2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

വെള്ളാട്ടി മസ്അല ഇനി മലയാള സാഹിത്യത്തിലേക്ക്

ശംസുദ്ധീന്‍ഫൈസി

 

മലപ്പുറം: അറബിമലയാളത്തിലെ പുരാതന ഗദ്യകൃതി ഇനി മലയാള സാഹിത്യത്തിലേക്ക്. മൂന്നര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അറബിമലയാളത്തില്‍ രചിക്കപ്പെട്ട വെള്ളാട്ടിമസ്അല എന്ന ഗദ്യകൃതിയാണ് കേരളത്തിലെ ചരിത്ര ഭാഷാ സാഹിത്യ ഗവേഷണങ്ങള്‍ക്ക് ഏറെ സഹായകരമാവും വിധം അറബിമലയാള സാഹിത്യഗവേഷകനും മലപ്പുറം ഗവ. കോളജ് ഇസ്‌ലാമിക ചരിത്ര വിഭാഗം അധ്യാപകനുമായ ഡോ. പി. സക്കീര്‍ ഹുസൈന്‍ കണ്ടെത്തി മലയാളത്തിലേക്ക് മൊഴിമാറ്റി പഠനം തയാറാക്കിയിരിക്കുന്നത്. മുഹിയിദ്ധീന്‍ മാലയുടെ രചയിതാവായ ഖാസി മുഹമ്മദിന്റെ പുത്രനും കോഴിക്കോട്ടെ ഖാസിയുമായിരുന്ന ഖാസി മുഹിയുദ്ധീന്‍ രചിച്ചതാണ് വെള്ളാട്ടിമസ്അല.
മലബാറിലെ ഡച്ച് അധിനിവേശ കാലത്താണ് ഗ്രന്ഥം രചിക്കപ്പെട്ടത്. 16ാം നൂറ്റാണ്ട് മുതല്‍ അറബിത്തമിഴില്‍ പ്രചരിച്ച മസ്അല സാഹിത്യങ്ങളുടെ തുടര്‍ച്ചയില്‍ അറബിമലയാളത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പഴക്കംചെന്ന ഗദ്യകൃതിയാണ് ഇത്. അറബിക്കഥയുടെ മനോഹരമായ മാസ്മരിക ഭാവനയില്‍ മത-മതേതര അറിവുകള്‍ പഠിപ്പിക്കുന്നതാണിതിന്റെ ഉള്ളടക്കം.
1772ല്‍ ക്ലെമന്റ് പിയാനിയസ് പാതിരി മലബാറിലെ ക്രിസ്തുമത പ്രചാരണത്തിന്റെ പശ്ചാതലത്തില്‍ തനിമലയാളത്തില്‍ രചിച്ച പ്രഥമ ഗദ്യഗ്രന്ഥമാണ് സംക്ഷേപവേദാര്‍ഥം. റോമില്‍നിന്നാണ് സംക്ഷേപവേദാര്‍ഥം അച്ചടിച്ച് പുറത്തിറക്കിയത്.
ഈ ഗ്രന്ഥം രചിക്കുന്നതിന്റെ ഏതാണ്ട് 120 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വെള്ളാട്ടിമസ്അല രചിക്കപ്പെടുന്നത്. പദഘടന, ഭാഷ, അവതരണം എന്നിവയില്‍ സംക്ഷേപവേദാര്‍ഥത്തെക്കാള്‍ ലാളിത്യവും ആധുനിക ഗദ്യസാദൃശ്യവും വെള്ളാട്ടി മസ്അല പുലര്‍ത്തുന്നു. ഇസ്‌ലാമിന്റെ കര്‍മശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ പാഠങ്ങളെ ലളിതമാക്കി അവതരിപ്പിച്ചതിനു മികച്ച മാതൃകകൂടിയാണ് ഈ കൃതി.
മൂലഗ്രന്ഥത്തിന്റെ രചയിതാവായ ഖാസി മുഹിയുദ്ധീന്‍ ഒരു പ്രദേശത്തിന്റെ സാമൂഹിക -രാഷ്ട്രീയ അധികാരങ്ങള്‍ വഹിച്ചിരുന്ന ഖാസി എന്ന നിലയില്‍ ഭാവനാപൂര്‍ണമായ ഇതിവൃത്തം തെരഞ്ഞെടുത്തതിലൂടെ ഒരു പരിഷ്‌കര്‍ത്താവിന്റെ നവോഥാന ദൗത്യമാണ് അദ്ദേഹം നിറവേറ്റിയതെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.
മലയാളഗദ്യം വികസിച്ചിട്ടില്ലാത്ത പതിനേഴാം നൂറ്റാണ്ടില്‍ മലയാള ഗദ്യത്തെ വികസ്വരമാക്കുന്നതില്‍ അറബിമലയാള ലിബി ഉപയോഗിച്ച് മാപ്പിളമാര്‍ നടത്തിയ ഭാഷാ ഇടപെടലായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. പുസ്തകം 14ന് പാണക്കാട് ഹാദിയ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.