2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

വെള്ളമിറങ്ങി………. മഞ്ഞപ്പിത്ത ഭീഷണി നേരിടാന്‍ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കനത്ത പ്രളയം കുടിവെള്ള സ്രോതസുകളെയുള്‍പ്പെടെ മലിനമാക്കിയതോടെ മഞ്ഞപ്പിത്തവും പടരുന്നു. വെള്ളക്കെട്ടുണ്ടായ ചില സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതോടെ കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തുവന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് കഴിഞ്ഞദിവസം ഭൂരിപക്ഷം പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. സന്നദ്ധപ്രവര്‍ത്തകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും കൂട്ടായ്മയില്‍ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി ദുരിതബാധിത പ്രദേശങ്ങളില്‍ നടന്നുവരികയാണ്്. മിക്ക വീടുകളുടെയും കിണര്‍ ഉള്‍പ്പെടെയുള്ളവ മലിനമായിട്ടുണ്ട്. 

പ്രളയം മൂലം കുടിവെള്ളം മലിനമാകാന്‍ സാധ്യതയുള്ളതിനാലും ജില്ലയില്‍ മഞ്ഞപ്പിത്ത രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
അതേസമയം മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പ് ചില നി ര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

 

ഭയം വേണ്ട, ജാഗ്രത വേണം

വൈറസ് വിഭാഗത്തില്‍പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണു മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിനു മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.
രോഗാണു കലര്‍ന്ന മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗിയുടെ മലത്തിലൂടെയാണ് പ്രധാനമായും മണ്ണിനെയും ജലത്തെയും മലിനപ്പെടുത്തുന്നത്.

ക്യാംപുകളില്‍ സജീവമായി ആയുര്‍വേദ വകുപ്പ്
കോഴിക്കോട്: ദുരിതാശ്വാസ ക്യാംപുകളില്‍ ആയുര്‍വേദ വകുപ്പ് സജീവമായി രംഗത്തുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും വകുപ്പിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നാഷനല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആശുപത്രി, ഔഷധ നിര്‍മാതാക്കളുടെ സംഘടനകള്‍, കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവയുടെ സഹകരണത്തോടെ ദിവസവും മെഡിക്കല്‍ സംഘം പരിശോധന നടത്തുണ്ട്. 12 ബ്ലോക്കുകളിലെയും ദ്രുതകര്‍മസേനാ കണ്‍വീനര്‍മാരുടെ നേതൃത്വത്തിലാണ് ഏകോപനം നടത്തുന്നത്.
പനി, വയറു സംബന്ധമായ അസുഖങ്ങള്‍, വളംകടി, തലവേദന തുടങ്ങിയവയാണ് ക്യാംപിലുള്ളവര്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍. ക്യാംപുകളില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.ആര്‍ സലജകുമാരി അറിയിച്ചു.

എടുക്കാം മുന്‍കരുതല്‍

വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകകള്‍ ആഹാരത്തിനു മുന്‍പും ടോയ്‌ലറ്റില്‍ പോയതിനു ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക.
* കുടിവെള്ള സ്രോതസുകള്‍ ബ്ലിച്ചിങ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക. 20 മിനുട്ടെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. വ്യക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
* തണുത്തതും പഴകിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. രോഗബാധിതര്‍ ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക.
* ഭക്ഷണപദാര്‍ഥങ്ങള്‍ നന്നായി പാചകം ചെയ്യുകയും അടച്ചു സൂക്ഷിക്കുകയും ചെയ്യുക.
* പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ശുദ്ധജലത്തില്‍ പലപ്രാവശ്യം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
* ഐസ്‌ക്രീം, സിപ്പപ്പ്, സംഭാരം, സര്‍ബത്ത്, ജൂസ് തുടങ്ങിയവ ശുദ്ധജലം ഉപയോഗിച്ച് തയാറാക്കിയതാണെന്നും ഉറപ്പുവരുത്തിയ ശേഷവും ഉപയോഗിക്കുക.
* ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ശാസ്ത്രീയമായി മാത്രം സംസ്‌കരിക്കുക. വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുക. ഈച്ചശല്യം ഒഴിവാക്കുക.
* വെള്ളപ്പൊക്കത്തിനുശേഷം പല സ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുമ്പോള്‍ അവ പുഴകളിലോ തോടുകളിലോ അരുവികളിലോ മറ്റു ആള്‍വാസമില്ലാത്ത പറമ്പുകളിലോ നിക്ഷേപിക്കരുത്.

കൈകോര്‍ത്ത് സന്നദ്ധസംഘടനകള്‍
കോഴിക്കോട്: നെഹ്‌റു യുവകേന്ദ്രയുടെ കീഴിലുള്ള സന്നദ്ധസംഘടനകള്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവം. പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുക, ഭക്ഷണം, വസ്ത്രം എന്നിവ സംഘടിപ്പിച്ച് വിതരണം ചെയ്യുക, മറ്റു സര്‍ക്കാരിതര സ്ഥാപനങ്ങളുമായി ചേര്‍ന്ന് സഹായം നല്‍കുക എന്നിവയാണു പ്രധാന പ്രവര്‍ത്തനങ്ങള്‍.
യുവതരംഗ് പാറപ്പുറം, ഫീനിക്‌സ് കടലുണ്ടി, സമന്വയ ക്ലബ്, വടകര എക്കോ, പി.എ.സി കോട്ടപ്പള്ളി, കാഴ്ച സാംസ്‌കാരിക വേദി, വിപഞ്ചിക വള്ളിയാട്, തുഞ്ചന്‍ സ്മാരക ഗ്രന്ഥശാല, അക്ഷയ അരകുളങ്ങര, ഗ്രാമീണ കലാവേദി, നാട്ടുകൂട്ടം കലാ സാംസ്‌കാരിക വേദി, സിന്‍സിയര്‍ കച്ചേരിമുക്ക്, ഫെയ്മസ് കരുവമ്പൊയില്‍, ഗുഡ്‌ലക്ക് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ചലഞ്ചേഴ്‌സ് ക്ലബ്, വിവേകാനന്ദ മുതുവണ്ണാച്ച തുടങ്ങിയ സംഘടനകള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളും ഈ കൂട്ടായ്മകള്‍ നല്‍കിക്കഴിഞ്ഞു.
കൂടാതെ ക്യാംപില്‍നിന്ന് തിരികെ പോകുന്നവരുടെ വീടും കിണറും പരിസരവും വൃത്തിയാക്കാനും ഇവരുടെ സഹായമുണ്ട്. പലരും ഓണം-പെരന്നാള്‍ ആഘോഷ പരിപാടികള്‍ മാറ്റിവച്ചാണ് സേവനരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News