
മാനന്തവി: കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കുളങ്ങളിലെ മത്സ്യങ്ങള്‍ ഒലിച്ചുപോയതിനാല്‍ മത്സ്യകര്ഷകന് ലക്ഷങ്ങളുടെ നഷ്ടം.
വാളാട് കുന്നേല്‍ അരുണിനാണ് നഷ്ടം സംഭവിച്ചത്. വില്പനക്ക് തയാറായ ഇദ്ദേഹത്തിന്റെ 14,000ത്തോളം മത്സ്യങ്ങളാണ് ഒലിച്ചുപോയത്.
അര കിലോ മുതല്‍ ഒരു കിലോ വരെ തൂക്കമുള്ള ആറ് ടണ്ണോളം വരുന്ന മത്സ്യങ്ങളാണ് നഷ്ടപ്പെട്ടത്. 12 ലക്ഷം രൂപയാണ് ഇതുമൂലം ഇദ്ദേഹത്തിന് നഷ്ടം വന്നത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറില്‍ നിന്നുമാണ് 16,000 മത്സ്യങ്ങളെ എത്തിച്ചത്. പിലോപ്പി, ചെമ്പല്ലി, ഗ്രാസ് കാര്‍പ്പ്, റോഹ്യ തുടങ്ങിയ ഇനം മത്സ്യങ്ങളെ മൂന്ന് കുളങ്ങളിലായാണ് വളര്‍ത്തിയത്. കനത്ത മഴയില്‍ കുളം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ വല വിരിച്ചെങ്കിലും ഫലമുണ്ടായില്ല. വലകള്‍ തകര്‍ന്ന് മീനുകള്‍ പുഴയിലേക്ക് പോവുകയാണ് ഉണ്ടായത്.
പനമരം പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് 13 ലക്ഷം രൂപ വായ്പയെടുത്താണ് മത്സ്യ കൃഷി ചെയ്തുവരുന്നത്.
എം.ബി.എ ബിരുദ ദാരിയായ അരുണ്‍ ബാഗ്ലൂരിലെ ഓട്ടോ മൊബൈല്‍ കമ്പനിയിലെ ഉയര്‍ന്ന ജോലി ഒഴിവാക്കിയാണ് നാല് വര്‍ഷമായി മത്സ്യ കൃഷിയില്‍ വ്യാപൃതനായത്. മത്സ്യങ്ങള്‍ നഷ്ടപ്പെട്ടതോടെ ബാങ്കില്‍ തിരിച്ചടവ് നടത്താന്‍ കഴിയാതെ ഇദ്ദേഹം കടക്കെണിയിലായിരിക്കുകയാണ്. ഇതിനിടെ ബാങ്ക് നോട്ടീസും അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി സഹായിച്ചില്ലെങ്കില്‍ ഭൂമിയും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അരുണ്‍.