2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വെള്ള കാടകളും ഇനി കര്‍ഷകരുടെ കൈകളിലേക്ക്

കൊല്ലം: ആയിരം കോഴിക്ക് അരകാട എന്ന ചൊല്ലില്‍ നിന്ന് കാടമുട്ടയുടെയും കാടക്കോഴിയുടെയും ഔഷധമേന്‍മ തിരിച്ചറിയാം. ലോകത്താദ്യമായി കൊല്ലത്ത് വികസിപ്പിച്ചെടുത്ത വെള്ള കാടക്കോഴികള്‍ ഇനി കര്‍ഷകരുടെ കൈകളിലേക്കെത്തുകയാണ്.
23 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി കൊല്ലത്തെ വെളുന്തറ ഹാച്ചറീസ് ഉടമ അന്തരിച്ച ഡോ. എന്‍. ശശിധരന്‍ വികസിപ്പിച്ചെടുത്ത വെള്ള കാടക്കോഴികളെയാണ് അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കര്‍ഷകരിലേക്ക് എത്തിക്കുന്നത്. ജനിതക വ്യതിയാനത്താല്‍ ആല്‍ബനിസം ബാധിച്ച് വെളുപ്പുനിറമായി മാറിയ ജപ്പാന്‍ കാടകളില്‍ നിന്ന് സെലക്ടീവ് ബ്രീഡിങ് വഴിയാണ് ഡോക്ടര്‍ ഇവയെ വികസിപ്പിച്ചത്.
27 വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ 300 ഓളം തലമുറകള്‍ പിന്നിട്ട ‘വെളുന്തറ ഡൊമസ്റ്റിക് ക്വയില്‍’ എന്നറിയപ്പെടുന്ന ഈ കാടകോഴികള്‍ക്ക് തൂവെള്ള നിറവും ചുവന്ന കണ്ണുകളുമാണ്. 45 ദിവസം കൊണ്ട് പ്രായപൂര്‍ത്തിയാവുന്ന ഇവ പ്രതിവര്‍ഷം 315 മുട്ടകള്‍ വരെ ഇടും. 2017 ഇന്ത്യാ ഗവണ്‍മെന്റ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നേടിയ ഈ കാടയുടെ മുട്ടകള്‍ 17 ദിവസത്തിനുള്ളില്‍ വിരിയും. ഒരു മുട്ടക്കോഴിയെ വളര്‍ത്താന്‍ ആവശ്യമായിടത്ത് എട്ട് കാടകോഴികളെയാണ് വളര്‍ത്താന്‍ സാധിക്കുക. ഇവയെ ലൗ ബേഡ്‌സിനെ പോലെ കൂടുകളിലും വളര്‍ത്താം. മറ്റ് കാടകളെ അപേക്ഷിച്ച് വളരെ കുറച്ച് തീറ്റ മാത്രമേ ഇവ കഴിക്കാറുള്ളൂ. മുട്ടയ്‌ക്കൊപ്പം ഇവയുടെ മാംസവും ഭക്ഷണയോഗ്യമാണ്. അലങ്കാര പക്ഷിയായും വ്യാവസായിക രീതിയിലും ഒരേസമയം ഇവയെ വളര്‍ത്താനാകുമെന്ന് വെളുന്തറ ഹാച്ചറീസ് മാനേജിങ് ഡയറക്ടറും ഡോ. ശശിധരന്റെ പത്‌നിയുമായ വസന്തകുമാരി പറഞ്ഞു.
2014ല്‍ നാഗ്പൂരില്‍ നടന്ന കൃഷി വസന്ത് ദേശീയ സെമിനാറില്‍ ഇവയെ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ ഡോ. ശശിധരന്‍ പരിചയപ്പെടുത്തിയിരുന്നു. കാര്‍ഷിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വികാസ് രത്‌ന അവാര്‍ഡ് ഡോ. ശശിധരന് ലഭിച്ചിരുന്നു. ഇവയ്ക്ക് പുറമേ വിവിധ നാടന്‍ ഇനങ്ങളെയും വിദേശ ഇനങ്ങളെയും കൂട്ടിച്ചേര്‍ത്ത് കൈരളി മുട്ട കോഴികളെയും ഡോക്ടര്‍ വികസിപ്പിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.