവര്‍ത്തകരെ ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഒരു മാസത്തിനു ശേഷം ഇസ്‌റാഈലിലേക്ക് റോക്കറ്റ് ആക്രമണം നടന്നതിനെ തുടര്‍ന്ന് ഗസയിലെ ഹമാസ് ശക്തികേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.