2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

വെള്ളിമാട്കുന്ന് സര്‍ക്കാര്‍ പ്രസ്: ജീവനക്കാര്‍ വേണം; അച്ചടി നിലക്കാതിരിക്കാന്‍

സലീം മൂഴിക്കല്‍

 

ചേവായൂര്‍: ആവശ്യത്തിനു ജീവനക്കാരില്ലാതെ വെള്ളിമാട്കുന്ന് സര്‍ക്കാര്‍ പ്രസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ബൈന്റിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവാണ് പ്രസിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നത്. 30ഓളം ബൈന്റിങ് ജീവനക്കാര്‍ ആവശ്യമുള്ള ഈ വിഭാഗത്തില്‍ മൂന്നുപേര്‍ മാത്രമാണിപ്പോള്‍ ജോലിക്കുള്ളത്. പ്രസിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതോടെ സര്‍ക്കാര്‍ മേഖലയിലെ നിരവധി അച്ചടികളാണു പ്രതിസന്ധിയിലായത്.
കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ കേസ്ഷീറ്റിന്റെ അച്ചടി ഇവിടെയായിരുന്നു നടന്നിരുന്നത്. ഇവിടുത്തെ ജീവനക്കാരുടെ കുറവുകാരണം ഇപ്പോള്‍ കേസ്ഷീറ്റിന്റെ അച്ചടി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു രണ്ട് മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റവന്യു വിഭാഗത്തിനാവശ്യമായ നികുതി രശീതിയുടെയും പൊലിസിനാവശ്യമായ റസീപ്റ്റ് ബുക്കിന്റെയും അച്ചടി പ്രതിസന്ധിയിലാണ്. 2012ല്‍ പ്രിന്റിങ് ഓര്‍ഡര്‍ നല്‍കിയ പ്രവൃത്തികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കാവശ്യമായ ടെക്സ്റ്റ് ബുക്കുകള്‍, പരീക്ഷക്കാവശ്യമായ ചോദ്യപേപ്പറുകള്‍ എന്നിവ നേരത്തെ ഇവിടെയായിരുന്നു അച്ചടിച്ചിരുന്നത്. ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
കേരളത്തിലാകെ 11 സര്‍ക്കാര്‍ പ്രസുകളാണ് നിലവിലുള്ളത്. 2002ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണു വെള്ളിമാട്കുന്നില്‍ പ്രസ് അനുവദിച്ചത്. അന്നു ബൈന്റിങ് വിഭാഗത്തില്‍ 30ഓളം പേരായിരുന്നു ജോലി ചെയ്തിരുന്നത്. കേരളത്തിലെ സര്‍ക്കാര്‍ പ്രസുകളെക്കുറിച്ച് പഠിക്കാന്‍ ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഡോ. അനയത്ത് രാജേന്ദ്രന്‍ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, ഷൊര്‍ണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രസുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം വെള്ളിമാട്കുന്നിലെ പ്രസുകൂടി പൂട്ടാനുള്ള രഹസ്യതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു വെള്ളിമാട്കുന്ന് പ്രസിനെ അവഗണിക്കുന്നതെന്നാണ് സൂചന.
പോസ്റ്റ് ഷിഫ്റ്റിങ്ങിലൂടെയോ അതര്‍ ഡ്യൂട്ടി മുഖേനയോ രണ്ടു ഓഫ്‌സെറ്റ് ഓപറേറ്റര്‍മാരെയും 10 ബൈന്റര്‍മാരെയും നിയമിക്കണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ വകുപ്പായ അച്ചടിവിഭാഗം അവഗണിക്കുകയാണ്. വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ പ്രസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണു തൊഴിലാളികള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.